ADVERTISEMENT

കൊല്ലം ∙ പാർട്ടിക്കു വേണ്ടി എന്തു സേവനവും ചെയ്യാൻ സദാ സന്നദ്ധനായ റെഡ് വൊളന്റിയറെപ്പോലെയായിരുന്നു കാനം രാജേന്ദ്രൻ. എഐടിയുസി നേതാവായും സിപിഐ സംസ്ഥാന സെക്രട്ടറിയായും കൊല്ലം ജില്ലയുമായി ആത്മബന്ധം പുലർത്തിയ കമ്യൂണിസ്റ്റ് നേതാവാണ് അരങ്ങൊഴിയുന്നത്.  2018 ഏപ്രിലിൽ കൊല്ലത്തു നടന്ന സിപിഐയുടെ ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ മുഖ്യ സംഘാടകനായിരുന്നു സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ കാനം സംഘാടക സമിതിയുടെ ജനറൽ കൺവീനറുമായിരുന്നു. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കാൽ ലക്ഷം റെഡ് വൊളന്റിയർമാർ അണിനിരന്ന പരേഡ് പാർട്ടിയുടെയും ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെയും ചരിത്രത്തിലെ വലിയ റെഡ് വൊളന്റിയർ പരേഡ് ആയിരുന്നു.

കാനം രാജേന്ദ്രന്റെ സംഘാടന മികവിനും നേതൃശേഷിക്കും ഉത്തമ ഉദാഹരണമായി ആ റെഡ് വൊളന്റിയർ പരേഡിനെ കൊല്ലത്തെ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പാർട്ടി കോൺഗ്രസുകളിൽ ഒന്നായി കൊല്ലത്തെ സമ്മേളനം മാറ്റിയെടുക്കാനും കാനം മുന്നിൽ നിന്നു. കല്ലടയാറിനു തീരത്ത് പുത്തൂർ താഴത്തു കുളക്കടയിൽ പാർട്ടി മുൻ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന്റെ ഓർമയ്ക്കായി സി.കെ ചന്ദ്രപ്പൻ പഠന ഗവേഷണ കേന്ദ്രം ഇന്നു 3 നിലകളിലായി തലയുയർത്തി നിൽക്കുന്നതും കാനത്തിന്റെ നേതൃശേഷിക്കു തെളിവ്. കൊല്ലത്തു നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിലാണു ചന്ദ്രപ്പൻ പാർട്ടി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്.

ആ സമ്മേളന നടത്തിപ്പിൽ മിച്ചം വന്ന തുക ഉപയോഗിച്ചാണ് താഴത്തു കുളക്കടയിൽ പാർട്ടിയുടെ പഠന ഗവേഷണ കേന്ദ്രത്തിനായി രണ്ടരയേക്കർ ഭൂമി വാങ്ങിയത്. പിന്നീട് ചന്ദ്രപ്പന്റെ വിയോഗ ശേഷം അതിനു അദ്ദേഹത്തിന്റെ പേരിടണമെന്നു നിർദേശിച്ചതും കാനം ആയിരുന്നു.  കൊല്ലത്തെ പാർട്ടിയും ട്രേഡ് യൂണിയൻ സംഘടനകളുമായി കാനം എക്കാലവും അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്ന് എഐടിയുസി സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു ഓർക്കുന്നു. കശുവണ്ടിത്തൊഴിലാളികളുടെ അവകാശങ്ങൾക്കു വേണ്ടി കശുവണ്ടിത്തൊഴിലാളി കേന്ദ്ര കൗൺസിൽ (എഐടിയുസി) നടത്തിയ എല്ലാ സമരങ്ങൾക്കും പിന്തുണയുമായി കാനം ഉണ്ടായിരുന്നതായും അദ്ദേഹം പറയുന്നു.

ജെ. ചിഞ്ചുറാണിയെ മന്ത്രിയാക്കാൻ മുന്നിട്ടു നിന്നതും കാനം ആയിരുന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ പേരിൽ കെ.ആർ.ഗൗരിയമ്മ മന്ത്രിയായതിനു ശേഷം സിപിഐയുടെ പേരിൽ വന്ന വനിതാ മന്ത്രിയായിരുന്നു ചിഞ്ചുറാണി. ഒഴിവ് റിപ്പോർട്ട് ചെയ്യാൻ നാല് സെക്കൻഡ് വൈകിയെന്ന കാരണം പറഞ്ഞു ചവറ സ്വദേശിനി നിഷ ബാലകൃഷ്ണനു സർക്കാർ ജോലി നിഷേധിച്ചപ്പോൾ വിഷയത്തിൽ ഇടപ്പെട്ടവരിൽ കാനം രാജേന്ദ്രനും ഉണ്ടായിരുന്നു. നിഷ കാനത്തെ കണ്ടു നിവേദനം നൽകി. ഉടൻ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചു സഹായിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. പാർട്ടി ദേശീയ എക്സിക്യൂട്ടീവ് അംഗം കെ. പ്രകാശ് ബാബു എല്ലാ സഹായവും ചെയ്ത് ഈ വിഷയത്തിൽ നിഷയ്ക്കൊപ്പം ഇപ്പോഴുമുണ്ട്.

നഷ്ടമായത് മികച്ച സംഘാടകനെ– മുല്ലക്കര
കൊല്ലം ∙ ഊർജസ്വലനും മികച്ച സംഘാടകനുമായ നേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് സിപിഐയുടെ മുതിർന്ന നേതാവ് മുല്ലക്കര രത്നാകരൻ. ചെറുപ്പം തൊട്ടു പാർട്ടിക്കു വേണ്ടി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് കാനം രാജേന്ദ്രൻ. പാർട്ടിയുടെ ഉന്നത തലങ്ങളിലേക്ക് ചെറുപ്പത്തിൽ തന്നെ എത്താനും അതിന് അനുസരിച്ചുള്ള പ്രവർത്തനം കാഴ്ച വയ്ക്കാനും അദ്ദേഹത്തിന് സാധിച്ചു. ഇന്ത്യയിലെയും കേരളത്തിലെയും ഇടതുപക്ഷത്തിന്റെ സമുന്നതനായ നേതാവായിരുന്നു കാനം. സങ്കീർണമായ രാഷ്ട്രീയ കാലാവസ്ഥയിൽ ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കെ പാർട്ടിയെ നയിക്കേണ്ട വ്യക്തിയായിരുന്നു അദ്ദേഹം. കൂട്ടായ നേതൃത്വത്തിന് മാത്രമേ ഈ വിടവ് നികത്താനാവൂവെന്നും മുല്ലക്കര പറഞ്ഞു.

തിരിച്ചുവരുമെന്ന പ്രത്യാശ നൽകി– സുപാൽ
രണ്ടാഴ്ചയിലേറെ മുൻപ്, നവംബർ 18 നാണ് ഞാൻ ഒടുവിൽ കാനത്തെ കാണുന്നത്– കൊച്ചിയിലെ ആശുപത്രിയിൽ. കാൽപാദം മുറിച്ചു മാറ്റിയെങ്കിലും പൊതുജീവിതത്തിലേക്കു സജീവമായി തിരിച്ചുവരുമെന്ന പ്രത്യാശ തുളുമ്പുന്നതായിരുന്നു അന്നത്തെ അദ്ദേഹത്തിന്റെ വാക്കുകൾ. പക്ഷേ അതു നടന്നില്ല– സിപിഐ ജില്ലാ സെക്രട്ടറി പി.എസ് സുപാൽ എംഎൽഎ പറയുന്നു. ജില്ലയിലെ പാർട്ടി നേതാക്കളായ സാം കെ ഡാനിയൽ, ലിജു ജമാൽ എന്നിവർക്കൊപ്പമാണു അന്ന് കാനത്തെ കാണാൻ പോയത്.

ആശുപത്രിയിൽ അന്ന് സന്ദർശകരെ കാണാൻ തുടങ്ങിയിരുന്നില്ല. എങ്കിലും ഞാൻ പുറത്തു നിൽക്കുന്നുവെന്നറിഞ്ഞു കാനം എന്നെയും ഒപ്പമുള്ളവരെയും അകത്തേക്കു വിളിപ്പിച്ചു. ഏറെ നേരം സംസാരിച്ചു. പാർട്ടി പരിപാടികളെക്കുറിച്ചായിരുന്നു അദ്ദേഹത്തിന് കൂടുതലും തിരക്കിയത്. കുറച്ചു നാൾ വിശ്രമിക്കേണ്ടി വന്നാലും സജീവമായി തിരിച്ചുവരാനാവുമെന്നും അദ്ദേഹം അന്നു പറഞ്ഞു. ആത്മവിശ്വാസം അത്രയേറെ ഉണ്ടായിരുന്നു അദ്ദേഹത്തിന്– സുപാൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com