ADVERTISEMENT

കൊല്ലം ∙ നിർമാണ സാമഗ്രികളുടെ ലഭ്യതക്കുറവ് അടക്കമുള്ള കാരണങ്ങളാൽ ദേശീയപാത 66ന്റെ വികസനം ഇഴയുന്നു. നിശ്ചിത സമയത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാൻ കഴിയുമോയെന്ന ആശങ്കയിൽ കരാറുകാർ. രണ്ടു ഭാഗങ്ങളിലായി ജില്ലയിൽ കൊറ്റംകുളങ്ങര മുതൽ കടമ്പാട്ടുകോണം വരെയുള്ള ഏകദേശം 63 കിലോമീറ്റർ ഭാഗമാണു പൂർത്തിയാക്കേണ്ടത്. കൊറ്റംകുളങ്ങര മുതൽ കൊല്ലം ബൈപാസ് വരെയുള്ള ഭാഗം 2024 ഒക്ടോബറിലും ബൈപാസ് മുതൽ കടമ്പാട്ടുകോണം വരെയുള്ള ഭാഗം 2025 ജനുവരിയിലുമാണ് പൂർത്തിയാക്കേണ്ടത്.

പ്രത്യക്ഷത്തിൽ ചിലയിടത്തു മാത്രമാണ് നിലവിൽ നിർമാണം നടക്കുന്നത്. കൊട്ടിയം മുതൽ പാരിപ്പള്ളി വരെയുള്ള ഭാഗത്ത് മണ്ണിട്ടു നികത്തൽ ഉൾപ്പെടെയുള്ള ജോലി  പൂർണതോതിൽ നടക്കുന്നുണ്ട്. മെറ്റലിന്റെയും മണലിന്റെയും കുറവ് ടാറിങ് ഉൾപ്പെടെയുള്ള ജോലികളെ ബാധിക്കുന്നതായി തൊഴിലാളികൾ പറയുന്നു. ബൈപാസിൽ കല്ലുതാഴം ഭാഗത്തെ മേൽപാലത്തിലെ ബീമുകളുടെ നിർമാണം പകുതിയോളം പൂർത്തിയായി. പാലങ്ങളുടെ നിർമാണവും നടക്കുന്നുണ്ട്. വീതി കൂട്ടാനായി മണ്ണെടുത്ത ഭാഗത്തുള്ള സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാകാത്തതാണ് ദേശീയപാതയോരത്തു താമസിക്കുന്നവർ നേരിടുന്ന പ്രധാന ബുദ്ധിമുട്ട്.

ചവറ കെഎംഎംഎല്ലിനു മുൻപിലെ മേൽപാലം.
ചവറ കെഎംഎംഎല്ലിനു മുൻപിലെ മേൽപാലം.

ചാത്തന്നൂർ ഉൾപ്പെടെയുള്ള  സ്ഥലങ്ങളിൽ സർവീസ് റോഡിനായി എടുത്ത മണ്ണു മഴയായാൽ ചെളിയും വെള്ളക്കെട്ടും സൃഷ്ടിക്കും. അല്ലെങ്കിൽ പൂഴി പറക്കുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.  മണ്ണെടുത്തിട്ട പല സ്ഥലങ്ങളിൽ പുല്ലും കാടും കയറിയ നിലയിലാണ്. കൊട്ടിയം മേഖലയിൽ റോഡ് നിർമാണത്തിന്റെ ഭാഗമായി ഇറക്കിയ സിമന്റ് ബ്ലോക്കുകൾ കടയിലേക്കുള്ള പ്രവേശനം തന്നെ അസാധ്യമാക്കുന്നതായി വ്യാപാരികൾ  പറയുന്നു. നിർമാണത്തിൽ സമീപവാസികളെയും കച്ചവടക്കാരെയും കണക്കിലെടുക്കുന്നില്ലെന്നും ആക്ഷേപം ഉണ്ട്.

വെള്ളം എവിടേക്കൊഴുകും ?
ദേശീയപാത 45 മീറ്ററിൽ 6 വരിയായാണ് വികസിക്കുന്നത്. അതായത് ഇരുഭാഗത്തുമായി 22.5 മീറ്റർ വീതം. മഴ പെയ്യുമ്പോൾ അവിടെ വീഴുന്ന വെള്ളം എവിടേക്ക് ഒഴുകുമെന്നതിൽ നിശ്ചയമില്ല. ഓടകൾ നിർമിച്ചിട്ടുണ്ടെങ്കിലും  വെള്ളം ഓടകളിൽ എത്താനുള്ള സംവിധാനം പരിമിതമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. റോഡിൽ നിന്ന് ഓടയിലേക്ക് ജലമൊഴുകാൻ രണ്ടിഞ്ചു വ്യാസത്തിലുള്ള പൈപ്പുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ചെറിയൊരു തടസ്സം നേരിട്ടാലും ഈ ജലം റോഡിൽ കെട്ടിനിന്ന് വെള്ളക്കെട്ട് രൂപപ്പെടും.

ഏറെ മഴ ലഭിക്കുന്ന കേരളത്തിൽ ഉത്തരേന്ത്യൻ മാതൃകയിലുള്ള അഴുക്കുചാൽ നിർമാണം പ്രായോഗികമല്ലെന്നും നാട്ടുകാർ പറയുന്നു. പല സ്ഥലങ്ങളിലും നിലവിലുള്ള കലുങ്കുകൾ ഒഴിവാക്കിയാണ് ജലമൊഴുക്ക് നിയന്ത്രിച്ചിരിക്കുന്നത്.എന്നാൽ, പുതിയ അഴുക്കുചാൽ എത്തുന്ന സ്ഥലങ്ങളിൽ 22.5 മീറ്റർ റോഡിലെ വെള്ളം ഉൾക്കൊള്ളാൻ ശേഷിയില്ല. അധിക ജലം പറമ്പിലേക്കും സമീപ വീടുകളിലേക്കുമാണ് എത്തുന്നത്. ദേശീയപാത വികസനം പൂർത്തിയാകുമ്പോഴും ഈ അവസ്ഥയ്ക്കു മാറ്റമുണ്ടാകില്ലെന്നും നാട്ടുകാർ പറയുന്നു.

എൻഎച്ച് 66 6 വരി – കേരളം
∙ആകെ നീളം: 643 കിലോമീറ്റർ, 24 ഭാഗങ്ങളിലായി നിർമാണം
∙ആദ്യ നാല് ഭാഗങ്ങൾ ഈ വർഷം പൂർത്തിയായി. അടുത്ത 10 ഭാഗങ്ങൾ 2024ലും ആറ് ഭാഗങ്ങൾ 2025ലും പൂർത്തിയാക്കും. അവശേഷിക്കുന്നവ 2026ൽ പൂർത്തിയാക്കും

എൻഎച്ച് 66 – കൊല്ലം
∙ജില്ലയിൽ – 62.75 കിലോമീറ്റർ, 2 ഭാഗങ്ങളിലായി.

ആദ്യ ഭാഗം
കൊറ്റംകുളങ്ങര–കൊല്ലം ബൈപാസ്: 31.5 കിലോമീറ്റർ
∙പ്രതീക്ഷിക്കുന്ന ചെലവ്:3351.23 കോടി രൂപ
∙2024 ഒക്ടോബറിൽ നിർമാണം പൂർത്തിയാക്കും

രണ്ടാം ഭാഗം
∙കൊല്ലം ബൈപാസ്– കടമ്പാട്ടുകോണം: 31.25 കിലോമീറ്റർ
∙പ്രതീക്ഷിക്കുന്ന ചെലവ്: 3023.78 കോടി രൂപ
∙2025 ജനുവരിയിൽ പൂർത്തിയാക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com