എതിർപ്പ് മറികടന്ന് നവകേരള സദസ്സിന് 2 ലക്ഷം രൂപ നൽകാൻ കൊല്ലം കോർപറേഷൻ കൗൺസിൽ തീരുമാനം
Mail This Article
കൊല്ലം ∙ പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്ന് നവകേരള സദസ്സിന് 2 ലക്ഷം രൂപ നൽകാൻ കോർപറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. പിന്നാലെ നവകേരള സദസ്സിന്റെ വിളംബര ജാഥയ്ക്കു മേഖല ഓഫിസുകളിലെ എല്ലാ ജീവനക്കാരും തൊഴിലാളികളും പങ്കെടുക്കണമെന്നു മേയറുടെ ഉത്തരവുമെത്തി. ഇതോടെ ഉച്ചകഴിഞ്ഞു കോർപറേഷൻ ഓഫിസുകൾ ശൂന്യമായി. നവകേരള സദസ്സിന് 2 ലക്ഷത്തെക്കാൾ കൂടുതൽ തുക നൽകാൻ കഴിയുമെങ്കിൽ നൽകണമെന്നു ഡപ്യൂട്ടി മേയർ കൊല്ലം മധുവിന്റെ ആവശ്യത്തിന്റെ നിയമപരമായ സാധ്യത പരിശോധിച്ച് തുക ഉയർത്താൻ കഴിയുമെങ്കിൽ ചെയ്യുമെന്നു മേയർ പറഞ്ഞു.
അനുവദിച്ച 2 ലക്ഷം രൂപ കോർപറേഷൻ പരിധിയിൽപ്പെടുന്ന കൊല്ലം, ഇരവിപുരം, ചവറ മണ്ഡലങ്ങൾക്ക് ആനുപാതികമായി നൽകും. തനതുഫണ്ടിൽ നിന്നാണു തുക അനുവദിച്ചത്. തുക നൽകുന്നതിൽ ബിജെപി, യുഡിഎഫ് അംഗങ്ങൾക്ക് വിയോജിപ്പ് ഉണ്ടെങ്കിലും സർക്കാർ പരിപാടി എന്ന നിലയിൽ എല്ലാ കൗൺസിലർമാരും സഹകരിക്കണമെന്നു മേയർ പറഞ്ഞു. ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ നടത്തിയ ജനസമ്പർക്ക പരിപാടിയിലും ബിജെപി സർക്കാർ നടത്തിയ ജി20 പരിപാടിയിലും പൂർണ സഹകരണമാണു കോർപറേഷൻ നൽകിയതെന്നും പറഞ്ഞു.
കുടുംബശ്രീ പോലുള്ള സംവിധാനത്തിൽ നിന്ന് അംഗങ്ങളെ നിർബന്ധിച്ചു കൊണ്ടുപോകരുതെന്നു യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് ജോർജ് ഡി.കാട്ടിൽ പറഞ്ഞു. ബിജെപിയും നവകേരള സദസ്സിനു പണം നൽകുന്നതിൽ പ്രതിഷേധിച്ചു. കരാർ പ്രവൃത്തികൾ ചെയ്ത ബില്ലുകൾ പോലും മാറാനാകാത്ത സ്ഥിതിയുള്ളതിനാൽ തനതു ഫണ്ടിൽ നിന്നു തുക നൽകാൻ കഴിയില്ലെന്നു ബിജെപി പാർലമെന്ററി പാർട്ടി നേതാവ് ടി.ജി.ഗിരീഷ് പറഞ്ഞു.
നവകേരള സദസ്സിന്റെ വിളംബര ജാഥയിൽ പങ്കെടുക്കുന്നതിനു വൈകിട്ട് 4 നു കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപം ലിങ്ക് റോഡിൽ എത്തണമെന്ന് മേയറുടെ അറിയിപ്പു വന്നതിനെ തുടർന്നു കോർപറേഷൻ ഓഫിസ് ശൂന്യമായി. വിവിധ ആവശ്യങ്ങൾക്ക് വന്ന ഒട്ടേറെ പേർ ആളൊഴിഞ്ഞ ഓഫിസ് കണ്ടു മടങ്ങി. ജനറൽ വിഭാഗത്തിൽ ഒരു ജീവനക്കാരി ഒഴികെ മുഴുവൻ പേരും ഓഫിസ് സമയത്തു ജാഥയിൽ പങ്കെടുക്കാൻ പോയി. പട്ടികജാതി ഓഫിസ്, റവന്യു വിഭാഗം തുടങ്ങി മറ്റു വിഭാഗങ്ങളിൽ ഒരാൾ പോലും ഓഫിസിൽ ഉണ്ടായിരുന്നില്ല. മേഖലാ ഓഫിസുകളിലും ഇതായിരുന്നു സ്ഥിതി.
നാടകോത്സവം ഇല്ല, പകരം ഡാൻസ് ഫെസ്റ്റിവൽ
കൊല്ലം ∙ നാടകോത്സവം നടത്താൻ ആലോചിച്ച കോർപറേഷൻ ഒടുവിൽ അതു ഡാൻസ് ഫെസ്റ്റിവൽ ആക്കി. നാടകപ്രവർത്തകരുടെ സംഘടനയായ കൊല്ലം കലാഗ്രാമവുമായി സഹകരിച്ച് എല്ലാവർഷവും നടത്തി വന്ന കൊല്ലം നാടകോത്സവത്തിൽ നിന്ന് ഇക്കുറി കോർപറേഷൻ ഏകപക്ഷീയമായി പിൻവാങ്ങിയിരുന്നു. കോർപറേഷൻ സ്വന്തം നിലയിൽ നാടകോത്സവം നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ അതു നടക്കാതെ പോയപ്പോഴാണ് ഡാൻസ് ഫെസ്റ്റിവൽ നടത്തുന്നത്.
കോർപറേഷൻ നൃത്തോത്സവത്തിന്റെ പേര് ഡാൻസ് ഫെസ്റ്റിവൽ എന്നു മാറ്റിയതു പരിഹാസ്യമാണെന്നാരോപിച്ച് ബിജെപി രംഗത്തെത്തി. ഭരണഭാഷ മാതൃഭാഷ ആക്കണമെന്ന പ്രഖ്യാപിക്കുകയും പ്രവൃത്തിയിൽ അതു കാണിക്കാതിരിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പ് ആണെന്നു ബിജെപി പാർലമെന്ററി പാർട്ടി നേതാവ് ടി.ജി ഗിരീഷ് പറഞ്ഞു. 24 മുതൽ 31 വരെ സോപാനം ഓഡിറ്റോറിയത്തിൽ ഡാൻസ് ഫെസ്റ്റിവൽ നടത്താനാണു കോർപറേഷൻ കൗൺസിൽ തീരുമാനം.