ADVERTISEMENT

കൊട്ടിയം∙കൊട്ടിയം ജംക്‌ഷനിൽ സർവീസ് റോഡുകളുടെ വീതി കൂട്ടുന്ന ജോലികൾ തുടങ്ങി. സർവീസ് റോഡുകൾക്ക് 7 മീറ്റർ വീതിയാണ് പറഞ്ഞിട്ടുള്ളതെങ്കിലും കൊട്ടിയം ജംക്‌ഷനിൽ 5 മീറ്റർ വീതിയേ നൽകിയിരുന്നുള്ളു. എന്തു കൊണ്ടാണ് ഇത്തരത്തിൽ റോഡിന്റെ വീതി കുറച്ചത് എന്നതിനെപ്പറ്റി അധികൃതരുടെ ഭാഗത്തു നിന്നും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. 

പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞയാഴ്ച ദേശീയപാതയുടെ ഒരു വശം അടച്ച് സർവീസ് റോഡ് വഴി വാഹനങ്ങൾ കടത്തി വിട്ടപ്പോൾ തന്നെ റോഡിന്റെ വീതി കുറവാണെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതോടെയാണ് ഇന്നലെ  1.5 മീറ്റർ കൂടി റോഡ് ടാർ ചെയ്ത് വീതി കൂട്ടിയത്. വശങ്ങളിലെ ഒ‍ാടയും കൂടി ചേർത്താണ് സർവീസ് റോഡുകൾക്ക് 7 മീറ്റർ വീതി പറഞ്ഞിട്ടുള്ളത്. 

അതേസമയം സർവീസ് റോഡുകൾ വന്നതോടെ കൊട്ടിയത്തെ ഒ‍ാട്ടോറിക്ഷ സ്റ്റാൻഡുകൾ ഇല്ലാതായി. പകരം സംവിധാനം ഒരുക്കേണ്ടത് പഞ്ചായത്തുകളാണ്. എന്നാൽ ഇതെപ്പറ്റി ഒരു ധാരണയും ആയിട്ടില്ലെന്നാണ് ഒ‍ാട്ടോറിക്ഷ തൊഴിലാളികൾ പറയുന്നത്.  ബസ്ബേകളുടെ കാര്യത്തിലും തീരുമാനമായിട്ടില്ല. മയ്യനാട് നിന്നു വരുന്ന വാഹനങ്ങൾ സർവീസ് റോഡിലേക്ക് പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന ഗതാഗതക്കുരുക്കിനും പരിഹാരം കാണണം. ഈ റോഡ് സർവീസ് റോഡിൽ നിന്നു താഴ്ന്നാണു കിടക്കുന്നത്. 

മയ്യനാട് റോഡിൽ നിന്നു വരുന്ന വാഹനങ്ങൾ ഉയരത്തിലുള്ള സർവീസ് റോഡിലേക്കു കയറുമ്പോൾ അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ജംക്‌ഷനോട് അടുത്ത് മയ്യനാട് റോഡിന്റെ ഉയരം കൂട്ടേണ്ടി വരും. കൂടാതെ കൊട്ടിയത്തെ ആശുപത്രിയിലേക്ക് അടിയന്തര സാഹചര്യത്തിൽ എത്തുന്ന വാഹനങ്ങൾക്ക് തടസ്സമില്ലാതെ കടന്നു പോകാനുള്ള സാഹചര്യവും ഒരുക്കേണ്ടതുണ്ട്.  

ദേശീയപാതകൾ ഉൾപ്പെടെ 5 ഭാഗത്തെ റോഡുകൾ സംഗമിക്കുന്ന ജംക്‌ഷനാണ് കൊട്ടിയം.  ഗതാഗത പരിഷ്ക്കാരം വേണ്ടത്ര ആലോചിക്കാതെ നടത്തിയതെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി പരിഹാരം കാണുമെന്ന് കലക്ടറും എംപിയും ഉറപ്പു നൽകിയിട്ടുണ്ട്. ഈ പ്രതീക്ഷയിലാണ് നാട്ടുകാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com