ADVERTISEMENT

പുത്തൂർ ∙ തീറ്റയ്ക്ക് അഴിച്ചു കെട്ടിയിരുന്ന ആടിന്റെ കഴുത്തിലെ കയറിൽ പുള്ളിമാനിന്റെ തല കുടുങ്ങി. മരണ വെപ്രാളത്തിൽ പിടഞ്ഞപ്പോൾ കഴുത്തു മുറുകി മാനും ആടും ചത്തു. ആറ്റുവാശേരി തോട്ടപ്പള്ളി ഏലയ്ക്കു സമീപം സ്വകാര്യ പുരയിടത്തിൽ കെട്ടിയിരുന്ന ആടും പ്രദേശത്തു കറങ്ങിനടന്നിരുന്ന മാനുമാണു ചത്തത്. ഇന്നലെ ഉച്ചയ്ക്കു 2നാണ് സംഭവം ശ്രദ്ധയിൽപെട്ടത്. 

തെങ്ങുവിള വടക്കതിൽ വിദ്യയുടെ ആടാണു ചത്തത്. ആടിനെ കെട്ടിയിരുന്നതു നോക്കാനെത്തിയ വിദ്യയുടെ മകളാണ് ആടും മാനും അടുത്തടുത്തു നിലത്തു വീണു കിടക്കുന്നത് കണ്ടത്. രണ്ടിന്റെയും കഴുത്തിൽ കയർ കുരുങ്ങിയ നിലയിലായിരുന്നു. സംഭവം അറിഞ്ഞ് ആളുകൾ എത്തിയപ്പോഴേക്കും രണ്ടും ചത്തിരുന്നു. കഴുത്തിൽ കയറു മുറുകിയ പിടച്ചിലിൽ മാനിന്റെ കൊമ്പു കൊണ്ട് ആടിന്റെ ശരീരം മുറിഞ്ഞിട്ടുണ്ടായിരുന്നു. 

 പുന്നല ഫോറസ്റ്റ് സ്റ്റേഷനിലെ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ജിൻസൺ ചാക്കോ, ബീറ്റ് ഓഫിസർമാരായ ശ്യാംകുമാർ, എം.എസ്.രമ്യ എന്നിവരെത്തി മാനിന്റെ മൃതശരീരം ഫോറസ്റ്റ് സ്റ്റേഷനിലേക്കു കൊണ്ടു പോയി. കഴുത്തിൽ കയർ മുറുകി ചത്തതാകാം എന്നു തന്നെയാണ് പ്രാഥമിക നിഗമനം എന്നും പോസ്റ്റ്മോർട്ടത്തിനു ശേഷമേ വ്യക്തത വരൂ എന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. 5 വയസ്സ് തോന്നുന്ന കലമാനാണ് ചത്തത്. ഇത് ഇണയോടൊപ്പം കുറച്ചു നാളായി പ്രദേശത്തുണ്ടായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com