ADVERTISEMENT

കൊല്ലം ∙ പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ച പശ്ചാത്തലത്തിൽ 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ ഇന്നു കൊട്ടാരക്കര കോടതിയിൽ ഹാജരാക്കുമ്പോൾ‌ ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങൾ അവശേഷിക്കുന്നു.
∙ പ്രതിപ്പട്ടിയിൽ 3 പേർ മാത്രമോ?
കേസിൽ 3 പേർ മാത്രമെന്നു പൊലീസ് തറപ്പിച്ചു പറയുന്നു. മറ്റൊരു സാധ്യതയിലേക്കു പൊലീസ് അന്വേഷണം നീങ്ങിയിട്ടില്ല. പ്രതികൾ നൽകുന്ന മൊഴിയിലാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. 
∙ പ്രതികളുടെ സാമ്പത്തിക ബാധ്യത എന്താണ് ?
പ്രതികൾക്ക് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടെന്നു പൊലീസ് ആദ്യം മുതൽ പറഞ്ഞിരുന്നു. സാമ്പത്തിക ബാധ്യതയുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചെന്നാണു പൊലീസ് പറയുന്നത്. വീടും ഫാമും ഉൾപ്പെടെ ബാങ്ക് വായ്പയിലാണ്. ഓരോ കോടി രൂപ വീതം വീടിനും ഫാമിനും വായ്പ എടുത്തു. ലോൺ ആപ്പുകളിൽ നിന്നും ഇതര ബാങ്കുകളിലും നിന്നും ലോൺ എടുത്തു. പലിശയ്ക്കു നാട്ടുകാരിൽ നിന്നു ലക്ഷങ്ങൾ കടം വാങ്ങി. എന്നാൽ, ആസ്തിയുടെയും ബാധ്യതയുടെയും കണക്കെടുപ്പ് ഇനിയും പൂർത്തിയായിട്ടില്ലെന്ന് അന്വേഷണ സംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഒട്ടേറെ ആസ്തികൾ കുടുംബത്തിനുണ്ടെന്നാണു രേഖകൾ. 

കൊല്ലം ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പത്മകുമാർ, അനുപമ, അനിതകുമാരി എന്നിവരെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ.  ചിത്രം: മനോരമ
കൊല്ലം ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പത്മകുമാർ, അനുപമ, അനിതകുമാരി എന്നിവരെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ. ചിത്രം: മനോരമ

∙ കുട്ടിക്ക് എന്ത് മരുന്നാണ് നൽകിയത്?
കുട്ടിക്കു നൽകിയത് മയക്കു ഗുളികയാണ്. ഡോക്ടറുടെ കുറിപ്പില്ലാതെ ഇതുപോലെയുള്ള മരുന്നുകൾ വാങ്ങാനാകില്ല. ഏതു കടയിൽ നിന്നാണ് മരുന്നു വാങ്ങിയതെന്ന അന്വേഷണം നടന്നിട്ടില്ല. 
∙ കുടുതൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നുവോ?
കൂടുതൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നതായും അവരെ സംബന്ധിച്ച വിവരങ്ങൾ ഡയറിയിലും നോട്ബുക്കിലും ഉണ്ടെന്നുമാണ് പൊലീസ് പറയുന്നത്. എന്നാൽ, ഈ കുട്ടികൾ തമ്മിൽ പ്രായം, രക്തഗ്രൂപ് ഉൾപ്പെടെയുള്ളവയിലോ കുടുംബങ്ങളുടെ സാമ്പത്തികാവസ്ഥയിലോ സാമ്യങ്ങളുണ്ടോയെന്ന് അന്വേഷിച്ചിട്ടില്ല. 
∙ തുടരന്വേഷണം ഉണ്ടാകുമോ?
തുടരന്വേഷണത്തിനുള്ള സാധ്യത കുറവാണ്. ശാസ്ത്രീയ തെളിവുകളുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ലെന്നും തെളിവുകൾ ലഭിക്കുന്നത് അനുസരിച്ച് കുറ്റപത്രത്തിലും മാറ്റങ്ങൾ വരുത്തുമെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. നിലവിലെ അന്വേഷണത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ അസംതൃപ്തിയുണ്ട്. പ്രതിയായ അനിതാകുമാരിയോടു പരുഷമായി സംസാരിച്ച ഉദ്യോഗസ്ഥയെ ഉന്നത ഉദ്യോഗസ്ഥൻ ശകാരിച്ചതായും വിവരമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com