ADVERTISEMENT

കൊട്ടാരക്കര∙ ഓയൂർ ഓട്ടുമലയിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (51), ഭാര്യ എം.ആർ.അനിതകുമാരി(39), മകൾ പി.അനുപമ(21) എന്നിവരെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കി ജയിലിലേക്കു മാറ്റി.

7 ദിവസത്തെ കസ്റ്റഡിക്കു ശേഷം ഇവരെ ക്രൈം‌ബ്രാഞ്ച് സംഘം ഇന്നലെ കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി -2 ൽ ഹാജരാക്കിയിരുന്നു. പ്രതികളുടെ താൽപര്യപ്രകാരം അഭിഭാഷകരെ മാറ്റി. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായ പ്രഭു വിജയകുമാറാണ് ഇന്നലെ ഹാജരായത്. സുപ്രീംകോടതി അഭിഭാഷകൻ രഞ്ജിത് ശങ്കറിനു വേണ്ടിയാണ് പ്രഭു ഹാജരായത്. 

ഇന്നലെ പതിനൊന്നരയോടെ 3 പ്രതികളെയും കോടതിയിൽ ഹാജരാക്കി. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് എതിരെ എന്തെങ്കിലും പരാതിയുണ്ടോ എന്നു കോടതി ആരാഞ്ഞു. ഇല്ലെന്നായിരുന്നു പ്രതികളുടെ മറുപടി. കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി -2 ജഡ്ജി എസ്.സുരാജ് ആണ് കേസ് പരിഗണിച്ചത്. ജാമ്യാപേക്ഷ അടുത്ത ദിവസങ്ങളിൽ നൽകാനാണ് പ്രതിഭാഗം തീരുമാനം. ഒന്നാം പ്രതി പത്മകുമാറിനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കും അനിതകുമാരി, അനുപമ എന്നിവരെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും കൊണ്ടുപോയി. 

കേസ് 3 പേരിൽ ഒതുങ്ങും

കസ്റ്റഡിയിൽ ലഭിച്ച 3 പ്രതികളെയും ക്രൈംബ്രാഞ്ച് സംഘം 7 ദിവസവും ചോദ്യം ചെയ്തെങ്കിലും കൂടുതലായി ഒന്നും ലഭിച്ചില്ലെന്നാണ് വിവരം. കേസ് മൂന്നംഗ കുടുംബത്തിൽ മാത്രം ഒതുങ്ങുമെന്നാണു സൂചന. കാറിൽ ഒരാൾ കൂടി ഉണ്ടായിരുന്നുവെന്നാണ് കുട്ടിയുടെ സഹോദരൻ ആദ്യം മൊഴിയെടുത്ത വനിത പൊലീസ് ഓഫിസറോട് പറഞ്ഞത്. ഇക്കാര്യം എ‍‍ഡിജിപി നിഷേധിച്ചതോടെ തുടർ അന്വേഷണത്തിന്റെ വഴിയ‍ടഞ്ഞു.

സംഭവം കഴിഞ്ഞ് 5 ദിവസം കഴിഞ്ഞാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് പ്രതികളെ ലഭിച്ചത്. അപ്പോഴേക്കും പ്രതികൾ തെളിവുകൾ പലതും നശിപ്പിച്ചിരുന്നു. അഞ്ച് ലക്ഷം രൂപയുടെ അത്യാവശ്യമാണ് ‘കടുംകൈ’യ്ക്ക് പ്രേരിപ്പിച്ചതെന്നാണ് കുടുംബാംഗങ്ങൾ നൽകിയ മൊഴി. ഫാമിലുള്ള പശുക്കളെ വിറ്റാൽ ലഭിക്കുമായിരുന്ന തുകയ്ക്ക് വേണ്ടി ഈ കൃത്യം നടത്തിയതെന്തിനെന്ന ചോദ്യത്തിന് ഉത്തരം ഇല്ല. 

മറ്റാരിലേക്കും അന്വേഷണം എത്താതിരിക്കാൻ പൊലീസ് ബോധപൂർവം ആദ്യ ദിവസം തന്നെ ശ്രമിച്ചതായി സംശയങ്ങൾ ഉയർന്നിരുന്നു. ഇന്ത്യൻ ശിക്ഷാനിയമം 120 (ബി), 346, 361, 363, 364 (എ), 370 (4), 323, 34 വകുപ്പുകളും ജുവനൈൽ ജസ്റ്റിസ് ആക്ട് 84 ാം വകുപ്പുമാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതേ വകുപ്പുകൾ തന്നെയാണ് കസ്റ്റഡി കാലാവധിക്കു ശേഷവുമുള്ളത്. പ്രതികൾക്കായി സുപ്രീംകോടതി അഭിഭാഷകർ ഹാജരാകുന്നതോടെ കേസിന് മറ്റൊരു മാനം കൈവന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com