ADVERTISEMENT

കൊല്ലം ∙ സംസ്ഥാന കലോത്സവത്തിലെ പ്രധാന വേദിയായ ആശ്രാമം മൈതാനത്തെ വേദി   ഇന്നലെ വൈകിട്ടത്തെ മഴയിൽ ആകെ വലഞ്ഞു. എച്ച്എസ് വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യം കഴിഞ്ഞ ശേഷമാണു മഴ പെയ്തത്. തുടർന്നുള്ള എച്ച്എസ് സംഘനൃത്തത്തിലെ രണ്ടു മത്സരങ്ങൾ കഴിഞ്ഞതോടെ മഴ കനത്തു. വേദിയിലും മൈതാനത്തും വെള്ളക്കെട്ടായതോടെ മത്സരാർഥികളും ഒപ്പം വന്നവരും കാണികളും ബുദ്ധിമുട്ടിലായി. വേദിക്കു ചുറ്റും വെള്ളക്കെട്ടായതോടെ മത്സരം നിർത്തിവച്ചു. മഴ തെല്ലൊന്നു മാറിയതോടെ ഒരു മത്സരം കൂടി നടത്തി. പിന്നെയും അരമണിക്കൂറോളം നിർത്തി.  രണ്ടു മണ്ണുമാന്തി യന്ത്രങ്ങൾ പ്രധാന വേദിക്കു സമീപം കൊണ്ടുവന്നു പന്തലിന്റെ ഒരു വശത്തു മണ്ണു കൂട്ടിവച്ചാണു വെള്ളം കയറുന്നതു താൽക്കാലികമായി ഒഴിവാക്കിയത്. ഇതിനു പിന്നാലെ മന്ത്രി വി.ശിവൻകുട്ടി വേദിയിലെത്തി സ്ഥിതി വിലയിരുത്തി.

 നാടകം മുടങ്ങിയതിനെത്തുടർന്ന് പഴയ നാടക ഗാനങ്ങൾ വച്ചപ്പോൾ ചുവടുവയ്ക്കുന്ന സദസ്സ് . സോപാനം ഓഡിറ്റോറിയത്തിലെ കാഴ്ച
നാടകം മുടങ്ങിയതിനെത്തുടർന്ന് പഴയ നാടക ഗാനങ്ങൾ വച്ചപ്പോൾ ചുവടുവയ്ക്കുന്ന സദസ്സ് . സോപാനം ഓഡിറ്റോറിയത്തിലെ കാഴ്ച

മഴയെ നേരിടാൻ; മലവെള്ളം പോലെ നാടക ഗാനം!
കൊല്ലം ∙ നാടക വേദിയിൽ മഴ ചോർച്ചയുടെ വില്ലൻ വേഷം തകർത്താടിയപ്പോൾ മത്സരം മുടങ്ങി. തിങ്ങി നിറഞ്ഞ കാണികൾ കർട്ടനപ്പുറത്ത് കഥയറിയാതെ അക്ഷമരായി. നാടകത്തിന്റെ ഈറ്റില്ലമായ കൊല്ലത്തിന്റെ മനസ്സറിയാവുന്ന അധികൃതർ പ്രയോഗിച്ചത് ബ്രഹ്മാസ്ത്രം. സ്പീക്കറിലൂടെ പഴയ നാടകഗാനങ്ങൾ ഒഴുകിയെത്തിയപ്പോൾ സദസ്സൊന്നാകെ ഇളകി മറിഞ്ഞാടിയത് സംസ്ഥാന കലോത്സവത്തിന്റെ മറക്കാനാകാത്ത രംഗമായി. 

സോപാനം ഓഡിറ്റോറിയത്തിൽ നടന്ന എച്ച്എസ് നാടക വേദിയിലാണ് കൈവിട്ടു പോകുമായിരുന്ന കാണികളെ ഒരു മണിക്കൂറോളം നാടക ഗാനങ്ങളിലൂടെ പിടിച്ചു നിർത്തിയത്. കൊല്ലത്തിന്റെ സ്വന്തം ഒഎൻവിയുടെയും ജി.ദേവരാജന്റെയും ‘പൊന്നരിവാളമ്പിളിയിൽ...’ ഒക്കെ കേട്ടപ്പോൾ ഇരുന്നവരടക്കം എഴുന്നേറ്റ് ചുവടുവയ്ക്കുകയായിരുന്നു. വൈകിട്ട് 4.30ന് പൊന്നാനി വിജയമാതാ ഇഎംഎച്ച്എസ്എസ് വേദിയിൽ സെറ്റ് ഒരുക്കി കർട്ടൻ ഉയരാനിരിക്കുമ്പോഴാണ് മഴ പെയ്തത്. മേൽക്കൂര ചോർന്ന് വെള്ളമൊന്നാകെ സെറ്റിലേക്ക് വീണു. 

വിദ്യാർഥികളും അധ്യാപകരും പരാതിപ്പെട്ടപ്പോൾ ബക്കറ്റുമായെത്തി രക്ഷാപ്രവർത്തനം. ഒന്നര ബക്കറ്റ് വെള്ളമാണ് ഇത്തരത്തിൽ ‘ശേഖരിച്ചത്’. ഏറെ സമയം കഴിഞ്ഞിട്ടും കർട്ടനുയരാതെ വന്നപ്പോഴാണ് നാടകാസ്വാദകരടക്കം ഒച്ചവച്ചത്. ഇതോടെയാണ് പാട്ടിന്റെ രൂപത്തിൽ ‘ക്രൈസിസ് മാനേജ്മെന്റ്’ നടത്തിയത്.  ചോർച്ചയ്ക്കു താഴെ ടാർപായ കെട്ടി താൽക്കാലിക സംവിധാനമൊരുക്കി. ഇതിനോടകം സെറ്റിലെ നനവ് വിദ്യാർഥികൾ തുടച്ചുമാറ്റിയിരുന്നു. 5.30നാണ് മത്സരം പുനരാരംഭിച്ചത്. അപ്പോഴേക്കും മഴ നിന്നിരുന്നു. 

ആശങ്കകളെ തോൽപ്പിച്ചു!
കൊല്ലം ∙ കോൽക്കളി പരിശീലനത്തിനിടെ കനമേറിയ കോലും ചിലമ്പും കാലിൽ ആഞ്ഞുപതിച്ചപ്പോൾ വേദനയേക്കാൾ ഉപരി എങ്ങനെ മത്സരിക്കാനാകുമെന്ന ആശങ്കയായിരുന്നു അജ്മലിന്. കൊല്ലം തഴവ മഠത്തിൽ ബിജെഎസ്എം സ്കൂളിലെ വിദ്യാർഥിയായ എൻ.അജ്മലും സംഘവും ആശങ്കകളെ ആവേശം കൊണ്ട് തോൽപ്പിച്ച് എച്ച്എസ്എസ് വിഭാഗം കോൽക്കളിയിൽ തിളങ്ങി. 'കാലനക്കരുത് - കാലിന് ശസ്ത്രക്രിയ വരെ വേണ്ടി വന്നേക്കാമെന്ന്’ ഡോക്ടർ പറഞ്ഞെങ്കിലും കാൽ വച്ചുകെട്ടി വേദന മറന്നാണവൻ വേദിയിലെത്തിയത്.

സാംസ്കാരികോത്സവം സമാപിച്ചു
കൊല്ലം ∙ വിദ്യാർഥികൾക്കു നിർഭയം അഭിപ്രായങ്ങളും ആശയങ്ങളും പ്രകടിപ്പിക്കാനുള്ള വേദി കൂടിയായി സംസ്ഥാന സ്കൂൾ കലോത്സവം മാറിയെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ. നീലാംബരി യദുകൃഷ്ണൻ സ്മൃതിയിൽ സംഘടിപ്പിച്ച സാംസ്കാരികോത്സവ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ജനങ്ങൾക്ക് അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ സാധിക്കുന്ന അന്തരീക്ഷമാണു സംസ്ഥാനത്തുള്ളത്. സംസ്ഥാന സ്കൂൾ കലോത്സവത്തിനു മികച്ച ജനകീയ പിന്തുണയാണു ലഭിച്ചത്. മിക്ക മത്സരയിനങ്ങളും നിറഞ്ഞ സദസ്സിലാണ് അരങ്ങേറിയത്. വിവിധ സംസ്കാരങ്ങളുടെ സംയോജന വേദി കൂടിയായി സംസ്ഥാന സ്കൂൾ കലോത്സവ വേദികൾ മാറിയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ജെ.ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു. സാംസ്കാരിക കമ്മിറ്റി ചെയർമാൻ സി.പി.സുധീഷ് കുമാർ, ജോ.കൺവീനർ ബി.പ്രകാശ്, അധ്യാപക സംഘടന പ്രതിനിധി അജിതകുമാരി എന്നിവർ പ്രസംഗിച്ചു.

കലോത്സവ വേദികളിൽ ഇന്ന്  
∙ വേദി 1: ആശ്രാമം മൈതാനം – രാവിലെ 9.30ന് നാടോടിനൃത്തം (എച്ച്എസ്എസ് ബോയ്സ്), വൈകിട്ട് 5ന് സമാപന സമ്മേളനം.
∙ വേദി 2: സോപാനം ഓഡിറ്റോറിയം – രാവിലെ 9.30ന് പരിചമുട്ട് (എച്ച്എസ്).
∙ വേദി 3: സിഎസ്ഐ കൺവൻഷൻ സെന്റർ – രാവിലെ 9.30ന് കേരളനടനം (എച്ച്എസ്, ബോയ്സ്).
∙ വേദി 5: എസ്ആർ ഓഡിറ്റോറിയം – രാവിലെ 9.30ന് ഇംഗ്ലിഷ് സ്കിറ്റ് (എച്ച്എസ്എസ്).
∙ വേദി 6: വിമലഹൃദയ ഗേൾസ് എച്ച്എസ്എസ്– രാവിലെ 9.30ന് ട്രിപ്പിൾ/ ജാസ് (എച്ച്എസ്എസ്).
∙ വേദി 7: ക്രിസ്തുരാജ് എച്ച്എസ് ഓഡിറ്റോറിയം – രാവിലെ 9.30ന് കഥകളി സംഗീതം (എച്ച്എസ്)
∙ വേദി 8: ക്രിസ്തുരാജ് എച്ച്എസ്എസ് ഓഡിറ്റോറിയം – രാവിലെ 9.30ന് കഥാപ്രസംഗം (എച്ച്എസ്).
∙ വേദി 9: ഗവ. ഗേൾസ് എച്ച്എസ് – രാവിലെ 9.30ന് ശാസ്ത്രീയ സംഗീതം (എച്ച്എസ്എസ്, ഗേൾസ്).
∙ വേദി 13: ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം – രാവിലെ 9.30ന് വഞ്ചിപ്പാട്ട് (എച്ച്എസ്).
∙ വേദി 15: സെന്റ് അലോഷ്യസ് എച്ച്എസ്എസ് രണ്ടാം നില – രാവിലെ 9.30ന് വയലിൻ (വെസ്റ്റേൺ, എച്ച്എസ്എസ്).
മറ്റു വേദികളിൽ ഇന്നു മത്സരങ്ങളില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com