ADVERTISEMENT

കൊല്ലം∙ കൊല്ലത്തെ കൗമാര കലയുടെ ആഘോഷം റംലയുടെയും സിദ്ദിഖിന്റെയും അകക്കണ്ണിലെ വെളിച്ചത്തിൽ കൂടുതൽ തിളക്കത്തോടെ തെളിഞ്ഞ് നിൽക്കുകയാണ്. കേൾവിയിലൂടെ അറിയുന്ന കലാ വിസ്മയങ്ങളെ വേദിയിലിരുന്ന് തായവും താളവും നൽകി ആസ്വദിക്കുകയാണ് ഇവർ. 

ഇത് പാലക്കാട് സ്വദേശികളായ റംലയും സിദ്ധിക്കും. ബീമാപ്പള്ളി സർക്കാർ യുപിഎസിൽ അറബിക് അധ്യാപികയായ റംലക്കും ഭർത്താവ് സിദ്ദിഖിനും കാഴ്ചയുടെ ലോകം അന്യമാണ്. കലോത്സവത്തെക്കുറിച്ചറിയാനുള്ള ആവേശത്തിൽ കഴിഞ്ഞവർഷം കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലും ഇരുവരും പങ്കെടുത്തിരുന്നു. ഇതിനിടെ കേരളീയത്തിലും പങ്കാളികളായി.

കണ്ണുകളുടെ റെറ്റിനയെ ബാധിക്കുന്ന റെറ്റിനൈറ്റിസ് പിഗ്മെന്റോസ എന്ന രോഗമാണ് റംലയ്ക്ക്. ഏറെക്കുറെ പൂർണ്ണമായും കാഴ്ച മങ്ങി ഇപ്പോൾ നേർത്ത വെളിച്ചം മാത്രമാണ് റംലയ്ക്ക് മുന്നിലുള്ളത്. തന്റെ അതേ പരിമിതികൾ ഉള്ള സിദ്ധിക്കുമായി മൂന്നുവർഷം മുൻപായിരുന്നു വിവാഹം. സിദ്ദിഖിനും കുട്ടിക്കാലത്ത് കാഴ്ച നഷ്ടപ്പെട്ടതാണ്.

ബീമാപ്പള്ളി യുപി സ്കൂളിൽ റംലയ്ക്ക് ജോലി ലഭിച്ചിട്ട് നാല് വർഷം ആകുന്നു. ജോലിയുടെ ഭാഗമായി ഇപ്പോൾ തിരുവനന്തപുരത്താണ് താമസം. ഇത്തവണ കലോത്സവ നഗരിയിൽ താമസ സൗകര്യം ലഭ്യമാകാത്തതിനാൽ ദിവസവും തിരുവനന്തപുരത്തേക്കും കൊല്ലത്തേക്കും പോയി വരികയാണ്. അത്രമേൽ കലോത്സവ നഗരികളെ ഇവർ നെഞ്ചോട് ചേർത്ത് കഴിഞ്ഞു.

പരിചമുട്ട് വേദിയിൽ പാട്ടിനൊപ്പം താളം പിടിച്ചാണ് ഇരുവരും ടീമുകളുടെ തട്ടിലെ കളി ആസ്വദിച്ചത്. പരിചമുട്ട് പാട്ടുകൾ റേഡിയോയിൽ കേൾക്കാറുണ്ടെങ്കിലും കൂടുതൽ ഇമ്പവും ആവേശവും തോന്നിയത് കലോത്സവ വേദിയിലാണെന്ന് ഇരുവരും ഒരേ സ്വരത്തിൽ പറയുന്നു. ഒപ്പന അടക്കമുള്ള വേദികളിലെ പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിൽ സൂക്ഷിക്കുന്ന

കുട്ടിക്കാലത്തെ നിറമുള്ള ഓർമ്മകൾ കൂടുതൽ തെളിച്ചത്തോടെ തെളിഞ്ഞു വരുമെന്നും റംല പറഞ്ഞു.

വോളണ്ടിയേഴ്സിന്റെ സഹായത്തോടെയാണ് അടുത്ത വേദികളിലേക്ക് വാഹനത്തിൽ എത്തുന്നത്. സ്വദേശമായ പാലക്കാട്ടേക്ക് ഉദ്യോഗ മാറ്റം ലഭിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് റംല പറഞ്ഞു. ചന്ദനത്തിരി മെഴുകുതിരി തുടങ്ങിയ സുഗന്ധദ്രവ്യങ്ങളുടെ ചില്ലറ വിൽപ്പനക്കാരനാണ് സിദ്ദിഖ്. കാഴ്ചയില്ലെങ്കിലും ഇത്തരം ആഘോഷങ്ങളുടെ ഭാഗമാകാനുള്ള അതിയായ ആഗ്രഹം കൊണ്ടാണ് എല്ലാ വേദികളിലും ഇരുവരും ഒരുമിച്ച് എത്തുന്നത്. വേഗത്തിലുള്ള പരിചമുട്ടിന്റെ സംഗീതം മത്സരാർത്ഥികൾക്കൊപ്പം വേദിയിലിരുന്ന് ഉറക്കെ പാടിയും അതിനൊപ്പം താളമടിച്ചുമാണ് ഇരുവരും കൗമാരകലയുടെ ആവേശത്തിൽ പങ്കാളികളാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com