ADVERTISEMENT

ഓയൂർ ∙ മേഖലയിലെ 18 പോസ്റ്റ് ഓഫിസുകളിൽ തപാൽ ഉരുപ്പടികളുടെ നീക്കം താളം തെറ്റുന്നതായി പരാതി. സ്പീഡ് പോസ്റ്റിന് ‘സ്പീഡ് ഇല്ല’ എന്നാണ് വ്യാപക പരാതി. കോവിഡ് വ്യാപനത്തിനു മുൻപ് സ്വകാര്യ ബസുകളിൽ കരാർ വ്യവസ്ഥയിൽ അതാത് ദിവസം തന്നെ തപാൽ ഉരുപ്പടികൾ പ്രധാന പോസ്റ്റ് ഓഫിസുകളിൽ എത്തിച്ച് അവിടെ നിന്ന് ബ്രാഞ്ച് പോസ്റ്റ് ഓഫിസുകളിൽ കൊണ്ടുപോകുകയായിരുന്നു. കോവിഡ് കാലത്തിനു ശേഷം ചില ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിൽ സ്വകാര്യ വാഹനങ്ങളെ കരാർ വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കി. പകരം കൊട്ടാരക്കരയിൽ നിന്ന് ഓട്ടോറിക്ഷ കരാ‍ർ അടിസ്ഥാനത്തിൽ എടുത്തു പ്രധാന പോസ്റ്റ് ഓഫിസുകളിൽ രാവിലെ എത്തിക്കുകയും തലേ ദിവസത്തെ തപാൽ ഉരുപ്പടികൾ അതേ ഓട്ടോയിൽ കൊട്ടാരക്കര മെയിൽ പോസ്റ്റ് ഓഫിസിൽ എത്തിക്കുകയാണ്. ഇതിന്റെ ഫലമായി ഒരു ദിവസം വൈകിയാണ് മെയിൽ നീക്കം . 

കൊട്ടാരക്കര സർക്കിളിന്റെ കീഴിലുള്ള കരിങ്ങന്നൂർ, ഓയൂർ, പൂയപ്പള്ളി, ഓടനാവട്ടം, നെല്ലിക്കുന്നം എന്നീ പ്രധാന 5 പോസ്റ്റ് ഓഫിസുകളിലും അതിന്റെ കീഴിലുള്ള ബ്രാഞ്ച് പോസ്റ്റ് ഓഫിസുകളായ ചെറിയവെളിനല്ലൂർ, ആക്കൽ, മീയന, ചെങ്കുളം, കാറ്റാടി, മൈലോട്, നെട്ടയം, മീയണ്ണൂർ, വെളിയം, വെളിയം പടിഞ്ഞാറ്റിൻകര, മുട്ടറ, കുടവട്ടൂർ, ഉമ്മന്നൂർ എന്നിവിടങ്ങളിലാണ് മെയിൽ നീക്കം വൈകുന്നത്. ചുമതല വഹിക്കുന്ന ജില്ലാ സൂപ്രണ്ടിനെ നാട്ടുകാർ പരാതി അറിയിച്ചെങ്കിലും നടപടിയും സ്വീകരിച്ചിട്ടില്ല. ബ്രാഞ്ച് പോസ്റ്റ് ഓഫിസുകളിൽ പ്രിന്റർ നൽകാത്തതിനാൽ ഇടപാടുകാർക്ക് രസീത് നൽകി റജിസ്ട്രേഡുകളും ഡിപ്പോസിറ്റും സ്വീകരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ചുരുക്കത്തിൽ മേഖലയിലെ പോസ്റ്റ് ഓഫിസുകളുടെ പ്രവർത്തനം താളം തെറ്റിയ നിലയിലാണ്. നടപടി വേണമെന്ന ആവശ്യം ശക്തമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com