ADVERTISEMENT

കൊല്ലം ∙ സ്പോർട്സ് കൗൺസിൽ സ്പോർട്സ് ഹോസ്റ്റലിലെ കായിക താരങ്ങളായ വിദ്യാർഥികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്ന് പരാതി. ആശ്രാമം ഹോക്കി സ്റ്റേഡിയത്തിലാണ് ഹോസ്റ്റൽ പ്രവർത്തിക്കുന്നത്. പെൺകുട്ടികൾക്കാണ് കൂടുതൽ ദുരിതം.വൃത്തിഹീനമായ താമസം, ഇഴജന്തുക്കൾ, മലിനജലം , മാലിന്യം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങളാണ് ഇവർ അഭിമുഖീകരിക്കുന്നത്. വിവിധ ഇനങ്ങൾ പരിശീലനം നടത്തുന്ന നൂറോളം ആൺകുട്ടികളും എഴുപതിലേറെ പെൺകുട്ടികളും ഇവിടെ താമസിക്കുന്നുണ്ട്.

മുൻപ് ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ

സ്പോർട്സ് കൗൺസിലിന്റെ ഹോസ്റ്റൽ ആൺകുട്ടികൾക്ക് ആശ്രാമം ഹോക്കി സ്റ്റേഡിയത്തിലും പെൺകുട്ടികൾക്ക് ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലുമാണ് ഒരുക്കിയിരുന്നത്. കഴിഞ്ഞ മഴക്കാലത്ത് ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേ‍ഡിയത്തിലെ താമസസ്ഥലത്തെ സാഹചര്യം മോശമായതോടെയാണ് പെൺകുട്ടികളെയും ആശ്രാമം ഹോക്കി സ്റ്റേഡിയത്തിലേക്കു മാറ്റിയത്. അന്ന് 3 മാസം കൊണ്ട് അറ്റകുറ്റപ്പണി നടത്തി തിരിച്ചു കൊണ്ടുവരുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ 6 മാസം പിന്നിട്ടിട്ടും  നടപടി ആയിട്ടില്ല.

പ്രധാന പ്രശ്നം ശുദ്ധജലം

ആശ്രാമത്തെ അഡ്വഞ്ചർ പാർക്കിൽ നിന്നായിരുന്നു ഹോക്കി സ്റ്റേഡിയത്തിലെ ഹോസ്റ്റലിലേക്ക് വെള്ളം കൊണ്ടുവന്നിരുന്നത്. എന്നാൽ വെള്ളത്തിന് തുക കുടിശിക ആയതോടെ വെള്ളം മുടങ്ങി. ഹോക്കി സ്റ്റേഡിയത്തിനുള്ളിൽ കുഴൽക്കിണർ ഉണ്ടെങ്കിലും ഇതിലെ വെള്ളം കുടിക്കാനോ, കുളിക്കാനോ ഉപയോഗിക്കാനാവില്ല .  അഡ്വഞ്ചർ പാർക്കിൽ നിന്നുള്ള ജലവിതരണം നിലച്ചതോടെ കുട്ടികൾക്ക് വൃത്തിഹീനമായ ഈ വെള്ളമാണ് കുളിക്കാനും മറ്റും നൽകുന്നത്. ഇത് ആരോഗ്യ പ്രശ്നം സൃഷ്ടിക്കുന്നതായും പരാതിയുണ്ട്.

 എലി ശല്യവും മാലിന്യക്കൂമ്പാരവും

പെൺകുട്ടികളെ ഹോക്കി സ്റ്റേഡിയത്തിലെ ഹാളിലാണ് താമസിപ്പിച്ചിരിക്കുന്നത്. എലിയുടെ ശല്യം ഇവിടെ രൂക്ഷമാണ്. പരാതി പറഞ്ഞിട്ടും വിഷയത്തിൽ നടപടി ഉണ്ടായിട്ടില്ല. ഫണ്ടിന്റെ അപര്യാപ്തത ചൂണ്ടിക്കാണിച്ചു കൊണ്ട് സ്റ്റേഡിയത്തിലെ ശുചീകരണ തൊഴിലാളികളുടെ എണ്ണം കുറച്ചിരുന്നു. ഇതു മാലിന്യം നീക്കം ചെയ്യുന്നതിനെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ഹോസ്റ്റലിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.

ഭക്ഷണ പ്രശ്നം പരിഹരിച്ചു

വൃത്തിഹീനമായ സാഹചര്യം ശ്രദ്ധയിൽ പെട്ടതിനാൽ ഹോസ്റ്റലിലെ അടുക്കളയ്ക്ക് ഭക്ഷ്യ വിതരണ വകുപ്പ് കഴിഞ്ഞ മാസം പൂട്ടിട്ടിരുന്നു. തുടർന്നു കേറ്ററിങ് സംവിധാനത്തിലൂടെയും മറ്റുമാണ് കുട്ടികൾക്ക് ഭക്ഷണം എത്തിച്ചിരുന്നത്. ഇതിലും പരാതി ഉയർന്നതോടെ 3 ദിവസം മുൻപ് ഒരു വീട്ടിൽ നിന്നു ഭക്ഷണം തയാറാക്കുന്നതിനുള്ള സംവിധാനം ഒരുക്കിയതോടെ ഭക്ഷണത്തിനുള്ള പ്രശ്നം ഏറെക്കുറെ പരിഹരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com