ADVERTISEMENT

തെന്മല ∙ ഇക്കോ ടൂറിസം പദ്ധതി മേഖലയായ പരപ്പാർ അണക്കെട്ടിലെ പള്ളംവെട്ടി മണ്ണണ തടാകത്തിൽ, ബോട്ട് സവാരിക്ക് എത്തുന്ന വിനോദ സഞ്ചാരികൾക്ക് മതിയായ അടിസ്ഥാന സൗകര്യങ്ങളില്ല. പള്ളംവെട്ടിയിൽ എത്തുന്നവർക്കു കയറി നിൽക്കാൻ പോലും ഇടമില്ല. പ്രാഥമിക സൗകര്യങ്ങൾ പോലും ഒരുക്കാത്ത ഇവിടെ എത്തുന്നവർ കുട്ടികൾ അടക്കം വെയിലത്തു നിൽക്കേണ്ട ഗതികേടിലാണ്.

വെയിലേൽക്കാതെ കാത്തുനിൽക്കാൻ കാട്ടിൽ അഭയം തേടണം. അവധി ദിവസങ്ങളിൽ നൂറുകണക്കിനു സഞ്ചാരികൾ എത്തുന്ന പള്ളംവെട്ടിയിൽ ബോട്ട് സവാരിക്കു വൻതുക ഫീസായി ഈടാക്കുമ്പോഴും സഞ്ചാരികൾക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിലെ വീഴ്ചയ്ക്കു മറുപടിയില്ല. തെന്മല ഇക്കോ ടൂറിസവും വനംവകുപ്പിന്റെ ശെന്തുരുണി ഇക്കോ ടൂറിസവും സഞ്ചാരികളെ പങ്കിട്ടെടുത്തു ലക്ഷങ്ങൾ കീശയിലാക്കുമ്പോൾ സഞ്ചാരികൾക്കു നൽകേണ്ട അടിസ്ഥാനസൗകര്യങ്ങൾവഴിപാടായി.

ഇക്കോ ടൂറിസത്തിന് ഉമയാർ, ശെന്തുരുണി, പാലരുവി എന്നീ ബോട്ടുകളും ശെന്തുരുണി ഇക്കോ ടൂറിസത്തിനു വേറെ ഒരു ബോട്ടുമാണുള്ളത്. തെന്മലയിൽ നിന്ന് സ്വന്തം വാഹനത്തിലും  മറ്റും പള്ളംവെട്ടിയിൽ എത്തുന്നവർ പാതയോരത്ത് വാഹനം പാർക്കു ചെയ്ത ശേഷം നടന്നു വേണം ബോട്ട് യാർഡിലെത്താൻ. പാർക്കിങ് സൗകര്യം ഉണ്ടായിട്ടും ഫീസ് നൽകി ബോട്ടു സവാരിക്കെത്തുന്നവരുടെ വാഹനങ്ങൾ മണ്ണണയിലേക്കു കടത്തി വിടുന്നില്ല. മണ്ണണയുടെ കവാടത്തിലൂടെ പ്രവേശിച്ചു തിരികെ മറുഭാഗത്തു കൂടി പുറത്തേക്കു പോകാനുള്ള പാതയും അടച്ചു. 

മണ്ണണയുടെ മുകളിൽ അണക്കെട്ടിന്റെ ദൃശ്യങ്ങൾ ആസ്വദിക്കാനും തിരികെ പോകാൻ മറുവശത്തെ പാത ഉപയോഗിക്കാമെന്നിരിക്കെ അടച്ചു പൂട്ടിയ നടപടിക്കു കാരണമില്ല. ബോട്ടു സവാരി നടത്തി മടങ്ങുമ്പോൾ ഇക്കോ ടൂറിസം പദ്ധതിയുടെ പിടിപ്പുകേടിൽ അമർഷം അറിയിക്കാത്ത സഞ്ചാരികൾ വിരളമായി.മണ്ണണയിൽ പൂന്തോട്ടം ഒരുക്കി ആകർഷമാക്കിയാൽ കൂടുതൽ സഞ്ചാരികൾ എത്താനുള്ള സാധ്യതകളും അധികൃതർ കാര്യമായെടുക്കുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com