ADVERTISEMENT

കൊല്ലം/ചവറ∙ ജില്ലയിൽ സന്ദർശനം നടത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ചവറയിലും നഗരത്തിൽ രണ്ടിടത്തും എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ കരിങ്കൊടി കാട്ടി. ചവറയിൽ കരിങ്കൊടി കാട്ടിയ എസ്എഫ്ഐ പ്രവർത്തകരെ തടയാൻ ശ്രമിച്ചപ്പോൾ നേരിയ തോതിൽ സംഘർഷവും ലാത്തിച്ചാർജുമുണ്ടായി. ഓച്ചിറയിൽ കേരള തണ്ടാൻ മഹാസഭാ ചടങ്ങിൽ പങ്കെടുത്ത് കൊല്ലത്തേക്കു മടങ്ങുമ്പോഴാണ് ചവറയിൽ ബിജെഎം ഗവ. കോളജിനു മുന്നിൽ എസ്എഫ്ഐക്കാർ ബാനർ ഉയർത്തി പ്രകടനം നടത്തിയത്.

ദേശീയപാതയിലേക്കു കടക്കാനുളള ശ്രമം പൊലീസ് ഇടപെട്ടു വിഫലമാക്കി. പൊലീസുമായുള്ള സംഘർഷത്തിൽ ചില പ്രവർത്തകർ താഴെ വീണു. അതിനിടെയാണു പ്രവർത്തകരിൽ ഒരാൾ പൊലീസ് ഉദ്യോഗസ്ഥനെ പിന്നിൽ നിന്ന് അടിച്ചത്. തുടർന്നു നടത്തിയ ലാത്തിച്ചാർജിൽ ചില എസ്എഫ്ഐ പ്രവർത്തകർക്ക് പരുക്കേറ്റു.  ബസ് സ്റ്റാൻഡിനു സമീപം ദേശീയപാതയിൽ 5 പ്രവർത്തകർ കരിങ്കൊടി കാട്ടിയ സംഭവത്തിൽ കേസെടുത്തു. 

കാവനാട്ടെ സ്കൂളിലെ പരിപാടിക്കു ശേഷം സർക്കാർ ഗെസ്റ്റ് ഹൗസിലേക്ക് ഉച്ചഭക്ഷണത്തിന് എത്തുമ്പോഴാണ് ഇരുമ്പുപാലത്തിനു സമീപം സിപിഎം ഏരിയ കമ്മിറ്റി ഓഫിസിന് മുൻപി‍ൽ പൊലീസ് നോക്കിനിൽക്കെ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. പ്രകടനത്തിനിടെ കടന്നുപോയ ഗവർണർ കാറിനുള്ളിലിരുന്നു പ്രവർത്തകരെ കൈവീശി കാണിച്ചു. വനിതകൾ അടക്കം ഏഴു പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. 

ഗെസ്റ്റ് ഹൗസിൽ നിന്നു വൈകുന്നേരം തിരുവനന്തപുരത്തേക്കു മടങ്ങുമ്പോൾ കടപ്പാക്കടയ്ക്കു സമീപം കരിങ്കൊടിക്കാട്ടാൻ ശ്രമിച്ച എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പൊലീസ് ജീപ്പിലേക്കു കയറ്റുമ്പോഴാണു ഗവർണർ ആ വഴി വന്നത്. പൊലീസ് വാഹനത്തിൽ ഇരുന്ന് ഗവർണർക്ക് എതിരെ മുദ്രാവാക്യം മുഴക്കി. ഗവർണറുടെ കാറിനു പിന്നാലെ ഓടി കരിങ്കൊടി കാട്ടാൻ ശ്രമിച്ചയാളെയും പൊലീസ് പിടികൂടി. രാമൻകുളങ്ങരയ്ക്കു സമീപം സംഗീത ജം‌ക്‌ഷനിൽ കറുത്ത ഷർട്ട് ധരിച്ച 2 പേരെ പൊലീസ് കരുതൽ തടങ്കലിലാക്കി. ഇവർ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നു പറയുന്നു. ഗവർണർ ഇതുവഴി കടന്നുപോയ ശേഷം ഇവരെ വിട്ടയച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com