ADVERTISEMENT

കൊട്ടാരക്കര∙ അമിത ഭാരം കയറ്റിയ 2 ലോറികൾ പിടികൂടിയ ശേഷം കൈക്കൂലി വാങ്ങി വിട്ടയച്ചെന്ന റിപ്പോർട്ടിൽ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്കും ഡ്രൈവർക്കും സസ്പെൻഷൻ. കൊട്ടാരക്കര എൻഫോഴ്സ്മെന്റ് ആർടി ഓഫിസ് സ്ക്വാഡിലെ എഎംവിഐ വി.ആർ.ലിജിൻ, ഡ്രൈവർ എൻ. അനിൽകുമാർ എന്നിവരെയാണ് ട്രാൻസ്പോർട്ട് കമ്മിഷണർ എസ്.ശ്രീജിത്ത് സസ്പെൻഡ് ചെയ്തത്.

കമ്മിഷണറുടെ നിർ‌ദേശപ്രകാരം സ്ക്വാഡ് ആർടിഒ പരിശോധന നടത്തി നൽകിയ റിപ്പോർട്ടിലാണ് നടപടി. കഴിഞ്ഞ 5ന് രാവിലെ 10.30ന് കൊട്ടാരക്കര- ഓടനാവട്ടം റോഡിലാണ് സംഭവം. വാഹന പരിശോധനയ്ക്കിടെ രണ്ട് ലോറികൾ പാറപ്പൊടിയുമായി സ്ക്വാഡ് പിടികൂടി. പിഴ ഈടാക്കാനായി ‍ ഓൺലൈനിൽ‌  നമ്പർ ഇട്ടെങ്കിലും പിറ്റേന്ന് രാവിലെ വരെ പണം വാങ്ങിയില്ല. പരിശോധിച്ചപ്പോൾ ചലാൻ റദ്ദാക്കിയെന്നാണ് കണ്ടെത്തിയത്. സംഭവം അറിഞ്ഞതോടെ ട്രാൻസ്പോർട്ട് കമ്മിഷണർ‌ അന്വേഷണത്തിന് ആർടിഒയെ ചുമതലപ്പെടുത്തുകയായിരുന്നു.

സൈബർ സഹായത്തോടെ രേഖകൾ പരിശോധിച്ചപ്പോൾ വാഹനജീവനക്കാരും മോട്ടർ വെഹിക്കിൾ ഉദ്യോഗസ്ഥരും ഒന്നര മണിക്കൂറോളം ഒരേ ലൊക്കേഷനിൽ ഉണ്ടായിരുന്നതായും ലോറി ജീവനക്കാരന്റെ അക്കൗണ്ടിൽ നിന്ന് 20000 രൂപ ഗൂഗിൾ പേ ആയി ആർടി ഓഫിസ് ഏജന്റിന്റെ അക്കൗണ്ടിലേക്ക് അയച്ചതായും തെളിഞ്ഞു. ടോറസ് ലോറി ഡ്രൈവറുടെയും ആർടി ഏജന്റിന്റെയും മൊഴിയും നിർണായകമായി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ എസ്.ശ്രീജിത്ത് ഉത്തരവിട്ടു. സംഭവത്തിന്റെ ഗൗരവം പരിശോധിച്ച് വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യുമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ‌ എസ്.ശ്രീജിത്ത് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com