ഡി ഹണ്ട് ഓപ്പറേഷൻ: പൊലീസിനെ ആക്രമിച്ച കേസിൽ സ്ത്രീകൾ അറസ്റ്റിൽ
Mail This Article
ചവറ ∙ സംസ്ഥാന വ്യാപകമായി ലഹരി സംഘങ്ങൾക്കെതിരെ നടത്തിയ ഡി ഹണ്ട് ഓപ്പറേഷന്റെ ഭാഗമായി ചവറയിൽ റെയ്ഡ് നടത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച കേസിൽ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ. ചവറ പഴഞ്ഞിക്കാവ് വൈങ്ങോലിൽ വീട്ടിൽ സുലജ പാപ്പച്ചൻ (51) ഇവരുടെ മരുമക്കളായ ലയ ദാസ് (24), രശ്മി (28) എന്നിവരാണ് പിടിയിലായത്. സുലജ പാപ്പച്ചന്റെ മക്കളായ ജീവൻഷാ, ജിതിൻഷാ എന്നിവർ ഒളിവിലാണ്.
ഗ്രേഡ് വനിത സിവിൽ പൊലീസ് ഓഫിസർ ബി.ഉഷയുടെ കൈ കടിച്ചു മുറിക്കുകയും ഇൻസ്പെക്ടർ കെ.ആർ.ബിജുവിനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇവരുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയ സംഘം സമീപത്തെ റോഡിൽ നിർത്തിയിട്ടിരുന്ന കാർ പരിശോധിക്കുന്നത് തടയുകയും അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്തുവെന്നുമാണു കേസ്.
കോടതിയിൽ ഹാജരാക്കിയ മൂന്നു പേർക്കും ജാമ്യം അനുവദിച്ചു. വനിത പൊലീസ് ഓഫിസർ ചികിത്സയിലാണ്. മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയതായി ഇൻസ്പെക്ടർ കെ.ആർ.ബിജു പറഞ്ഞു.