ADVERTISEMENT

കൊല്ലം∙ കൊല്ലം ബീച്ചിനു സമീപം വെടിക്കുന്ന് മുതൽ മുണ്ടയ്ക്കൽ പാപനാശം വരെ വരുന്ന ജനങ്ങൾക്കു കലിതുള്ളിയെത്തുന്ന കടലിനെ നോക്കി കരയാനാണു വിധി. ഒരാഴ്ചയായി ശക്തമായ കടലാക്രമണമാണു ജനങ്ങൾ നേരിടുന്നത്. തിരുവാതിര നഗർ മുതൽ നേതാജി നഗർ വരെ നാൽപതോളം വീടുകൾ കടലെടുക്കുന്ന സ്ഥിതിയിലാണ്. കരയോടു ചേർന്നു നിന്ന ഇരുപതോളം വലിയ മരങ്ങൾ കടലെടുത്തു. ഇന്നലെ രാവിലെ വലിയ ഒരു മരം കൂടി കടലിൽ വീണു. 

കടൽക്ഷോഭത്തെ തുടർന്ന് കൊല്ലം മുണ്ടയ്ക്കൽ വെടിക്കുന്ന് ഭാഗത്ത് തീരം ഇടിഞ്ഞു മരങ്ങൾ കടലിലേക്കു പതിച്ചപ്പോൾ. ചിത്രം: മനോരമ
കടൽക്ഷോഭത്തെ തുടർന്ന് കൊല്ലം മുണ്ടയ്ക്കൽ വെടിക്കുന്ന് ഭാഗത്ത് തീരം ഇടിഞ്ഞു മരങ്ങൾ കടലിലേക്കു പതിച്ചപ്പോൾ. ചിത്രം: മനോരമ

സമീപത്തെ വൈദ്യുതി തൂണുകളും വീടുകളും കടലെടുക്കുമെന്ന അവസ്ഥയിലാണ്. പരവൂർ മുതൽ കാക്കത്തോപ്പ് വരെ മാത്രമാണു നിലവിൽ പുലിമുട്ടുകൾ. ഇതോടൊപ്പം കൊല്ലം ബീച്ച് വരെ പുലിമുട്ടുകൾ സ്ഥാപിക്കണമെന്നാണു മദ്രാസ് ഐഐടിയുടെ പഠന റിപ്പോർട്ട്. എന്നാൽ മുണ്ടയ്ക്കൽ മുതൽ ബീച്ച് വരെ പുലിമുട്ടുകൾ സ്ഥാപിക്കുമെന്ന അധികൃതരുടെ വാക്കുകൾ എല്ലാം ജലരേഖയായി എന്നാണു നാട്ടുകാരുടെ ആക്ഷേപം. 

‘‘ചായക്കട,അങ്കണവാടി, ക്ലബ് എന്നിവ ഉണ്ടായിരുന്ന വെടിക്കുന്ന് കടപ്പുറം ഇപ്പോൾ കടലായി മാറി. തീരദേശ ഹൈവേയുടെ ഭാഗമായി ഇവിടെ നിന്ന് ഒട്ടേറെപ്പേരെ മാറ്റിയിരുന്നു. ഇപ്പോൾ അവിടെയും കടലായി. തീരദേശ ഹൈവേയ്ക്കു കല്ലിട്ടിരിക്കുന്നതിനു പുറത്തുള്ള ഞങ്ങളുടെ വീടും വസ്തുവും കൂടി കടലെടുക്കുമെന്ന സ്ഥിതിയിലാണ്. പരസ്പരം കുറ്റം പറയുന്ന അധികൃതർ ജനങ്ങളുടെ കണ്ണീർ കണ്ടില്ലെന്നു നടിക്കുന്നത് അവസാനിപ്പിക്കണം.’’

ഇതിനാലാണു തങ്ങൾക്കു വലിയ തോതിൽ കടലാക്രമണം നേരിടേണ്ടി വരുന്നതെന്നും നാട്ടുകാർ പറയുന്നു. ഈ അവസ്ഥ തുടർന്നാൽ മഴക്കാലം ആരംഭിക്കുന്നതിനു മുൻപേ കര പൂർണമായും കടലെടുക്കും. 500 മീറ്റർ അകലെയുള്ള കൊല്ലം ബീച്ചും അധികം താമസിക്കാതെ കടലാക്രമണത്തിൽ ഇല്ലാതാകുമെന്നാണു നാട്ടുകാർ പറയുന്നത്.

‘‘ഒരു വർഷം മുൻപു വരെ വീട്ടിൽ നിന്നു 150 മീറ്റർ അകലെയായിരുന്നു കടൽ. ഇപ്പോൾ വീട്ടിൽ നിന്നു 10 ചുവടു വച്ചാൽ കടലാണ്. ഒരാഴ്ചയ്ക്കിടെ വലിയ തോതിലാണു ശക്തമായ തിരമാലകൾ അടിച്ചു കയറി കര ഇല്ലാതായത്. ശക്തമായ തിരമാലകളുടെ ശബ്ദത്തിൽ വീടുകൾ കുലുങ്ങുകയാണ്. വേലിയേറ്റം ഉണ്ടാകുന്ന ദിവസങ്ങളായതിനാൽ കടൽ ഇനിയും ഇരച്ചു കയറാൻ സാധ്യതയാണ്. പാറകൾ നിരത്തിയെങ്കിലും അടിയന്തരമായി താൽക്കാലിക പരിഹാരം കാണണം.’’ 

‘‘മുണ്ടയ്ക്കൽ ഭാഗത്തേക്കു പോകുന്ന കുറച്ചു ഭാഗത്ത് മാത്രമാണു കടൽ ഭിത്തിക്കായി നിരത്തിയ പാറകൾ കാണാനുള്ളത്. ശക്തമായ കടലാക്രമണത്തിൽ ഇവയും കടലിലേക്കു വീണു തുടങ്ങി. തറ തുരന്നാണു തിരമാലകൾ ഇരച്ചെത്തുന്നത്. വേലിയേറ്റ സമയത്തു കരയിൽ നിന്നും  എടുക്കുന്ന മണ്ണ് വേലിയിറക്ക സമയത്തു കടൽ തിരികെ കൊണ്ടിടുമായിരുന്നു. എന്നാൽ  കുറച്ചു വർഷങ്ങളായി മണ്ണ് തിരികെ ഇടുന്നില്ല. ഒട്ടേറെ വീടുകളും കുട്ടികൾ കളിക്കുന്ന മൈതാനങ്ങളും ഉണ്ടായിരുന്ന ഈ കടപ്പുറം  വിസ്മൃതിയിലായതിന്റെ വേദനയിലാണ്. അതോടൊപ്പം കിടപ്പാടം ഏതു നിമിഷവും നഷ്ടപ്പെടുമോ എന്ന ഭീതിയും ഞങ്ങൾക്കുണ്ട്.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com