ADVERTISEMENT

വിളക്കുടി∙ വിളക്കുടി പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ അംഗങ്ങൾ തമ്മിൽ കൂട്ടയടി. പിന്നാലെ സംഭവത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടു പൊലീസ് സ്റ്റേഷനിലെത്തിയ സിപിഎം–കോൺഗ്രസ് അംഗങ്ങൾ തമ്മിൽ പൊലീസിന്റെ മുന്നിലും പൊരിഞ്ഞ തല്ല്. വൈകിട്ടും സംഘർഷാവസ്ഥ തുടരുന്ന കുന്നിക്കോട്ടും വിളക്കുടിയിലും പൊലീസ് നിരീക്ഷണം ശക്തമാക്കി.

കോൺഗ്രസിൽ നിന്നു രണ്ടംഗങ്ങൾ കൂറുമാറുകയും സിപിഎം പിന്തുണയോടെ ഇതിലൊരാൾ പ്രസിഡന്റാകുകയും ചെയ്തതോടെയാണു സിപിഎം–കോൺഗ്രസ് സംഘർഷം തുടങ്ങിയത്. കൂറുമാറ്റത്തിനു ശേഷം നടന്ന ആദ്യ ഭരണസമിതി യോഗമായിരുന്നു ഇന്നലെ.

കൂറുമാറ്റത്തിൽ പ്രതിഷേധിച്ചു കോൺഗ്രസ് അംഗങ്ങൾ കറുത്ത ബാഡ്ജ് ധരിച്ചാണ് എത്തിയത്. യോഗം തുടങ്ങിയതും ഇവർ മുദ്രാവാക്യം വിളികളുമായി പ്രതിഷേധം തുടങ്ങി. അര മണിക്കൂർ കഴിഞ്ഞിട്ടും മുദ്രാവാക്യം വിളി തുടർന്നതോടെ യുഡിഎഫ് അംഗങ്ങളെ സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടി ഭരണപക്ഷം തുടങ്ങി.

ഇത് അംഗങ്ങൾ തമ്മിലുള്ള വാക്കേറ്റത്തിലേക്കും കയ്യാങ്കളിയിലേക്കും നീങ്ങുകയായിരുന്നു. അംഗങ്ങൾ തമ്മിൽ പൊരിഞ്ഞ അടി നടക്കുന്നതിനിടെ പൊലീസ് എത്തുകയും കോൺഗ്രസ് അംഗങ്ങളെ അറസ്റ്റ് ചെയ്തു നീക്കുകയുമായിരുന്നു

മുൻ  വൈസ് പ്രസിഡന്റ് ഷാഹുൽ കുന്നിക്കോട്, മുൻ സ്ഥിരസമിതി അധ്യക്ഷൻ ഷിബുദ്ദീൻ, ആശാ ബിജു, എസ്.രഘു, എസ്.ലതിക, ആർ.അജയകുമാർ, എൽഡിഎഫ് അംഗങ്ങളായ മുൻ പഞ്ചായത്ത് വൈ.പ്രസിഡന്റ് സുനി സുരേഷ്, സിപിഎം അംഗം ബി.ഷംനാദ് എന്നിവർക്കാണ് പരുക്കേറ്റത്.

ഇതിൽ കോൺഗ്രസ് അംഗങ്ങളെ പുനലൂർ താലൂക്ക് ആശുപത്രിയിലും എൽഡിഎഫ് അംഗങ്ങളെ കുന്നിക്കോട് ആശുപത്രിയിലും പ്രവേശിപ്പിച്ചു.  സംഭവത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഉച്ചയ്ക്കു രണ്ടിന് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ കോൺഗ്രസ്–സിപിഎം പ്രവർത്തകർ സ്റ്റേഷനിലും ഏറ്റുമുട്ടി.

കെഎസ്‌യു സംസ്ഥാന വൈ.പ്രസിഡന്റ് എം.ജെ. യദുകൃഷ്ണൻ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.ആർ.സൂര്യനാഥ്, സിപിഎം പഞ്ചായത്തംഗം ബി.ഷംനാദ് എന്നിവർക്ക് പരുക്കേറ്റു. സ്റ്റേഷനിലേക്ക് കയറുന്ന വാതിലിൽ കൂടിനിന്ന  ഇരു വിഭാഗവും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.

പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കിയെങ്കിലും പുറത്ത് രണ്ടു വിഭാഗവും സംഘടിച്ചത് ഏറെ നേരത്തേക്ക് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പിന്നീട് കോൺഗ്രസും രാത്രിയിൽ എൽഡിഎഫും പ്രതിഷേധ പ്രകടനം നടത്തി. കൊട്ടാരക്കര ഡിവൈഎസ്പി എസ്.നന്ദകുമാർ, കുന്നിക്കോട് സിഐ ഷെബീർ, എസ്ഐ ഗംഗാ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസാണ് സംഘർഷങ്ങൾ നിയന്ത്രണ വിധേയമാക്കിയത്.

കോൺഗ്രസ് പ്രകടനത്തിനു ബ്ലോക്ക് പ്രസിഡന്റ് ടി.എം.ബിജു, കാര്യറ നാസറുദ്ദീൻ, വി.ആർ.ജ്യോതി, ജെ.കെ.നന്ദകുമാർ, കോശി ചെറിയാൻ, നസീർ കുന്നിക്കോട്, രാഹുൽ, നസീർ വിളക്കുടി, പി.ഷൈജു, പ്രൈസൺ ഡാനിയേൽ, അനന്തൻ, ശ്യാം, ഷൈജു, അബ്ദുൽ മജീദ്, സജീദ് എന്നിവർ പ്രസംഗിച്ചു. എൽഡിഎഫ് പ്രകടനത്തിനു എ.വഹാബ്, വി.ജെ.റിയാസ് എന്നിവർ നേതൃത്വം നൽകി. 

വനിതാ അംഗത്തെ അപമാനിച്ചെന്ന് പരാതി
വിളക്കുടി ∙ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ കോൺഗ്രസ്–എൽഡിഎഫ് അംഗങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെ കോൺഗ്രസ് അംഗത്തിന്റെ സാരി പിടിച്ചു വലിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും സിപിഎം അംഗത്തിനെതിരെ പരാതിയുയർന്നു. എന്നാൽ, കോൺഗ്രസ് അംഗങ്ങൾ  മുൻ വൈസ് പ്രസിഡന്റ് സുനി സുരേഷിന്റെ കയ്യിൽ മുറിവേൽപിച്ചെന്നും  സിപിഎം അംഗം ബി.ഷംനാദിനെ മർദിച്ചെന്നും പരാതിയുണ്ട്.

സിപിഎം അംഗം ബി.ഷംനാദ്  മുൻ വൈസ് പ്രസിഡന്റ് ഷാഹുൽ കുന്നിക്കോടിനെ മർദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.  ഇരുകൂട്ടരുടെയും മൊഴി രേഖപ്പെടുത്തിയ പൊലീസ് തുടരന്വേഷണത്തിനു ശേഷം കേസെടുക്കുമെന്ന് അറിയിച്ചു. കൊട്ടാരക്കര ഡിവൈഎസ്പി എസ്.നന്ദകുമാറിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

കൂറുമാറ്റം അംഗീകരിക്കില്ല, പ്രതിഷേധം തുടരും
വിളക്കുടി∙ കൂറുമാറിയ രണ്ടംഗങ്ങളെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതിന്റെ  നടപടി തീരും വരെ  അംഗങ്ങൾക്കെതിരെയുള്ള പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.എം.ബിജു പറഞ്ഞു.   സിപിഐ അംഗം ഭൂമി കയ്യേറ്റം നടത്തിയെന്ന സംഭവത്തിൽ  സിപിഎം നിലപാട് വ്യക്തമാക്കണമെന്നും ബിജു ആവശ്യപ്പെട്ടു.

ഭീഷണിപ്പെടുത്തി ഭരണ സ്തംഭനം സൃഷ്ടിക്കാനുള്ള നീക്കം അനുവദിക്കില്ല
വിളക്കുടി∙ നിയമപരമായി നേരിടുന്നതിനു പകരം ഭീഷണിപ്പെടുത്തി ഭരണ സ്തംഭനം സൃഷ്ടിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നു സിപിഎം ഏരിയ സെക്രട്ടറി എസ്.മുഹമ്മദ് അസ്‌ലം. മാർച്ച് മാസത്തിൽ ബജറ്റ് അവതരിപ്പിക്കാനുള്ള നീക്കം നടക്കുകയാണ്. ഇത് തടയുകയാണ് യുഡിഎഫ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം മുൻ പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിച്ച സംഭവം രണ്ടു ലോക്കൽ സെക്രട്ടറിമാർക്ക് എതിരെ കേസ്
കടയ്ക്കൽ∙ സിപിഎം മുൻ പഞ്ചായത്ത് പ്രസിഡന്റ് എൻ.സായിദാസിനെ ആക്രമിച്ച കേസിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർക്കെതിരെ കേസെടുത്തു. കടയ്ക്കൽ ലോക്കൽ സെക്രട്ടറി ടി.എസ്.പ്രഫുല്ലഘോഷ്, ആൽത്തറമൂട് ലോക്കൽ സെക്രട്ടറി സി.ദീപു എന്നിവർക്കെതിരെയാണ് കേസ്. കണ്ടാലറിയാവുന്ന ഒരാൾ കൂടി പ്രതിയാണ്. സിപിഎം ലോക്കൽ സെക്രട്ടറി, ഏരിയ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന സായിദാസ് അടുത്തിടെ പാർട്ടി പ്രവർത്തനത്തിൽ നിന്നു ഒഴിഞ്ഞു നിന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com