നെല്ലിന്റെ പണം നൽകിയില്ല: കർഷകർക്ക് സപ്ലൈകോയുടെ വക ഉഗ്രൻ ‘പണി’

Mail This Article
കരീപ്ര ∙ നെല്ല് നൽകി ഒരു മാസം കഴിഞ്ഞിട്ടും പണം നൽകാതെ കരീപ്രയിലെ കർഷകരെ സപ്ലൈകോ ബാങ്കുകളുടെ പേര് പറഞ്ഞു വലയ്ക്കുന്നതായി പരാതി. കടം വാങ്ങിയും വായ്പ എടുത്തും കൃഷി ചെയ്തവർക്ക് പണം കിട്ടാതായതോടെ അടുത്ത കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്.
തളവൂർക്കോണം, പാട്ടുപുരയ്ക്കൽ ഏലാ സമിതി മാത്രം 40 ടൺ നെല്ല് സപ്ലൈകോയ്ക്ക് നൽകിയിട്ടുണ്ട്. കരീപ്ര പഞ്ചായത്തിൽ നിന്ന് മാത്രം 100 ടൺ നെല്ല് സപ്ലൈകോയ്ക്ക് നൽകിയിട്ടുണ്ട്. 2000 രൂപ മുതൽ 1 ലക്ഷം രൂപ വരെ ലഭിക്കാനുള്ള കർഷകർ ഇക്കൂട്ടത്തിൽ ഉണ്ട്. പണം അനുവദിച്ചെന്ന് സപ്ലൈകോയിൽ നിന്ന് അറിയിപ്പ് ലഭിച്ചെങ്കിലും നിശ്ചിത പൊതു മേഖലാ ബാങ്കിൽ അക്കൗണ്ട് എടുക്കണമെന്നാണു നിർദേശം.
മറ്റ് പല ബാങ്കിലും അക്കൗണ്ട് ഉണ്ട് 2000 രൂപ കിട്ടാനുള്ള കർഷകർ 1000 രൂപ മുടക്കി അക്കൗണ്ട് എടുക്കേണ്ട സ്ഥിതിയാണ്. സപ്ലൈകോയ്ക്കു നെല്ല് നൽകിയപ്പോൾ ബാങ്ക് അക്കൗണ്ട് വിവരം കൈമാറിയിരുന്നു. കഴിഞ്ഞ തവണയും ഇതേ പ്രതിസന്ധി വന്നപ്പോൾ മന്ത്രി കെ.എൻ.ബാലഗോപാൽ ഇടപെട്ടു സീറോ ബാലൻസ് അക്കൗണ്ട് എടുക്കാൻ നടപടി സ്വീകരിച്ചു.
അതുപോലെ മറ്റ് ബാങ്കുകളിൽ അക്കൗണ്ട് എടുക്കണമെങ്കിൽ ഇത്തവണയും സീറോ ബാലൻസ് അക്കൗണ്ട് എടുക്കാൻ സഹായിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. ഓരോ തവണയും വിവിധ ബാങ്കുകൾ വഴിയാണ് പണം ലഭിക്കുന്നത്.
അത്തരം ബാങ്കുകളിൽ എല്ലാം അക്കൗണ്ട് എടുക്കുക എന്നത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്ന് പാട്ടുപുരയ്ക്കൽ ഏലാ സമിതി പ്രസിഡന്റ് ചന്ദ്രശേഖരൻപിള്ള അറിയിച്ചു.