ചന്ദനമരങ്ങൾ മുറിച്ചു കടത്തിയ തമിഴ്നാട് സ്വദേശി പിടിയിൽ
Mail This Article
ആര്യങ്കാവ്∙ കടമാൻപാറ ചന്ദനമരത്തോട്ടത്തിൽ നിന്ന് ചന്ദനമരങ്ങൾ മുറിച്ചു കടത്തിയ തമിഴ്നാട് സ്വദേശി പിടിയിൽ. തെങ്കാശി സ്വദേശിയും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയുമായ നവാസ് ഖാനെ (30) ആണ് വനപാലകർ തെങ്കാശിയിൽ നിന്നു പിടികൂടിയത്. കടമാൻപാറ ഫോറസ്റ്റ് സ്റ്റേഷനിലെ 11 ചന്ദനക്കേസുകളിലെ പ്രതിയാണു പിടിയിലായ നവാസ് ഖാനെന്ന് വനപാലകർ പറഞ്ഞു .
ചന്ദനമരം മുറിക്കുന്ന സമയത്ത് വാച്ചർമാർ കണ്ടതോടെ വാൾ ഉപയോഗിച്ചു ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയും വാച്ചർ ഷെഡ് തകർക്കുകയും ചെയ്തു. വാച്ചർമാരെ തോക്കു കാട്ടി ഭീഷണിപ്പെടുത്തി ചന്ദനമരം മുറിച്ചു കടത്തിയ കേസിലും അച്ചൻകോവിൽ വനം ഡിവിഷനിൽ ആനക്കൊമ്പ് കേസിലും പ്രതിയാണ്.
തമിഴ്നാട്ടിലെ പുളിയറ, ചെങ്കോട്ട, ശങ്കരൻകോവിൽ, ഉറവത്തുമല, പാവൂർസത്രം, സാംബവർ വടകര എന്നിവിടങ്ങളിൽ കൊലപാതകക്കേസുകളിലും പ്രതിയാണ്. കാപ്പ അടക്കമുള്ള വകുപ്പുകളും ഇയാൾക്കെതിരെ തമിഴ്നാട് പൊലീസ് ചുമത്തിയിട്ടുണ്ട്. തെന്മല ഡിഎഫ്ഒ ഷാനവാസ്, റേഞ്ച് ഒാഫിസർ രാജേഷ്, പിആർഒ വി. വിപിൻ ചന്ദ്രൻ, ഫോറസ്റ്റർമാരായ അനുകൃഷ്ണൻ, ഗിരീഷ്, ബിഎഫ്ഒ എൽ.ടി. ബിജു, റിയാസ് എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ പിടികൂടിയത്.