ADVERTISEMENT

കൊല്ലം ∙അധികൃതർ കണ്ണടയ്ക്കുന്നതുമൂലം കോർപറേഷനു കോടിക്കണക്കിനു രൂപയുടെ വരുമാന നഷ്ടം. പൗൾട്രി ഫാമുകളിൽ നിന്നുള്ള കോഴിമാലിന്യം നീക്കം ചെയ്യുന്നതിനും ലോറി സ്റ്റാൻഡും ലേലം ചെയ്യുന്നതിൽ വീഴ്ച വരുത്തിയും ആണ് തനതു വരുമാനത്തിൽ ഭീമമായ നഷ്ടം വരുത്തുന്നത്. എസ്ബിഐ ഓഫിസിനു സമീപം ലോറി സ്റ്റാൻഡ് പ്രവർത്തിക്കുന്ന സ്ഥലത്ത് ആധുനിക മൊബിലിറ്റി ഹബ് സ്ഥാപിക്കും എന്നു പറഞ്ഞാണ്  രണ്ടു വർഷമായി ലേലം നടത്താതിരിക്കുന്നത്. പ്രതിവർഷം 7 ലക്ഷത്തിൽ അധികം രൂപയായിരുന്നു ലോറി സ്റ്റാൻഡ് ലേലം ചെയ്യുന്നതിലൂടെ കോർപറേഷനു ലഭിച്ചിരുന്നത്. മൂന്നാമത്തെ സാമ്പത്തിക വർഷത്തിലേക്ക് കടക്കുകയാണ്. ഈ തുക കൂടി കണക്കാക്കിയാൽ 21  ലക്ഷത്തോളം രൂപയാണ് കോർപറേഷന്റെ നഷ്ടം. 

നഗരത്തിനു തിലകക്കുറിയാകുന്ന ഗാംഭീര്യത്തോടെ  ലോറി സ്റ്റാൻഡ് പ്രവർത്തിക്കുന്ന സ്ഥലത്ത് മൊബിലിറ്റി ഹബ് സ്ഥാപിക്കും എന്നാണ് വർഷങ്ങളായി കോർപറേഷൻ ഭരണാധികാരികൾ പറയുന്നത്.  ലോറി സ്റ്റാൻഡ് മാറ്റി സ്ഥാപിച്ച് ഹബ് സ്ഥാപിക്കും എന്നായിരുന്നു ഉറപ്പ്. ഹബ്ബിന്റെ വിശദമായ പദ്ധതി റിപ്പോർട്ട്  അവതരണം നടന്നിട്ട്  രണ്ടു വർഷത്തോളമായി. ലോറി സ്റ്റാൻഡ് ഇതുവരെ മാറ്റി സ്ഥാപിച്ചിട്ടില്ല. നവകേരള സദസ്സിനു കന്റോൺമെന്റ് മൈതാനത്ത് വേദി നിർമിക്കേണ്ടി വന്നപ്പോൾ അവിടെ കുന്നുകൂടി കിടന്ന മാലിന്യം ലോറി സ്റ്റാൻഡിലേക്ക് മാറ്റുകയുണ്ടായി. ഇതു മാത്രമാണ് അവിടെ നടന്ന വികസനം ! അവശേഷിക്കുന്ന സ്ഥലത്ത് ലോറികൾ പാർക്ക് ചെയ്യുന്നുണ്ട്. 

ചിന്നക്കട ക്ലോക്ക് ടവറിനു സമീപം ഉണ്ടായിരുന്ന ബങ്കുകൾ ഒഴിപ്പിച്ചപ്പോൾ അവരെ പുനരധിവസിപ്പിക്കാൻ എന്നു പറഞ്ഞു 17 ബങ്കുകൾ നേരത്തെ ലോറി സ്റ്റാൻഡിൽ നിർമിച്ചിരുന്നു. ഇത് ഏറ്റെടുക്കാൻ ആരും തയാറാകാതിരുന്നതിനെ തുടർന്നു ജീർണിക്കുകയും ഒടുവിൽ പൊളിച്ചു നീക്കുകയും ചെയ്തു. പിന്നെയാണ് മൊബിലിറ്റി ഹബ് എന്ന വാഗ്ദാനവുമായി എത്തിയത്. അതേ സമയം, ഇവിടെ മൊബിലിറ്റി ഹബ്ബിനു അനുയോജ്യമല്ലെന്ന് കൺസൽറ്റൻസി സ്ഥാപനം നേരത്തെ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് പറയുന്നു. 

കോഴിമാലിന്യത്തിന്റെ പേരിലും
ഇറച്ചിക്കോഴികളുടെ മാലിന്യം നീക്കം ചെയ്യുന്നതിനു 3 വർഷം മുൻപ് ടെൻഡർ ക്ഷണിച്ചിരുന്നെങ്കിലും ‘സാങ്കേതിക കാരണം’ പറഞ്ഞു അത് ഫയലിൽ കെട്ടിവച്ചിരിക്കുകയാണ്. പ്രതിവർഷം 70ലക്ഷം രൂപയാണ് ഇനത്തിൽ വരുമാന നഷ്ടം. 3 വർഷത്തെ തുക കണക്കാക്കിയാൽ 2.10 കോടി രൂപയുടെ നഷ്ടം. ഉയർന്ന ടെൻഡർ തുക 1.10 കോടി രൂപയായിരുന്നു. എന്നാൽ ഇദ്ദേഹം കരാറിൽ ഏർപ്പെടാതെ പിൻവാങ്ങി. ‘ഒരു പൂജ്യം അബദ്ധത്തിൽ മാറിപ്പോയി’  എന്നാണ് കോർപറേഷൻ അധികൃതർ ഇതിനു നൽകിയ വിശദീകരണം. രണ്ടാമത്തെ ഉയർന്ന തുക 70 ലക്ഷം രൂപയുടേതാണ്. എന്നാൽ ഇദ്ദേഹത്തിന് കരാർ നൽകുന്നതിനെതിരെ ഒരാൾ കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങി. സ്റ്റേ നീക്കം ചെയ്യാൻ കോർപറേഷൻ അധികൃതർ ആത്മാർഥമായ  ശ്രമം നടത്തുന്നില്ല എന്ന ആരോപണം ഉയരുകയാണ്. 

മാലിന്യം ശേഖരിക്കുന്നവർക്ക് പൗൾട്രി ഫാമുകൾ പണം നൽകണം. ഒരു കിലോ മാലിന്യത്തിന് 5–6 രൂപയാണ് നൽകേണ്ടത്. അവ വാങ്ങുന്ന കമ്പനികളും കിലോയ്ക്ക് നിശ്ചിത വില നൽകും. ലക്ഷക്കണക്കിന് രൂപയാണ് ഓരോ മാസവും മാലിന്യം ശേഖരിക്കുന്നവർക്ക് ലഭിക്കുന്നത്. ലേല നടപടികൾ വൈകിപ്പിക്കുന്നത് ഇവർക്ക് വേണ്ടിയാണെന്ന് ആരോപണം ഉയരുന്നു.

 തിരുവനന്തപുരം കോർപറേഷനിൽ വൻ തുകയ്ക്കാണ് കോഴി മാലിന്യം ശേഖരിക്കുന്നതിനു കരാർ നൽകിയിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com