ADVERTISEMENT

പുനലൂർ ∙ ചെങ്കോട്ട പുനലൂർ റെയിൽ പാതയിൽ വൈദ്യുതീകരണ ജോലികൾ ശേഷിച്ചിരുന്ന ഭഗവതിപുരം– പുനലൂർ ഭാഗത്ത് ഇന്നലെ വയറിങ് ജോലികൾ പൂർത്തിയാക്കി. 20 ദിവസത്തിന് ശേഷം വൈദ്യുതി എൻജിൻ ഉപയോഗിച്ച് ട്രയൽ റൺ നടത്തുന്നതിന്റെ മുന്നോടിയായി ഇന്നലെ ചെന്നൈയിൽ നിന്ന് ഉന്നതതല സംഘം പാത പരിശോധിക്കുകയും ചെയ്തു.

വയറിങ് ജോലികൾ കഴിഞ്ഞുവെങ്കിലും ഇടമണ്ണിനും തെന്മലയ്ക്കും മധ്യേയുള്ള മൂന്ന് പാലങ്ങളിൽ അധികമായി തൂണുകൾ ഘടിപ്പിക്കേണ്ട ജോലികൾ ശേഷിക്കുന്നുണ്ട്. ഇതിനായാണ് 20 ദിവസം നീക്കി വച്ചിരിക്കുന്നത്. കഴിഞ്ഞ റെയിൽവേ ബജറ്റിൽ വൈദ്യുതീകരണം പൂർത്തിയാക്കുന്ന പാതകളുടെ കിലോമീറ്ററുകൾ പ്രഖ്യാപിച്ചതിൽ ഈ പാതയും ഉണ്ട്. അതിനാലാണ് ഏറ്റവും ഒടുവിൽ അധികൃത ഇടപെട്ട് വൈദ്യുതീകരണ ജോലികൾ വേഗത്തിലാക്കിയത്.

 നേരത്തെ കഴുതുരുട്ടി 13 കണ്ണറപാലത്തിൽ വൈദ്യുതീകരണത്തിന് അനുമതി ലഭിച്ചിരുന്നില്ല.  ഒന്നരമാസം മുൻപാണ് അനുമതി ലഭിച്ചത്. നിലവിൽ തമിഴ്നാട്ടിലെയും കൊല്ലത്തെ പെരിനാട് സബ്സ്റ്റേഷനുകളിൽ നിന്നും വൈദ്യുതി ശേഖരിച്ചാണ് ട്രയൽ റൺ നടത്തുന്നത്. എന്നാൽ വൈദ്യുതി ട്രെയിൻ ഓടണമെങ്കിൽ പുനലൂരിലെ സബ്സ്റ്റേഷനിൽ വൈദ്യുതി എത്തണം. റെയിൽവേ ഇലക്ട്രിഫിക്കേഷൻ ഡപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ എൻജിനീയർ റോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ സ്ഥലത്തെത്തിയത്.

അവരുടെ സാന്നിധ്യത്തിലാണ് പതിമൂന്നു പാലത്തിൽ വയറിങ് ജോലികൾ പൂർത്തിയാക്കിയത്.ഇതിനിടെ പുനലൂരിലെ ട്രാക്ഷൻ സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടികൾ കെഎസ്ഇബിയും ആരംഭിച്ചിട്ടുണ്ട്. കെഎസ്ഇബി.സബ്സ്റ്റേഷനിൽ നിന്നു റെയിൽവേ സബ്സ്റ്റേഷനിലേക്കു ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്നതിന് 13.85 കോടിയുടെ പ്രവൃത്തിക്ക് അടുത്തിടെ ടെൻഡർ ക്ഷണിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com