ADVERTISEMENT

മൺറോത്തുരുത്ത്∙ പെരുങ്ങാലം നിവാസികളുടെ പ്രതീക്ഷകളെ ഉണർത്തി കൊന്നേൽക്കടവ് പാലത്തിന് വീണ്ടും ടെൻഡറായി. പാലം യാഥാർഥ്യം ആകുന്നതോടെ ഒരു ജനതയുടെ 32 വർഷത്തെ കാത്തിരിപ്പിനാണ് അവസാനമാകുന്നത്. കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ അധ്യക്ഷതയിൽ‍ ചേർന്ന കിഫ്ബി അധികൃതരുടെ യോഗത്തിൽ പാലം നിർമാണം ടെൻഡർ ചെയ്യുന്നതിനു തീരുമാനമായിരുന്നു.പെരുങ്ങാലം പ്രദേശത്തെ മൺറോത്തുരുത്തുമായി ബന്ധിപ്പിക്കുന്ന ഏക മാർഗമായ പാലം 1992ലെ പ്രളയത്തിലാണ് തകരുന്നത്. കല്ലടയാറിന്റെ ശാഖയായ കൊന്നയിൽ തോടിനു കുറുകെ ഉണ്ടായിരുന്ന പാലം തകർന്നതോടെ പെരുങ്ങാലം നിവാസികൾക്ക് കടത്ത് വള്ളം മാത്രമായി ആശ്രയം.

2018-ൽ ജി.സുധാകരൻ മന്ത്രിയായിരുന്നപ്പോൾ പാലം പുനർനിർമിക്കാൻ 28 കോടി രൂപ അനുവദിച്ചെങ്കിലും റെയിൽവേ തടസ്സം നിന്നതിനാൽ പദ്ധതി നടപ്പായില്ല. നിർമാണ സാമഗ്രികളുമായി ഭാരം കയറ്റിയ ലോറികൾ റെയിൽവേ പാലത്തിന് സമീപത്തുകൂടി പോകുന്നത് ബലക്ഷയമുണ്ടാക്കും എന്നായിരുന്നു വാദം. തുടർന്ന് ശാസ്താംകോട്ട ഭാഗത്തു നിന്ന് കല്ലടയാറു വഴി സാമഗ്രികൾ എത്തിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.2022ൽ കേരള റോഡ് ഫണ്ട് ബോർഡ് പുതിയ സാധ്യതാ പഠനം നടത്തി 36.2 കോടി രൂപയായി എസ്റ്റിമേറ്റ് തുക പുതുക്കി നൽകിയിരുന്നു. അഷ്ടമുടിയിൽ പ്ലാന്റ് സ്ഥാപിച്ച് 1.5 കിലോമീറ്റർ ജങ്കാർ വഴി സാമഗ്രികൾ കൊണ്ടുവന്നു പാലം നിർമിക്കാനായിരുന്നു പദ്ധതി. 175 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലും 7 സ്പാനുകൾ ഉള്ള പാലത്തിന് സാങ്കേതിക അനുമതിയും ലഭിച്ചു.

എന്നാൽ അനുബന്ധ റോഡിന്റെ രൂപകൽപനയ്ക്ക് കിഫ്ബിയിലെ സാങ്കേതിക വിദഗ്ധർ അനുമതി നൽകാതിരുന്നതിനാൽ കരാറുകാരൻ പദ്ധതി ഉപേക്ഷിച്ചു. തുടർന്നാണ് കഴിഞ്ഞ നവംബർ 22ന് കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ നേതൃത്വത്തിൽ കിഫ്ബി അധികൃതരുടെ യോഗം ചേർന്നത്. പാലം നിർമാണം മാത്രം ടെൻഡർ ചെയ്യുന്നതിനും കൂടുതൽ പഠനം നടത്തി അനുബന്ധ റോഡുകളുടെ രൂപകൽപന ഇതോടൊപ്പം തയാറാക്കാനും തീരുമാനമായത്.കഴിഞ്ഞ മാസം കണ്ണങ്കാട്ട് പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പെരുമൺ പാലം, കണ്ണങ്കാട്ട് പാലം, കൊന്നയിൽ കടവ് പാലം എന്നിവ പൂർത്തിയാകുന്നതോടെ മൺറോത്തുരുത്തിന് വിനോദസഞ്ചാര മേഖലയിൽ വൻ വികസനം കൈവരിക്കാനാകും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com