കലേന്ദ്രന്റെ തിരോധാനം; ദുരൂഹത തുടരുന്നു
Mail This Article
അഞ്ചൽ ∙ ചണ്ണപ്പേട്ട വനത്തുമുക്ക് കലേന്ദ്രനെ (47) ദുരൂഹ സാഹചര്യത്തിൽ കാണാതായി ഒന്നര മാസം പിന്നിട്ടിട്ടും പൊലീസ് അന്വേഷണം എങ്ങും എത്തിയില്ല. അടിമുടി ദുരൂഹതയെന്നു ബന്ധുക്കൾ . ഡിസംബർ 16 മുതൽ കാണാനില്ല എന്നാണു പരാതി. കാണാതായതായി പറയുന്ന ദിവസം പ്രദേശവാസികളായ ചിലർ ഒപ്പം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.
വനത്തോടു ചേർന്ന പ്രദേശത്താണു കലേന്ദ്രന്റെ താമസം. കാട്ടിൽ വച്ചു ചിലർ കലേന്ദ്രനെ അപായപ്പെടുത്തിയതാണെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്നു നായയുടെ സഹായത്തോടെ പൊലീസ് അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. എന്നാൽ നാട്ടുകാരുടെ സംഘം വനത്തിൽ നടത്തിയ അന്വേഷണത്തിൽ കലേന്ദ്രന്റെ വസ്ത്രങ്ങൾ കണ്ടെത്തി.
സമീപത്തു കണ്ട തലമുടി ദുരൂഹത ഇരട്ടിപ്പിച്ചു. ഫൊറൻസിക് , വിരലടയാള വിദഗ്ധർ സ്ഥലത്തുനിന്നു തെളിവുകൾ ശേഖരിക്കുകയും ചെയ്തു. സംശയത്തിന്റെ അടിസ്ഥാനത്തിൽ ഒട്ടേറെപ്പേരെ ചോദ്യം ചെയ്തെങ്കിലും കൃത്യമായി വിവരം ലഭിച്ചില്ലെന്നു പൊലീസ് പറയുന്നു. ഇതേസമയം സംഭവത്തിൽ പൊലീസ് അലംഭാവം കാട്ടുന്നതായി ആരോപിച്ചു കഴിഞ്ഞ ദിവസം പട്ടിക ജാതി മോർച്ച പ്രവർത്തകർ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തിയിരുന്നു .