ADVERTISEMENT

കൊട്ടാരക്കര∙ പാമ്പുകടിയേറ്റ് താലൂക്കാശുപത്രിയിൽ എത്തിച്ച പത്തു വയസ്സുകാരന് മതിയായ ചികിത്സ നൽകിയില്ലെന്നു പരാതി.   കിള്ളൂർ സ്വദേശി അനീഷിന്റെ  മകൻ ആഷിക്കിനെയാണ് രണ്ടു മണിക്കൂറോളം കിടത്തിയിട്ടും ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കു മാറ്റിയത്. 

താലൂക്ക് ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ഉയർന്നതോടെ മന്ത്രി വീണാ ജോർജ് ഡിഎംഒയിൽ നിന്നു റിപ്പോർട്ട് തേടി. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊതുപ്രവർത്തകർ കൊട്ടാരക്കര പൊലീസിനെയും സമീപിച്ചു. ശനിയാഴ്ച വൈകിട്ടാണ് വീട്ടിലെ കിണറ്റിൽ നിന്നു വെള്ളം കോരുന്നതിനിടെ  ആഷിക്കിനു പാമ്പുകടിയേറ്റത്. 4.45ന്  താലൂക്കാശുപത്രിയിൽ കുട്ടിയെ എത്തിച്ചു. ഇതിനിടയിൽ കുട്ടിക്ക് നെഞ്ചു വേദനയും ശാരീരിക അസ്വാസ്ഥ്യവുമുണ്ടായി. ആന്റിവെനം നൽകാത്തതാണ് സ്ഥിതി വഷളാക്കിയതെന്നാണ് പരാതി. അവശനായ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ശാരീരിക സ്ഥിതി മോശമായതിനാൽ വെഞ്ഞാറമ്മൂട് സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിച്ചു.  ജീവൻ അപകടാവസ്ഥയിലായതോടെ അവിടെ നിന്ന് എസ്എടി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. 

വിവരമറിഞ്ഞെത്തിയ ബിജെപി  പ്രവർത്തകരാണ് താലൂക്കാശുപത്രിയിൽ പ്രതിഷേധം തുടങ്ങിയത്. അർധരാത്രി വരെ പ്രതിഷേധം നീണ്ടു. ആന്റിവെനം ഉൾപ്പെടെ ആശുപത്രിയിൽ ഉണ്ടായിട്ടും കുട്ടിക്കു നൽകാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്നാണ് ആരോപണം. സംഭവത്തിൽ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡിഎംഒയ്ക്ക് പ്രാഥമിക റിപ്പോർട്ട് നൽകി. എന്നാൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് നിർദേശം. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാരുടെ മൊഴിയും പരാതിയും വിശദമായി അന്വേഷിക്കുമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സിന്ധു ശ്രീധരൻ പറഞ്ഞു.   

ബിജെപി പ്രതിഷേധത്തിന്  മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര, ജന. സെക്രട്ടറി അരുൺ കാടാം കുളം, മീഡിയ സെൽ കൺവീനർ ബി. സുജിത്ത്, വൈസ് പ്രസിഡന്റ് പ്രസാദ് പള്ളിക്കൽ, സുരേഷ് അമ്പലപ്പുറം, ഷാജഹാൻ, ഷിബു, മനു ത്യക്കണ്ണമംഗൽ, ഉമേഷ്, അരുൺ ദാസ്, ബിനു എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com