ADVERTISEMENT

കൊല്ലം ∙ അദാലത്ത്, നികുതി പിരിവ്, വിവിധ സർട്ടിഫിക്കറ്റുകൾ, കോടതിയിലേക്കും മറ്റും ആവശ്യമായ റിപ്പോർട്ടുകൾ, വിവിധ രേഖകൾ എന്നിവ നൽകുക, പ്രകൃതിക്ഷോഭങ്ങൾ വിലയിരുത്തുക, അനധികൃത ഖനനവും നിലം നികത്തലും പരിശോധിക്കുക, നിലം പുരയിടമാക്കുന്നത്, 18 വയസ്സിന് മുകളിൽ പ്രായമുള്ള അംഗങ്ങൾക്ക് ആധാർ കാർഡ് ലഭിക്കുന്നതിനുള്ള ഫീൽഡ് പരിശോധനാ റിപ്പോർട്ട് തയാറാക്കുക...

ഇതെല്ലാം വിവിധ സർക്കാർ വകുപ്പുകൾ നൽകുന്ന സേവനങ്ങളുടെ പട്ടികയാണെന്നു കരുതിയെങ്കിൽ തെറ്റി, സംസ്ഥാനത്തെ വില്ലേജ് ഓഫിസുകളുടെ മാത്രം ജോലിയാണിത്. ഇപ്പോഴുള്ള ജോലിഭാരത്തിന് പുറമേയാണ് നവകേരള സദസ്സിൽ ലഭിച്ച അപേക്ഷകളും ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു ചികിത്സാ ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷകൾ‍ സമയബന്ധിതമായി തീർപ്പാക്കാനുമുള്ള പുതിയ നിർദേശം. 

ജോലിഭാരം; ജീവനക്കാരുടെ ക്ഷാമം
സർക്കാർ വകുപ്പുകളുടെ മാതാവ് എന്നറിയപ്പെടുന്ന പൊതുഭരണത്തിന്റെ ഭാഗമായി പ്രവർത്തിച്ചുവരുന്ന വകുപ്പാണ് റവന്യു വകുപ്പ്.  ഇതിന്റെ ഭാഗമായ വില്ലേജ് ഓഫിസ് ഇപ്പോഴും പ്രവർത്തിക്കുന്നത് 1965 ലെ സ്റ്റാഫ് പാറ്റേണിലാണ്. 60 വർഷത്തിനിപ്പുറം പല വില്ലേജുകളിലും ജനസംഖ്യ കുത്തനെ വർധിച്ചെങ്കിലും ജീവനക്കാരുടെ എണ്ണത്തിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല.

ശരാശരി 4 ജീവനക്കാർ മാത്രമാണ് നിലവിൽ ഓരോ വില്ലേജ് ഓഫിസിലുമുള്ളത്. സാധാരണ ജോലിക്കു പുറമേയാണ് ദിവസേന പുതിയ നിർദേശങ്ങളും ജോലിയും ഏൽപിക്കുന്നത്. റേഷൻ വിജിലൻസ് മോണിറ്ററിങ് കമ്മിറ്റി, നെൽവയൽ തണ്ണീർത്തട നിയമപ്രകാരമുള്ള പ്രാദേശിക നിരീക്ഷണ സമിതി, ട്രീ കമ്മിറ്റി, ട്രാഫിക് അഡ്വൈസറി കമ്മിറ്റി തുടങ്ങി നിരവധി സമിതികളിലും വില്ലേജ് ഓഫിസർ അംഗവുമാണ്.

സെൻസസിന്റെ പ്രാരംഭ ജോലികൾ, തിരഞ്ഞെടുപ്പ് നടത്തിപ്പ് തുടങ്ങി നിരവധി കാലികമായ ജോലികളുമുണ്ട്. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട പരാതികൾ റവന്യു ഡിവിഷനുകൾ അടിസ്ഥാനത്തിൽ അദാലത്ത് നടത്തി ചെയ്ത് തീർപ്പാക്കാനുള്ള നിർദേശമാണ് സർക്കാരിൽ നിന്നു ലഭിച്ചിട്ടുള്ളത്. ജില്ലയിൽ ഇന്നാണ് അദാലത്ത് നടക്കുന്നത്.

ഒരു വില്ലേജിൽ ശരാശരി 700 മുതൽ 800 വരെ അപേക്ഷകൾ ഉണ്ട്. ഒരു സ്ഥലം സന്ദർശിച്ച് സ്കെച്ച്, മഹസർ തുടങ്ങി നിരവധി രേഖകൾ തയാറാക്കി റവന്യു ഡിവിഷനൽ ഓഫിസിലേക്ക് അയയ്ക്കാൻ തന്നെ ഒരു ദിവസം ആവശ്യമാണ്. 

അക്ഷയയിലെ ജോലിയും വില്ലേജ് ഓഫിസിൽ
ദുരിതാശ്വാസനിധിയിൽ നിന്നു ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷകളിൽ ഏറിയ പങ്കും മതിയായ രേഖകൾ ഇല്ലാത്തവയാണ്. വില്ലേജ് ജീവനക്കാർക്ക് ഈ അപേക്ഷകരെ കണ്ടെത്തി അവരിൽ നിന്നു രേഖകൾ ശേഖരിക്കേണ്ടി വരുന്നുണ്ട്. ധനസഹായം അനുവദിക്കണമെങ്കിൽ അപേക്ഷ സിഎംഒ പോർട്ടലിൽ തയാറാക്കി രേഖകൾ സ്കാൻ ചെയ്ത്  അയച്ച് വില്ലേജ് ഓഫിസർ റിപ്പോർട്ട് തയാറാക്കി നൽകണം.

കൂടാതെ നവകേരള പോർട്ടലിൽ വന്ന ഇതേ അപേക്ഷയ്ക്ക് മറുപടിയും അയയ്ക്കേണ്ടി വരുന്നു. ഇതിന് മുൻപ് നടന്ന് അദാലത്തുകളിൽ അപേക്ഷകൾ തയാറാക്കിയിരുന്നതും മറ്റും അക്ഷയ‍ വഴിയായിരുന്നു. എന്നാൽ അക്ഷയയ്ക്ക് നൽകാൻ പണമില്ലാത്തതിനാൽ അത് ഒഴിവാക്കി. ഈ ജോലിയെങ്കിലും അക്ഷയ കേന്ദ്രങ്ങളെ ഏൽപിക്കണമെന്നാണ് ആവശ്യം.

വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും സമയബന്ധിതമായി നൽകുവാനുള്ള സർട്ടിഫിക്കറ്റ് സംബന്ധമായ ജോലികളെല്ലാം ഇതിന്റെ കൂടെ നിർവഹിക്കണം. ഈ ജോലി ഭാരങ്ങൾ പല വില്ലേജ് ഓഫിസർമാരെയും ജീവനക്കാരെയും മാനസികമായും ശാരീരികമായും ബാധിക്കുന്നുണ്ട്.

ഈ ജോലികളെല്ലാം നിർവഹിക്കാൻ ആവശ്യമായ ജീവനക്കാരോ വാഹന സൗകര്യമോ ലഭ്യമല്ല എന്നതാണ് പ്രതിസന്ധി ഗുരുതരമാക്കുന്നത്. ആവശ്യത്തിന് ജീവനക്കാരെ ലഭ്യമാക്കിയും ജോലികൾ വിവിധ വകുപ്പുകൾക്ക് വിഭജിച്ചും പ്രശ്നം എത്രയും പെട്ടെന്നു പരിഹരിക്കണമെന്നാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com