ADVERTISEMENT

കൊട്ടാരക്കര∙ ബാല്യകാലത്തെ അഗ്നിപരീക്ഷകളിൽ‍ നിന്നു സഹോദരങ്ങളുമായി രക്ഷപ്പെട്ട് കലയപുരം ആശ്രയയുടെ സുരക്ഷിത സങ്കേതത്തിൽ വളർന്ന സരസുവിനു മാംഗല്യം. സരസുവിനെ കണ്ണൂർ കേളകം വെളളാരംകുന്നേൽ വീട്ടിൽ നിധീഷ് ജോസഫ് എന്ന എൻജിനീയർ കുടുംബജീവിതത്തിലേക്കു കൈപിടിച്ചു വരവേറ്റു.

വിവാഹച്ചടങ്ങ് സരസുവിന്റെയും സഹോദരങ്ങളുടെയും ജീവിതത്തിനു സാക്ഷികളായ ഒട്ടേറെ സുമനസ്സുകളുടെ സംഗമവേദി കൂടിയായി. കലയപുരം സബ് റജിസ്ട്രാർ ഓഫിസിൽ രാവിലെ 11.30ന് നടന്ന വിവാഹ റജിസ്ട്രേഷനു ശേഷം സങ്കേതത്തിൽ നടന്ന  ചടങ്ങിൽ പങ്കെടുക്കാനും ആശംസകൾ നേരാനും  ഒട്ടെറെപ്പേരെത്തി.

അഞ്ചാം വയസ്സിൽത്തന്നെ പോറ്റമ്മയായി സരസു വളർത്തിയ ഇരട്ട സഹോദരങ്ങൾ സുരേഷും സുമേഷും ചടങ്ങിന്റെ ഭാഗമായി. കലയപുരം ആശ്രയ സങ്കേതം കാരണവർ‍ കലയപുരം ജോസും ഭാര്യ മിനിയും സന്തോഷാശ്രുക്കളോടെ കാർമികത്വം വഹിച്ചു. 

തലയിൽ ഒരു ബക്കറ്റു വെള്ളവും ചുമന്ന് ഒരു സഹോദരനെ ഒക്കത്ത് ഇരുത്തി മറ്റേ സഹോദരനെ ചേർത്തു പിടിച്ചു നടന്നു പോകുന്ന 5 വയസ്സുകാരി സരസുവിന്റെ ചിത്രം വാർത്ത സഹിതം 22 വർഷം മുൻപ് കണ്ണൂർ ആലക്കോട് നിന്നു മലയാള മനോരമ പ്രസിദ്ധീകരിച്ചിരുന്നു.

അമ്മ മരിച്ചതിനെ തുടർന്ന് ഇളയ സഹോദരങ്ങളുടെ സംരക്ഷണം ഏറ്റെടുത്ത് തെരുവോരത്ത് പട്ടിണിയുമായി കഴിഞ്ഞ സരസുവിനെ ആശ്രയ ഏറ്റെടുക്കുകയായിരുന്നു.  ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ആശ്രയയിൽ വിവാഹച്ചടങ്ങുകൾ ആരംഭിച്ചത്.

മലയാള മനോരമ കൊല്ലം ചീഫ് ന്യൂസ് എഡിറ്റർ ബി.അജയകുമാർ വധൂവരൻമാർക്കു വരണമാല്യം കൈമാറി.  സരസുവിന്റെ സഹോദരങ്ങളായ സുരേഷിനും സുമേഷിനും 5 സെന്റ് ഭൂമി വീതം കലയപുരം ജോസ് വാഗ്ദാനം ചെയ്തു. ഇരുവർക്കും വീട് നിർമിക്കാൻ സന്നദ്ധതയറിയിച്ച് പ്രവാസികളും എത്തി.

ആശ്രയ കുടുംബത്തിൽ അടുത്തിടെ നടക്കുന്ന മൂന്നാമത്തെ വിവാഹമാണിത്. ആദ്യമായി ആശ്രയയിലേക്കു എത്തിയ പെൺകുഞ്ഞ് സരസുവായിരുന്നു. എംഎസ്ഡബ്ല്യുഡി പാസായി സിവിൽ സർവീസ് നേടാനുള്ള കഠിന പ്രയത്നത്തിലാണ് സരസു എന്ന ഇരുപത്തേഴുകാരി‌.  വൈകിട്ട് മൂന്നരയോടെ സരസുവും നിധീഷ് ജോസഫും  കണ്ണൂരിലേക്ക് യാത്രയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com