ADVERTISEMENT

ചാത്തന്നൂർ ∙ കെഎസ്ആർടിസിയിൽ നിന്നു വിരമിച്ചവർ പെൻഷൻ ഇല്ലാതെ വലയുന്നു.  3 മാസമായി പെൻഷൻ മുടങ്ങിയതോടെ ഭൂരിഭാഗം പേരുടെയും ജീവിതം കടുത്ത പ്രതിസന്ധിയിലാണ്. സംസ്ഥാനത്ത് കെഎസ്ആർടിസിയിൽ നിന്നു വിരമിച്ച നാൽപത്തി അയ്യായിരത്തോളം പേരാണു വലയുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന നവകേരള സദസ്സിൽ ഒട്ടേറെ പരാതികൾ നൽകിയെങ്കിലും പെൻഷൻ കുടിശികയിൽ ചില്ലി കാശു പോലും ലഭിച്ചില്ലെന്ന് വിരമിച്ച ജീവനക്കാർ പറഞ്ഞു.

പെൻഷൻ പരിഷ്കരണം നടപ്പാക്കുക, കാലതാമസം ഇല്ലാതെ പെൻഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും നവകേരള സദസ്സിൽ പരാതി നൽകിയിരുന്നു. കെഎസ്ആർടിസി ധനവകുപ്പിനു പരാതി കൈമാറി, ബന്ധപ്പെട്ട ഡിടിഒയ്ക്കു കൈമാറി തുടങ്ങിയ മറുപടി മാത്രമാണ് ലഭിച്ചത്.

സാധാരണ നിലയിൽ മാസം ആദ്യം തന്നെ പെൻഷൻ ലഭിക്കുമായിരുന്നു. പിന്നീട് അത് ഓരോ മാസവും അവസാനമായി. ഇപ്പോൾ മൂന്നു മാസമായി പെൻഷൻ തുക കുടിശികയാണ്. മരുന്നു മേടിക്കാൻ പോലും പണം ഇല്ലാതെ വലയുകയാണ്. പട്ടിണിയുടെ വക്കിൽ ആയതോടെ ചിലർ കൂലിപ്പണിക്കും തുച്ഛ വേതനത്തിനു സ്കൂൾ ബസുകളിലും മറ്റും ക്ലീനർ ജോലി ചെയ്തു അതിജീവനത്തിനു ശ്രമിക്കുകയാണ്.

കെഎസ്ആർടിസിയിൽ ശമ്പള പരിഷ്കരണം നടപ്പാക്കിയപ്പോൾ പോലും പെൻഷൻ തുക പരിഷ്ക്കരിച്ചില്ല. സർവീസ് കുറവുള്ളവർക്കു വളരെ ചെറിയ തുകയാണ് ലഭിക്കുന്നത്. 2011ൽ ഉമ്മൻചാണ്ടി സർക്കാരാണ് അവസാനം പെൻഷൻ പരിഷ്കരണം നടപ്പാക്കിയത്.

ഇതിനു ശേഷം ആദ്യ പിണറായി സർക്കാർ കെഎസ്ആർടിസി ജീവനക്കാർക്കു ശമ്പള പരിഷ്കരണം നടപ്പാക്കിയപ്പോൾ പെൻഷൻകാരെ നിർദാക്ഷിണ്യം തഴഞ്ഞു. സംസ്ഥാനത്തിന്റെ ചരിത്രത്തിന്റെ ആദ്യമായാണ് ഇത്തരം നടപടി ഉണ്ടായതെന്നു പെൻഷൻകാർ ആരോപിച്ചു.

സാധാരണ നിലയിൽ ശമ്പള പരിഷ്കരണത്തിന് ഒപ്പം പെൻഷൻ പരിഷ്കരണവും നടപ്പാക്കുകയായിരുന്നു രീതി. ജീവിത ചെലവുകൾ വൻ തോതിൽ കുതിച്ചു കയറിയതിനാൽ തുച്ഛമായ പെൻഷൻ തുക ഉപയോഗിച്ചു മുന്നോട്ടു പോകാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്.

എം.വിജയൻ റിട്ട. ഡ്രൈവർ, കെഎസ്ആർടിസി, ചാത്തന്നൂർ

ഇടതുപക്ഷം വലിയൊരു പ്രതീക്ഷയായിരുന്നു. എന്നാൽ അതെല്ലാം അസ്തമിച്ചു.പെൻഷൻ പരിഷ്കരണം ഉൾപ്പെടെ നടപ്പാക്കുമെന്ന വലിയ പ്രതീക്ഷകളെല്ലാം നശിച്ചു. 2007ലാണ് കെഎസ്ആർടിസിയിൽ നിന്നു വിരമിച്ചത്. ഇതിനു ശേഷം ഹൃദയ സംബന്ധമായ അസുഖം ബാധിച്ചു. ജോലി ഉണ്ടായിരുന്നതിനാൽ ഒരു വിധ ചികിത്സാ ആനുകൂല്യവും ലഭിച്ചില്ല. സർവീസ് കുറവായതിനാൽ 3150രൂപയാണ് പെൻഷൻ ലഭിക്കുന്നത്. ആ തുക പോലും ലഭിക്കാത്തത് വലിയ കഷ്ടമാണ്.

രാജേന്ദ്രൻ റിട്ട. ഡ്രൈവർ കെഎസ്ആർടിസി, ചാത്തന്നൂർ.

ആകെയുള്ള ആശ്രയമാണ് പെൻഷൻ തുക. അതുപോലും കിട്ടുന്നില്ല. മാരക രോഗം ബാധിച്ച അതിന്റെ ചികിത്സയിലാണ്. ഭാര്യ കാൻസർ ബാധിച്ചു മരിച്ചു. മകനു വൃക്ക സംബന്ധമായ അസുഖമാണ്. ആഴ്ചയിൽ ഒന്നിലേറെ തവണ ഡയാലിസിസ് ചെയ്യണം. ആശുപത്രിയിൽ പോയി വരുന്നതിനു തന്നെ വലിയ ചെലവാണ്. മരുമകളും മാരക രോഗത്തിന്റെ പിടിയിലാണ്. മരുന്നിനു തന്നെ വലിയ തുക വേണം. വീട്ടുകാര്യങ്ങൾ നടക്കണം. എന്ത് ചെയ്യണമെന്ന് അറിയില്ല.

ജി.കാർത്തികേയൻ, റിട്ട. ഇൻസ്പെക്ടർ, ചാത്തന്നൂർ.

2022ലാണ് കെഎസ്ആർടിസിയിൽ നിന്നും വിരമിച്ചത്. ഇതുവരെ ഗ്രാറ്റുവിറ്റി, ലീവ് സറണ്ടർ, കമ്യൂട്ടേഷൻ തുടങ്ങിയ ആനൂകൂല്യങ്ങൾ ലഭിച്ചില്ല. എന്നു ലഭിക്കുമെന്നും അറിയില്ല. വിരമിച്ചു 11 മാസം കഴിഞ്ഞപ്പോഴാണ് പെൻഷൻ ലഭിച്ചു തുടങ്ങിയത്. വാടക വീട്ടിലാണ് താമസം.  ആനൂകൂല്യങ്ങൾ ലഭിച്ചാൽ വീടിന്റെ മേൽക്കൂര ശരിയാക്കി അവിടെ താമസിക്കാം. ഡിപ്പോകളിൽ സ്റ്റാൾ ആരംഭിക്കുന്നതിനു ക്വട്ടേഷൻ വിളിച്ചിരുന്നു. വിരമിച്ച ആനൂകൂല്യങ്ങൾ ലഭിക്കാനുള്ളപ്പോഴും ഒരു മുൻഗണനയും ഞങ്ങൾക്ക് ഇല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com