ADVERTISEMENT

കൊല്ലം∙ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന, ദേശീയ ജനാധിപത്യ മുന്നണിയുടെ (എൻഡിഎ) കൊല്ലം ലോക്സഭാ മണ്ഡലത്തിലെ കേരള പദയാത്രയ്ക്ക് വൻ വരവേൽപ്. ചിന്നക്കടയിൽ നിന്ന് മാടൻനട വരെയായിരുന്നു പദയാത്ര. 2047ൽ ഇന്ത്യയൊരു വികസിത രാജ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകുന്ന ഉറപ്പിലാണു ജനങ്ങൾക്കു വിശ്വാസമെന്ന് പദയാത്ര ഉദ്ഘാടനം ചെയ്ത ബിജെപി ദേശീയ സെക്രട്ടറിയും വക്താവുമായ അനിൽ കെ.ആന്റണി പറഞ്ഞു. 

സ്വകാര്യ മൂലധനത്തെയും വിദേശാധിപത്യത്തെയും എതിർത്തവരാണ് ഇന്നു കേരളത്തിലേക്കു വിദേശസർവകലാശാലയെ ക്ഷണിക്കുന്നതെന്ന് ബിജെപി മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ പറഞ്ഞു. ചൈനക്കാർ പോലും എതിർത്ത ചൈനീസ് സാമ്പത്തിക മോഡൽ സംസ്ഥാനത്ത് എത്തിക്കുമെന്നാണ് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞത്. എല്ലാക്കാലവും സിപിഎമ്മിനൊപ്പം നിന്ന കയർ, കശുവണ്ടി മേഖലയെ സംസ്ഥാന ബജറ്റിൽ അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

ബിജെപി മേഖലാ പ്രസിഡന്റ് കെ.സോമൻ അധ്യക്ഷനായിരുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഫ. വി.ടി.രമ, ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, ജില്ലാ ജനറൽ സെക്രട്ടറി എസ്.പ്രശാന്ത്, സംസ്ഥാന സെക്രട്ടറി രാജീവ് പ്രസാദ്, ആർ. രാധാകൃഷ്ണൻ, എൻഡിഎ കക്ഷി നേതാക്കളായ അബ്ദുൽ സലാം, കെ.എസ്.ഗിരിജ, കെ.മുകേഷ്, എം.എൻ.ഗിരി, രാജീവ് രാജധാനി, ജി.ഗോപിനാഥ്, സി.റോയി, വിനോദ് ചാത്തന്നൂർ, വയ്ക്കൽ സോമൻ, ആർ.സുരേന്ദ്രൻ, ശശികലാ റാവു, ബി.ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ കക്ഷികളിൽ നിന്ന് ബിജെപിയിൽ എത്തിയവരെ അംഗത്വം നൽകി സ്വീകരിച്ചു. 

രണ്ടു കാര്യങ്ങളിൽ ഐസക് കുടുങ്ങും: കെ.സുരേന്ദ്രൻ 
കൊല്ലം ∙ മുൻ ധനമന്ത്രി തോമസ് ഐസക് രണ്ടു കാര്യങ്ങളിൽ കുടുങ്ങുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. രാജ്യത്തു കുറഞ്ഞ പലിശയ്ക്കു വായ്പ ലഭിക്കുമായിരുന്നിട്ടും കമ്മിഷൻ ഇടപാടിലൂടെ ഉയർന്ന പലിശയ്ക്കു കിഫ്ബി വഴി എടുത്തു. മസാല ബോണ്ട് എന്ന പേരിൽ പണം ഉൽപാദനപരമല്ലാത്ത കാര്യങ്ങൾക്കു വിനിയോഗിക്കുകയും ധൂർത്തടിക്കുകയും ചെയ്തു. തോമസ് ഐസക് കുടുങ്ങുമെന്നു കണ്ടാണു ബജറ്റിൽ മന്ത്രി കെ.എൻ.ബാലഗോപാൽ കിഫ്ബിയെക്കുറിച്ച് ഒന്നും പറയാതിരുന്നത്. 

പിണറായി വിജയന് അൽപമെങ്കിലും ആത്മാർഥത ഉണ്ടെങ്കിൽ ഡൽഹിയിൽ സമരത്തിനു പോകുന്നതിനു മുൻപ്, കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ കാര്യങ്ങൾക്കു മറുപടി പറയണം. സംസ്ഥാനത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചു എന്നാണു പ്രധാന ആരോപണം. വായ്പ എടുക്കുന്നതിനു മാനദണ്ഡങ്ങളുണ്ട്. പിണറായി വിജയൻ സർക്കാർ ആണു സാമ്പത്തിക തകർച്ചയ്ക്കു കാരണം. രാജ്യത്തിനു കേരളം ഭീഷണിയാവുന്ന രീതിയിലാണു സംസ്ഥാന സർക്കാരിന്റെ ധനകാര്യ മാനേജ്മെന്റ്. മന്ത്രി ബാലഗോപാൽ ഇതിനു ജനങ്ങളോടു മാപ്പ് പറയണം.

സംസ്ഥാനത്ത് ഒരു പദ്ധതിക്കും മോദി സർക്കാർ പണം കൊടുക്കാതിരുന്നിട്ടില്ല. പ്രതിപക്ഷ നേതാവിന് ധാർമികത ഉണ്ടെങ്കിൽ കേന്ദ്രം അവഗണിച്ചോ എന്നു പറയണം.  കേരളത്തിലെ ക്രമസമാധാനനില തകർന്നു. കേരള ഗവർണർ മാത്രമല്ല ആക്രമിക്കപ്പെടുന്നത്. ഗോവ ഗവർണറുടെ വാഹനവ്യൂഹത്തിലേക്കു സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകൻ വാഹനം ഇടിച്ചു കയറ്റി. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ അയാൾക്ക് 1,000 രൂപ മാത്രമാണു പിഴയിട്ടത്. ഇതു ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പിൽ കേരളത്തിലെ ജനങ്ങൾക്കു വിശ്വാസമുണ്ടെന്നും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ അതു പ്രതിഫലിക്കുമെന്നും കേരള യാത്രയ്ക്ക് നൽകിയ സ്വീകരണ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിൽ കെ.സുരേന്ദ്രൻ പറഞ്ഞു.മോദി സർക്കാർ കേരളത്തിനു നൽകിയതെല്ലാം തന്റെ സംഭാവനയെന്നു വരുത്തി തീർക്കാനാണ് എൻ.കെ.പ്രേമചന്ദ്രൻ എംപി ശ്രമിക്കുന്നത്. സംസ്ഥാനത്തിനു വേണ്ടി ഒന്നും ചെയ്യാൻ കഴിവില്ലാത്തവരാണ് കേരളത്തിൽ നിന്നുള്ള 20 എംപിമാരുമെന്നും സുരേന്ദ്രൻ പറഞ്ഞു.

സ്നേഹസംഗമം നടത്തി
കൊല്ലം ∙ എൻഡിഎ പദയാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന സ്നേഹ സംഗമത്തിൽ വിവിധ മത, സാംസ്കാരിക, സാമൂഹിക നേതാക്കൾ പങ്കെടുത്തു. കേരളത്തിലെ ജനങ്ങൾക്ക് മോദിയോടുള്ള വിശ്വാസം വലിയ  തോതിൽ വർധിക്കുന്നുവെന്ന് സുരേന്ദ്രൻ പറഞ്ഞു. 10 വർഷം മുൻപുള്ള ഇന്ത്യയിൽ നിന്നുണ്ടായ മാറ്റം  കൂടുതൽ മനസ്സിലാക്കിയിട്ടുള്ളത് പ്രവാസികളാണ്. ഇന്ത്യക്കാരെന്ന് പറയുമ്പോൾ അവർക്ക് വിദേശ രാജ്യങ്ങളിൽ കിട്ടുന്ന സ്വീകാര്യത വളരെ വലുതാണ്. ഇസ്‌ലാമിക രാജ്യങ്ങളിലും ഇത് കാണാൻ സാധിക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു. 

മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ, ദേശീയ കൗൺസിൽ അംഗം എം.എസ്.ശ്യാംകുമാർ,  ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, ദക്ഷിണമേഖല പ്രസിഡന്റ് കെ. സോമൻ, ജില്ലാ ജനറൽ സെക്രട്ടറി എസ്.പ്രശാന്ത്, പദയാത്രാ ചെയർമാൻ ആർ. രാധാകൃഷ്ണൻ, കോർപറേഷൻ കൗൺസിലർ ടി.ജി.ഗിരീഷ് തുടങ്ങിയവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com