തീരദേശ റോഡിലെ വാഹന യാത്ര ഓർമിപ്പിക്കല്ലേ പൊന്നേ!

Mail This Article
ഇരവിപുരം∙ കൊല്ലം മുണ്ടയ്ക്കൽ പാപനാശം മുതൽ താന്നി വരെ തീരദേശ റോഡിലൂടെയുള്ള വാഹന യാത്ര നടുവൊടിക്കും. നൂറുകണക്കിന് ചെറുതും വലുതുമായ കുഴികളാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. ഗതാഗതക്കുരുക്കില്ലാതെ ഇതു വഴി എളുപ്പം പോകാമെന്ന് ആഗ്രഹിച്ചാണ് പലരും തീരദേശ പാത തിരഞ്ഞെടുക്കുന്നത്. എന്നാൽ പൊട്ടിപൊളിഞ്ഞ് ഒട്ടും യാത്രാ യോഗ്യമല്ലാത്ത നിലയിലാണ് ഈ പാത. തീരദേശ റോഡിന്റെ ബീച്ച് മുതൽ ഇരവിപുരം കുരിശടി വരെ ഹാർബർ എൻജിനീയറിങും ഇരവിപുരം കുരിശടി മുതൽ താന്നിയിലേക്ക് പോകുന്ന റോഡ് പൊതുമരാമത്തും നിർമിച്ചതാണ്.
5 വർഷത്തിന് മുൻപ് പൊതുമരാമത്ത് നിർമിച്ച ഇരവിപുരം കുരിശടി മുതൽ താന്നിയിലേക്കു പോകുന്ന 2 കിലോമീറ്റർ പാതയിൽ ഇരുപതോളം കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. നാട്ടുകാരുടെ പരാതിയെ തുടർന്ന് 6 മാസം മുൻപ് പൊളിഞ്ഞ റോഡിൽ അറ്റകുറ്റപ്പണി നടത്തിയെങ്കിലും റോഡ് വീണ്ടും പൊളിഞ്ഞു. ഇരുചക്ര–മുച്ചക്ര വാഹനയാത്രക്കാരാണ് ഇതുവഴി യാത്ര ചെയ്യാൻ ഏറെ പാടുപെടുന്നത്. തീരദേശ റോഡിൽ ഇരവിപുരം പള്ളി മുതൽ ഗാർഫിൽ നഗർ, കാക്കത്തോപ്പ്, മുണ്ടയ്ക്കൽ പാപനാശം വരെ വാഹനങ്ങൾക്ക് കുറഞ്ഞ സ്പീഡിലെ പോകാൻ സാധിക്കു .
കാക്കത്തോപ്പ് ഭാഗത്ത് തീരദേശ റോഡിന്റെ പകുതിയും കടലെടുത്തു. ഒരു ബസ് കഷ്ടിച്ചാണ് ഇതുവഴി കടന്നു പോകുന്നത്. 6 സ്വകാര്യ ബസുകളും കളിയാക്കവിള മുതൽ കരുനാഗപ്പള്ളി വരെ സർവീസ് നടത്തുന്ന ഒരു കെഎസ്ആർടിസി ബസും ഈ പാതയിലൂടെയാണ് സർവീസ് നടത്തുന്നത്. കാക്കത്തോപ്പിലെ പുലിമുട്ടുകളുടെ നിർമാണത്തിനു ശേഷം തീരദേശ റോഡ് നിർമിക്കുമെന്നായിരുന്നു ഒരു വർഷം മുൻപ് നടത്തിയ തീരസദസിൽ മന്ത്രിയുടെ ഉറപ്പ്. എന്നാൽ ഉറപ്പ് എല്ലാം പാഴ്‌വാക്കായി.