ADVERTISEMENT

ആയൂർ ∙ സ്വന്തമായി ഭൂമി എന്ന സ്വപ്നം യാഥാർഥ്യമായി വർഷങ്ങൾ കഴിഞ്ഞിട്ടും ലഭിച്ച ഭൂമി ഏതാണെന്നു തിരിച്ചറിയാൻ കഴിയാതെ റവന്യു വകുപ്പിന്റെ വിവിധ ഓഫിസുകൾ കയറി ഇറങ്ങുകയാണ് ഇടമുളയ്ക്കൽ പഞ്ചായത്തിലെ 64 കുടുംബങ്ങൾ. ഏറെ പ്രതീക്ഷയോടെ പുനലൂരിൽ നടന്ന നവകേരള സദസ്സിലും പരാതി നൽകിയിട്ടും ഇതുവരെ നടപടി ഉണ്ടായില്ലെന്നും കുടുംബങ്ങൾ പറയുന്നു.

പട്ടയം ലഭിച്ചു 7 വർഷം കഴിഞ്ഞിട്ടും നീറായിക്കോട് വാർഡിലെ 64 കുടുംബങ്ങളാണ് തങ്ങൾക്കു ലഭിച്ച ഭൂമി ഏതാണെന്നു കണ്ടെത്താൻ കഴിയാതെ കാത്തിരിക്കുന്നത്. ലഭിച്ച ഭൂമി അളന്നു തിട്ടപ്പെടുത്തി നൽകണമെന്ന ആവശ്യവുമായി ഇവർ ഇനി മുട്ടാത്ത വാതിലുകളില്ല. ഓഫിസുകൾ കയറി ഇറങ്ങി മടുത്തതല്ലാതെ തുടർ നടപടികൾ ഉണ്ടാകുന്നില്ലെന്നും ഇവർ പറയുന്നു.

2016 ൽ യുഡിഎഫ് സർക്കാരിന്റെ അവസാന സമയത്താണ് ഇടമുളയ്ക്കൽ പഞ്ചായത്തിലെ നീറായിക്കോട് വാർഡിൽ‌ 3 സെന്റ് വീതം 2.25 ഏക്കറോളം സർക്കാർ ഭൂമി 64 കുടുംബങ്ങൾക്കായി നൽകിയത്. കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ 64 കുടംബങ്ങൾക്കും പട്ടയവും നൽകി. നല്‍കിയ ഭൂമിയിലേക്കു പ്രവേശിക്കുന്നതിനു വഴി ഇല്ലാത്തതും പ്രശ്നമാകുന്നത്. ഇതൊന്നും അറിയാതെയാണ് സാധാരണക്കാരായ 64 കുടുംബങ്ങൾ പട്ടയം വാങ്ങിയത്.

സർക്കാർ രേഖകളിൽ തങ്ങൾക്കു ഭൂമി ഉള്ളതിനാൽ ലൈഫ് മിഷൻ, മറ്റു പദ്ധതികൾ എന്നിവയിൽ അപേക്ഷ നൽകാൻ കഴിയാത്ത സ്ഥിതിയാണെന്നും പറയുന്നു. ഇപ്പോഴും വാടക വീടുകൾ, ബന്ധുവീടുകൾ എന്നിവിടങ്ങളിലാണ് കഴിയുന്നത്. പട്ടയം നൽകിയ ഭൂമി അളന്നു തിട്ടപ്പെടുത്തി നൽകുകയോ അല്ലെങ്കിൽ നൽകിയ പട്ടയം തിരികെ വാങ്ങുകയോ ചെയ്യണമെന്നാണു ഇവരുടെ ആവശ്യം. വഴിയില്ലാത്ത ഭൂമി ഇവർക്കു നൽകിയതാണ് പ്രശ്നങ്ങൾക്കു ഇടയാക്കിയതെന്നാണു അറിയുന്നത്.

ആയൂർ – ഓയൂർ റോഡിൽ നീറായിക്കോട് ഭാഗത്തു നിന്നു നൂറ് മീറ്ററോളം ഉള്ളിലായാണ് ഭൂമിയുള്ളത്. ഭൂമിയിലേക്കു പോകുന്നതിനു നിലവിൽ വഴി ഇല്ലെന്നും ഇതിനോടു ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ ഭൂമി ഏറ്റെടുത്താൽ മാത്രമേ വഴി നല്‍കാൻ കഴിയുകയുള്ളൂ എന്നും റവന്യു വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഭൂമി അളന്നു തിട്ടപ്പെടുത്തി നൽകുന്നതിനുള്ള നടപടികൾ ഉണ്ടായില്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നു കേരള കോൺഗ്രസ് (എം) സംസ്ഥാന സമിതി അംഗം ആയൂർ ബിജു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com