ADVERTISEMENT

ചവറ∙ ഒരു കാലത്ത് ജില്ലയുടെ വ്യവസായ ശാലകളിൽ പ്രതാപിയായിരുന്ന ചവറ പ്രിമോ പൈപ്പ് ഫാക്ടറി ഇന്നും രേഖകളിൽ ‘സജീവം’ ഫാക്ടറി പ്രവർത്തനം അവസാനിപ്പിച്ചു വർഷങ്ങളായെങ്കിലും ഔദ്യോഗികമായി അടച്ചുപൂട്ടിയിട്ടില്ല. 

നീണ്ടകര–ശക്തികുളങ്ങര പ്രദേശങ്ങളിലെ ശുദ്ധജലക്ഷാമം പരിഹരിക്കാൻ ശാസ്താംകോട്ട ശുദ്ധജല തടാകത്തിൽ നിന്നും പൈപ്പ് ലൈൻ സ്ഥാപിക്കാൻ  ഇന്തോ–നോർവീജയിൻ പ്രോജക്ട് പ്രകാരമാണ് ചവറയിൽ 1958–ൽ ഫാക്ടറി സ്ഥാപിച്ചത്. പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ആണ് ഉദ്ഘാടനം ചെയ്തത്.

ആദ്യകാലത്ത് ശുദ്ധ ജലവിതരണത്തിനു മാത്രമുള്ള പൈപ്പാണ് നിർമിച്ചതെങ്കിൽ 1963 –ൽ വിവിധ വ്യാസത്തിലുള്ള ആർസിസി പൈപ്പുകളുടെ നിർമാണത്തിലേക്ക് കടന്നതോടെ പൈപ്പ് ഫാക്ടറി പൂർണതോതിൽ പ്രവർത്തനം തുടങ്ങി. ആദ്യകാലത്ത് മൂന്നു ഷിഫ്റ്റുകൾ വരെ ഉണ്ടായിരുന്നു. പബ്ലിക് ഹെൽത്ത് എൻജിനീയറിങ് ഡിപ്പാർട്മെന്റിനു കീഴിലായിരുന്നു അന്നു ഫാക്ടറി. പിന്നീട് ജലഅതോറിറ്റിയുടെ ചുമതലയിലേക്ക് മാറ്റി. 

ഉദ്യോഗസ്ഥരും തൊഴിലാളികളും ഉൾപ്പെടെ 300 പേർ ഉണ്ടായിരുന്നപ്പോഴാണ്  1998–ൽ ഫാക്ടറിയുടെ പ്രവർത്തനം പൂർണമായും അവസാനിപ്പിച്ചത്. ആദ്യ കാലങ്ങളിൽ സംസ്ഥാനത്തെ മുഴുവൻ ശുദ്ധജല വിതരണത്തിനും പ്രിമോ ഫാക്ടറിയിൽ നിന്നുള്ള പൈപ്പുകളാണ് ഉപയോഗിച്ചത്. തുടർന്ന് ശാസ്താംകോട്ടയിൽ നിന്നും കൊല്ലത്തേക്ക് ശുദ്ധജലം എത്തിക്കാൻ കാസ്റ്റ് അയൺ പൈപ്പ് ഉപയോഗിക്കുകയായിരുന്നു. അതോടൊപ്പം ഇവിടത്തെ സ്ഥാപനത്തിലെ ചിലർ സ്വകാര്യമായി കൊച്ചി അരിക്കുറ്റിയിൽ ആർസിസി പൈപ്പ് ഫാക്ടറി സ്ഥാപിച്ചു. പിന്നീട് സർക്കാർ ചവറ പ്രിമോപൈപ്പ് ഫാക്ടറിയുടെ ബ്രാഞ്ചായി കോഴിക്കോട് അത്തോളിയിൽ 18 തൊഴിലാളികളുമായി ഫാക്ടറി ആരംഭിച്ചതോടെ ചവറയിലെ ഫാക്ടറിയുടെ നാശം തുടങ്ങി. പിന്നീട് അവിടത്തെയും നിലച്ചു. 

ഇതിനിടെ കൊല്ലം ഹൈസ്കൂൾ ജംക്‌ഷനു സമീപം വാടക കെട്ടിടത്തിൽ ഓഫിസ് തുടങ്ങുകയും തൊഴിലാളികൾ സമരം ചെയ്തപ്പോൾ നിർത്തലാക്കുകയും ചെയ്തു. ലക്ഷങ്ങളാണ് അതുവഴിയും കമ്പനിക്ക് നഷ്ടമുണ്ടായത്.  ഫാക്ടറി നിന്ന സ്ഥലം യുഡിഎഫ് ഭരണകാലത്ത് കൺസ്ട്രക്‌ഷൻ അക്കാദമി സ്ഥാപിക്കാനായി വിട്ടു നൽകി. നിലവിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷൻ അക്കാദമി പ്രവർത്തിക്കുകയാണ്. 

ഇപ്പോഴും നീണ്ടകരയുടെ ചില പ്രദേശങ്ങളിൽ ഇപ്പോഴും ജലം എത്തുന്നത് പ്രിമോപൈപ്പ് പൈപ്പ് വഴിയാണെന്ന് നാട്ടുകാർ പറയുന്നു. 12 ഏക്കറായിരുന്നു ഫാക്ടറിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലം. ദേശീയജലപാതയ്ക്കും നാട്ടുകാർക്ക് വഴിക്കുമായി നൽകിയതോടെ  ഒൻപതേക്കറായി ചുരുങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com