ADVERTISEMENT

കൊല്ലം ∙ കായിക മേഖലയിൽ സ്വകാര്യ പങ്കാളിത്തത്തോടെ വിവിധ പദ്ധതികളുമായി ജില്ലാ സ്പോർട്സ് കൗൺസിൽ. കൊല്ലം, ചടയമംഗലം എന്നിവിടങ്ങളിലായി സ്പോർട്സ് ഹബ്ബുകൾ അടക്കമുള്ള പദ്ധതികളാണ് മുന്നോട്ടുവച്ചത്. കഴിഞ്ഞ മാസം തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടന്ന രാജ്യാന്തര കായിക ഉച്ചകോടിയിലാണ് ജില്ലയിലെ കായിക വികസനത്തിനായി വിവിധ പദ്ധതികൾ കൗൺസിൽ സമർപ്പിച്ചത്. സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികൾ വിമർശന വിധേയമാകുകയും ചെയ്തിട്ടുണ്ട്.  

കൊല്ലം 
ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം കേന്ദ്രീകരിച്ചാണ് നഗരത്തിലെ സ്പോർട്സ് ഹബ് ഒരുങ്ങുന്നത്. ഒളിംപ്യൻ സുരേഷ് ബാബു മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ വികസന പദ്ധതികളാണ് ഇവിടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. എസ്എൻ കോളജിന് സമീപം ഒരുങ്ങുന്ന ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. സിന്തറ്റിക് ട്രാക്കിന്റെ നിർമാണം പുനരാരംഭിച്ചിട്ടുണ്ട്.  8 ലൈൻ സിന്തറ്റിക് ട്രാക്കാണ് ഇവിടെ ഒരുങ്ങുന്നത്. 

ഇതിനു പുറമേ ഫുട്ബോൾ ഫീൽഡ്, ബാസ്കറ്റ് ബോൾ കോർട്ട്, വോളിബോൾ ഇൻഡോർ കോർട്ട് എന്നിവ സ്വകാര്യ– പൊതു പങ്കാളിത്തത്തോടെ ഒരുക്കാനാണ് പദ്ധതി. ശാസ്ത്രി സ്റ്റേഡിയത്തിന് സമീപം ബോക്സിങ് അരീന ഒരുക്കാൻ എംഎൽഎ ഫണ്ടിൽ നിന്നു 80 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഈ സൗകര്യങ്ങൾ യാഥാർഥ്യമാകുന്നതോടെ വലിയ മേളകൾ നടത്താൻ നഗരത്തിന് സാധിക്കും. 

ചടയമംഗലം 
ചടയമംഗലത്തെ കോട്ടുക്കലിലെ സ്ഥലത്താണ് സ്പോർട്സ് ഹബ് ഒരുക്കാൻ ലക്ഷ്യമിടുന്നത്. പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ അഡ്വാൻസ്ഡ് ട്രെയിനിങ് സെന്ററും നിർമിക്കും. സ്പോർട്സ് മാനേജ്മെന്റ് സെന്റർ, മെഡിസിൻ സെന്റർ, ആയുർവേദ സെന്റർ, റിസർച് സെന്റർ എന്നിവയും സർട്ടിഫൈഡ് കോഴ്സുകളും ഇവിടെ ആരംഭിക്കും. 

20 വർഷം മുൻപ് കേന്ദ്ര സർക്കാർ അനുവദിച്ച വനിതാ സ്പോർട്സ് അക്കാദമി ചടയമംഗലം മണ്ഡലത്തിലെ കോട്ടുക്കലിൽ തുടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. പിന്നീട് സ്ഥലം എംഎൽഎ മുല്ലക്കര രത്നാകരൻ മന്ത്രിയായിരുന്ന സമയത്തു‍ പ്രത്യേക ഉത്തരവ് പ്രകാരം കൃഷി ഫാമിന്റെ 25 ഏക്കർ സംസ്ഥാന സ്പോർട്സ് വകുപ്പിന് കൈമാറി.

എന്നാൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് യഥാസമയം സ്ഥലം കൈമാറാൻ കഴിയാത്തതിനാൽ വനിതാ സ്പോർട്സ് അക്കാദമി പദ്ധതി സായി ഉപേക്ഷിച്ചു. പിന്നീട് ഈ സ്ഥലത്ത് സ്പോർട്സ് അക്കാദമി തുടങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചെങ്കിലും നടന്നില്ല. സ്ഥലം ഏറ്റെടുത്ത് നിർദിഷ്ട സ്പോർട്സ് അക്കാദമി സ്ഥലം എന്ന് ബോർഡ് സ്ഥാപിക്കുക മാത്രമാണ് ചെയ്തത്. ഈ സ്ഥലമാണ് സ്പോർട്സ് ഹബ്ബാക്കി വികസിപ്പിക്കാൻ ലക്ഷ്യമിടുന്നത്. 

കായികം എല്ലാവർക്കും
കായിക മേഖലയുമായി ബന്ധപ്പെട്ട സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്പോർട്സ് ഫോർ ഓൾ എന്ന പേരിൽ വിവിധ പദ്ധതികളും സ്പോർട്സ് കൗൺസിൽ നടത്തും. കുണ്ടറ അലിൻഡിന്റെ സ്ഥലത്ത് ഫുട്ബോൾ ട്രെയിനിങ് സെന്റർ അതിലൊന്നാണ്. സ്കൂളുകളിലും ക്യാംപസുകളിലും ജോലി സ്ഥലങ്ങളിലും യോഗ ചെയ്യാൻ ആവശ്യമായ സംവിധാനം ഒരുക്കും. 

തീരദേശ മേഖലയിലെ കായിക താരങ്ങളെ വളർത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെ ബീച്ച് കായിക വികസന പദ്ധതി ആവിഷ്കരിക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലും വിവിധ പദ്ധതികൾ നടപ്പിലാക്കാനാണ് ശ്രമം. നെടുമ്പന പഞ്ചായത്തിൽ സ്വിമ്മിങ് പൂൾ നിർമിക്കാൻ ഇതിനോടകം സ്ഥലം ലഭ്യമാകുകയും ചെയ്തിട്ടുണ്ട്.

സിന്തറ്റിക് ട്രാക്കുകൾ നാലിടത്ത്
ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിന് പുറമേ കടയ്ക്കൽ, കല്ലുവാതുക്കൽ, ചവറ ഗവ. കോളജ്, പുനലൂർ നഗരസഭ എന്നീ ഇടങ്ങളിൽ 400 മീറ്റർ സിന്തറ്റിക് ട്രാക്ക് നിർമിക്കാനുള്ള പദ്ധതിയും സ്പോർട്സ് കൗൺസിൽ അവതരിപ്പിച്ചിട്ടുണ്ട്.

മറ്റു ചില ജില്ലകളിൽ മൂന്നും നാലും സിന്തറ്റിക് ട്രാക്കുകളായെങ്കിലും ജില്ലയിൽ ഇതുവരെ ഒരു സിന്തറ്റിക് ട്രാക്ക് പോലുമില്ലാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com