പുലിപ്പേടിയിൽ പകച്ച്...: തോട്ടം മേഖലയിൽ ജോലി ചെയ്യാൻ ഭയപ്പെടേണ്ട സ്ഥിതി

Mail This Article
പത്തനാപുരം∙ പകലും പുലിയിറങ്ങുന്നത് പതിവായതോടെ തോട്ടം മേഖലയിൽ ജോലി ചെയ്യാൻ ഭയപ്പെടേണ്ട സ്ഥിതി. കഴിഞ്ഞ ദിവസം രാവിലെ കറവൂർ കാരിക്കുഴി എട്ടേക്കർ തോട്ടം ഭാഗത്ത് പുലിയെ കണ്ടതാണ് ഒടുവിലത്തെ സംഭവം. കറവൂർ മനു ഭവനിൽ സതീഷ് ബാബുവും, ഭാര്യ സതീ ഭായിയും ടാപ്പിങ് ചെയ്തു കൊണ്ടിരിക്കെ സമീപത്തെ വീട്ടു മുറ്റത്തു നിന്നു പുലി നടന്നു പോകുന്നതാണ് കണ്ടത്. ബഹളം വച്ച് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും പുലി സമീപത്തെ കാട്ടിലേക്ക് കടന്നു. പുലിപ്പേടി കാരണം ജോലിക്കു പോകാൻ കഴിയാത്ത അവസ്ഥയാണെന്നു നാട്ടുകാർ പറയുന്നു.
കാരിക്കുഴിയിലെ പഞ്ചവടിത്തോട്ടം, എട്ടേക്കർ ഭാഗം, എന്നിവടിങ്ങളിൽ ജനവാസ കേന്ദ്രങ്ങളായിട്ടും പകൽ പുലിയിറങ്ങിയതാണ് നാട്ടുകാരെ ആശങ്കയിലാക്കുന്നത്. പുലിയെ കണ്ട കാര്യം വനം വകുപ്പിൽ അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരെത്തിയെങ്കിലും കാൽപാടുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. പുലിയുടെ സാന്നിധ്യം ഉള്ള മേഖലയാണെന്നും, കൂടുതൽ പട്രോളിങ് ഏർപ്പെടുത്തുമെന്നും റേഞ്ച് ഓഫിസർ എ.ബാബുരാജ് പ്രസാദ് പറഞ്ഞു. വീണ്ടും പുലിയെ കണ്ടാൽ കൂട് വയ്ക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാട്ടാന, മ്ലാവ്, കാട്ടു പന്നി എന്നിവയുടെ ആക്രമണത്തിൽ ദുരിതത്തിലായിരുന്ന മലയോര മേഖലയിൽ പുലി കൂടിയെത്തിയതോടെ ജനങ്ങൾ പൂർണമായും പരിഭ്രാന്തിയിലായി. കാട്ടു പന്നിയുടെയും കാട്ടാനയുടെയും ആക്രമണത്തിൽ പരുക്കേറ്റ് കഴിയുന്നവരുടെ എണ്ണം ദിവസവും വർധിക്കുകയാണ്. വന്യജീവികളുടെ ആക്രമണത്തിൽ മരിച്ചവരും മേഖലയിലുണ്ട്. ഇതിനൊപ്പമാണ് പുലിയും കൂടിയെത്തിയത്. ഇതുവരെയും മനുഷ്യരെ ആക്രമിക്കാൻ തുടങ്ങിയിട്ടില്ല. പുലിയും കൂടി ആക്രമിക്കുന്ന അവസ്ഥയിലേക്ക് എത്തിയാൽ മലയോര മേഖലയിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥയായിരിക്കുമെന്ന് നാട്ടുകാർ പറയുന്നു.