ബംഗാൾ മഹോത്സവത്തിന് പ്രൗഢഗംഭീര തുടക്കം
Mail This Article
കൊല്ലം ∙ മലയാള മനോരമയും ബംഗാൾ രാജ്ഭവനു കീഴിലുള്ള കലാക്രാന്തി മിഷനും ചേർന്നു സംഘടിപ്പിക്കുന്ന ബംഗാൾ മഹോത്സവത്തിന് ആശ്രാമം ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിൽ പ്രൗഢഗംഭീര തുടക്കം. ആശ്രാമം ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിൽ നടക്കുന്ന മഹോത്സവം ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് തിരി തെളിയിച്ചു ഉദ്ഘാടനം ചെയ്തു.
വാക്കും അർഥവും തമ്മിലുള്ള ബന്ധം പോലെയാണ് താനും കൊല്ലവും തമ്മിലുള്ള ബന്ധമെന്ന് ആനന്ദബോസ് പറഞ്ഞു. ‘വേർപിരിക്കാൻ ഒരിക്കലും സാധിക്കാത്ത ബന്ധമാണത്. ഞാൻ ചെയ്യുന്ന ജോലി നന്നായി പോകുന്നത് ഈ ജില്ലയിൽ നിന്നു കിട്ടിയ അറിവു കൊണ്ടും പാഠങ്ങൾ കൊണ്ടുമാണ്. എല്ലാവരെയും കേട്ടിട്ട് നല്ലൊരു തീരുമാനം എടുക്കാനും നയചാതുര്യത്തോടെ ഇടപെടാനും എല്ലാ കാര്യവും ആഴത്തിൽ പഠിക്കണമെന്ന് മനസ്സിലാക്കിയതുമെല്ലാം കൊല്ലത്തു കലകട്റായി സേവനം ചെയ്ത സമയത്താണ്.
കൊല്ലം ഉലക്ക കൊണ്ട് അടിക്കും, പിന്നെ മുറം കൊണ്ടു വീശും. തന്റെ ജീവിതത്തിന്റെ അവസാന കാലത്ത് അഷ്ടമുടിക്കായലിന്റെ തീരത്തു 3 സ്ഥലം വാങ്ങി താമസിക്കാനാണ് ആഗ്രഹിക്കുന്നത്. വരുന്ന കാലത്ത് ഓരോ രാജ്യവും ശക്തരാവാൻ പോകുന്നത് അവരുടെ സാംസ്കാരിക, കലാപരമായ കഴിവു മൂലം ആർജിക്കുന്ന സോഫ്റ്റ് പവർ മൂലമായിരിക്കുമെന്നും സി.വി.ആനന്ദബോസ് കൂട്ടിച്ചേർത്തു. മന്ത്രി ജെ.ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു.
മേയർ പ്രസന്ന ഏണസ്റ്റ്, എം.നൗഷാദ് എംഎൽഎ, കേന്ദ്ര സർക്കാരിനു കീഴിലുള്ള ഈസ്റ്റ് സോൺ കൾചറൽ സെന്റർ ഡയറക്ടർ ആശിഷ് ഗിരി, സൗത്ത് സോൺ ഡയറക്ടർ കെ.കെ.ഗോപാലകൃഷ്ണൻ, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ്, മലയാള മനോരമ മാർക്കറ്റിങ് വൈസ് പ്രസിഡന്റ് ജോയ് മാത്യു, കലാക്രാന്തി സെക്രട്ടറി ഡോ. വിന്ദുജ മേനോൻ എന്നിവർ പ്രസംഗിച്ചു.
ബംഗാൾ കരകൗശല ഉൽപന്നങ്ങളുടെ പ്രദർശനവും മനോഹരമായ കലാരൂപങ്ങളുടെ അവതരണവും കേരളത്തിന്റെ സാംസ്കാരികത്തനിമയും ഒത്തുചേരുന്ന മഹോത്സവം 16ന് സമാപിക്കും.
ആസ്വാദക ഹൃദയം കീഴടക്കി കലാപ്രകടനങ്ങൾക്കു തുടക്കം
വംഗ നാടിന്റെ സാമൂഹിക, സാംസ്കാരിക ചരിത്രത്തെ നൃത്തരൂപങ്ങളിലൂടെ അവതരിപ്പിച്ചു കലാസ്വാദക ഹൃദയം കീഴടക്കിയ കലാപ്രകടനങ്ങളോടെ ബംഗാൾ മഹോത്സവത്തിന്റെ കലാപരിപാടികൾക്ക് തുടക്കം.
ഇന്ത്യയുടെ സാംസ്കാരികവും ബൗദ്ധികവുമായ ഹൃദയഭൂമിയെന്ന് അറിയപ്പെടുന്ന ബംഗാളിന്റെ സാംസ്കാരിക സമ്പന്നത വിളിച്ചോതുന്നതായിരുന്നു നൃത്ത–സംഗീത പരിപാടി. ഗ്ലിംസസ് ഓഫ് വെസ്റ്റ് ബംഗാൾ, ഗ്ലിംസസ് ഓഫ് കേരള എന്ന പേരിൽ നടന്ന പരിപാടി ആസ്വദിക്കാൻ ഒട്ടേറെ കലാസ്വാദകരാണ് ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിലേക്ക് എത്തിച്ചേർന്നത്.
ബംഗാളിലെ അബന്തിപുർ ഓം ഫൗണ്ടേഷനിലെ കലാകാരൻമാരാണ് പരിപാടി അവതരിപ്പിച്ചത്. ബംഗാളിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രവും സാംസ്കാരികമായ സമ്പന്നതയും നൃത്ത, നാട്യ അവതരണങ്ങളിലൂടെ ബംഗാളി കലാകാരൻമാർ മനോഹരമായി അവതരിപ്പിച്ചു.
തുടർന്നു നടന്ന കെ.എസ്.പ്രസാദും സംഘവും നയിക്കുന്ന കൊച്ചിൻ ഗിന്നസിന്റെ കലാവിരുന്ന് മലയാളി കലകളുടെ സംഗമഭൂമിയായി മാറി. ഓട്ടൻതുള്ളൽ, കഥകളി, നാടൻപാട്ട്, തെയ്യം, കളരി, പടയണി, മോഹനിയാട്ടം, ശിങ്കാരിമേളം, മയൂരനൃത്തം തുടങ്ങിയ വിവിധ കലാരൂപങ്ങൾ കോർത്തിണക്കി അവതരിപ്പിച്ച കലാവിരുന്ന് കാണികളെ ആവേശം കൊള്ളിക്കുന്നതായിരുന്നു.
ഇന്ത്യയുടെ സാംസ്കാരിക കേന്ദ്രമായ ബംഗാളും വലിയ സാംസ്കാരിക പൈതൃകമുള്ള കേരളവും ഒരുമിക്കുന്ന ബംഗാൾ മഹോത്സവം സംസ്ഥാനത്ത് ആദ്യമായിട്ടാണ് സംഘടിപ്പിക്കുന്നത്.
ബംഗാൾ മഹോത്സവത്തിൽ ഇന്ന്
ഉച്ചയ്ക്ക് 3 മുതൽ പ്രദർശനം തുടങ്ങും. വൈകിട്ട് 7ന് ഗുണാകർ സാഹിസും ടീമും ചേർന്ന് അവതരിപ്പിക്കുന്ന ചൗ ഡാൻസ് . തുടർന്ന് രാഗിണി ആർ.പണിക്കർ അവതരിപ്പിക്കുന്ന കേരള നടനം. പ്രവേശനം സൗജന്യം.