വർണവിസ്മയം സൗരഭ്യസാഗരം: കൊല്ലം ഫ്ലവർ ഷോക്ക് തുടക്കം
Mail This Article
കൊല്ലം∙ കടലാസുപൂവും റോസും ഡാലിയയും മാറിഗോൽഡും സിലോഷിയയും പൂത്തുലഞ്ഞു അഴകുവിടർത്തി നിൽക്കുന്ന മനോഹര കാഴ്ചയുമായി കൊല്ലം ഫ്ലവർ ഷോ കടപ്പാക്കട സ്പോർട്സ് ക്ലബ് അങ്കണത്തിൽ തുടങ്ങി. ഡാലിയ, സീനിയ സിലോഷിയ, ജെർബിറ തുടങ്ങിയ മറുനാട്ടുകാർ, ഓർക്കിഡും ആന്തൂറിയവും അടക്കം ആയിരത്തിൽ പരം ചെടികൾ.
അകത്തളങ്ങളെ ആകർഷകമാക്കുന്ന 100ൽ പരം ഇൻഡോർ പ്ലാന്റുകൾ. ഇറക്കുമതി ചെയ്ത കടലാസുപൂവ്, ഒരു ചെടിയിൽ നാലിനം പൂക്കളുമായി ഗ്രാഫ്റ്റഡ് ബൊഗേൻവില്ല, ബോൺസായി മുളക്കൂട്ടങ്ങൾ, മണ്ണിൽ നട്ട ചെടികൾ, വായുവിൽ വളരുന്ന എയർ പ്ലാന്റ്സ്, പൂക്കളുമായി എത്തുന്ന സൈക്കിൾ റിക്ഷയിലും വള്ളവും ചേർന്ന ഉദ്യാനം... കണ്ടാൽ മതിവരാത്ത പൂക്കാഴ്ചയാണ് ഫ്ലവർ ഷോ ഒരുക്കുന്നത്.
മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.അപൂർവമായ പൂവോടു കൂടിയ ഓർക്കിഡ് ചെടി മേയർ പ്രസന്ന ഏണസ്റ്റിന് കൈമാറിയായിരുന്നു ഉദ്ഘാടനം. 7 ദിവസം നീണ്ടു നിൽക്കുന്ന വിധത്തിൽ മൃഗസംരക്ഷണ– ക്ഷീരവികസന വകുപ്പുകളുടെ പ്രദർശനം കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ നടത്തുമെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു.
ക്ലബ് പ്രസിഡന്റ് ജി.സത്യബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ.എസ്.ബാബു, കൗൺസിലർ ഹണി ബെഞ്ചമിൻ, ആർ.വിജയകുമാർ, ബി.രാജീവ്, പട്ടത്തുവിള വിനോദ്, റാഫി കാമ്പിശ്ശേരി, പ്രഫ.ശശികുമാർ, ഡി.ഷൈൻ ദേവ് എന്നിവർ പങ്കെടുത്തു. പുഷ്പോത്സവത്തിന്റെ ഭാഗമായി ഫുഡ് കോർട്ടും വിൽപന ശാലകളും ഉണ്ട്. ദിവസവും വൈകിട്ട് കലാപരിപാടികൾ നടക്കും. രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രവേശനം.