തിരിയാൻ കഴിയാതെ കുടുങ്ങി ട്രക്കുകൾ: പഞ്ചായത്ത് റോഡിന്റെ വീതി പോലും ഇല്ല
Mail This Article
തെന്മല ∙ സംസ്ഥാനാന്തര പാതയിലെ രണ്ടാം വളവിൽ തമിഴ്നാട്ടിൽ നിന്നെത്തുന്ന വലിയ ട്രക്കുകൾ തിരിയാൻ കഴിയാതെ കുടുങ്ങുന്നതു പതിവായി. ഇവിടുത്തെ ഗതാഗതക്കുരുക്കിൽ കെഎസ്ആർടിസി ബസുകളും മറ്റു യാത്രാ വാഹനങ്ങളും ഏറെ നേരം കിടക്കേണ്ട ഗതികേടിലും. 20 ടയറുകൾ വരെയുള്ള വലിയ ട്രക്കുകൾ വീതി കുറവായ കൊടുംവളവിലൂടെ കടത്തി വിടുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താത്തതാണു കാരണം.
തെന്മല പത്തേക്കർ വഴി പുനലൂരിലൂടെ പോകുന്ന വലിയ ട്രക്കുകൾ തിരക്കു കുറവായതിനാൽ കുളത്തൂപ്പുഴ പാതയെ ആശ്രയിക്കുന്നതാണു മറ്റു യാത്രാ വാഹനങ്ങൾക്കു പ്രതിസന്ധി. തെന്മല പത്തേക്കർ പാത തിരുമംഗലം ദേശീയപാതയുടെ ഭാഗമാണെങ്കിലും പഞ്ചായത്ത് റോഡിന്റെ വീതി പോലും ഇല്ല. വശങ്ങൾ തകർന്ന പാതയിൽ വലിയ വാഹനങ്ങൾക്ക് ഇരുദിശയിലും സുഗമമായി കടന്നു പോകാൻ കഴിയില്ല.
ഇതോടെ വലിയ ട്രക്കുകൾ പ്രതിസന്ധി മറികടക്കാൻ രണ്ടാം വളവിലൂടെ കടന്നുപോകുന്നതാണു പ്രശ്നം. ഇവിടെ വളവു തിരിയുമ്പോൾ നിയന്ത്രണം വിടുന്ന ചരക്കു ലോറികളും ഇതര വാഹനങ്ങളും അപകടത്തിൽപ്പെടുന്ന പതിവിന് ഇന്നും മാറ്റമില്ല. ഒന്നാം വളവിൽ കോൺക്രീറ്റ് സംരക്ഷണ ഭിത്തി പണിതു പ്രശ്നം പരിഹരിച്ചെങ്കിലും രണ്ടാം വളവ് ഉപേക്ഷിക്കപ്പെട്ടതാണു കാരണം.
രണ്ടാം വളവിൽ വലിയ ചരക്കു ലോറി തിരിയാൻ കഴിയാതെ വരുമ്പോൾ വശത്തു കൂടി മറ്റു ട്രക്കുകൾ കടന്നു പോകാൻ ശ്രമിക്കും. അങ്ങനെയാണു മിക്കപ്പോഴും ഗതാഗതം സ്തംഭിക്കുന്നത്. തെന്മല – പത്തേക്കർ, തെന്മല – തെന്മല ഡാം പാതകളിലെ ഗതാഗത പ്രതിസന്ധി പരിഹരിക്കാൻ ദേശീയപാത വിഭാഗവും മരാമത്ത് വിഭാഗവും നടപടിയെടുക്കുന്നില്ല.
ഇക്കോ ടൂറിസം മേഖലയിലൂടെ കടന്നുപോകുന്ന തെന്മല ഡാം പാതയോരത്തായാണു സഞ്ചാരികളുടെ വാഹന പാർക്കിങ്ങും. പദ്ധതി ഉദ്ഘാടനം ചെയ്ത് 23 വർഷം കഴിഞ്ഞിട്ടും വാഹന പാർക്കിങ്ങിനു സ്ഥിരം സംവിധാനം ഒരുക്കാൻ ഇക്കോ ടൂറിസം അധികൃതർക്കു കഴിഞ്ഞിട്ടില്ല.