ADVERTISEMENT

പത്തനാപുരം ∙ മകന്റെ പിറന്നാൾ‌ത്തലേന്നു കെഎസ്ആർടിസി കണ്ടക്ടറും ഭാര്യയും ജീവനൊടുക്കി; സാമ്പത്തിക പ്രതിസന്ധിയെന്നു പ്രാഥമിക നിഗമനം. പുനലൂർ ഡിപ്പോയിലെ കെഎസ്ആർടിസി കണ്ടക്ടർ വിളക്കുടി മീനംകോട് വീട്ടിൽ വിജേഷ് (42), ഭാര്യ രാജി (36) എന്നിവരാണു മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി ആവണീശ്വരത്തു വാനിനുമുന്നിൽ ചാടി ഗുരുതര പരുക്കേറ്റ രാജി മരിച്ചശേഷം ഇന്നലെ വൈകിട്ടാണു വിജേഷിനെ ആയിരവല്ലിപ്പാറയിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

വിജേഷിനും രാജിയുടെ അമ്മയ്ക്കും ഹൃദ്രോഗ ചികിത്സയ്ക്കായി വലിയ തുക ചെലവായിരുന്നു. ഇതിനുവേണ്ടി മൈക്രോ ഫിനാൻസ് യൂണിറ്റുകളിൽ നിന്നും പലിശക്കാരിൽനിന്നും വായ്പയെടുത്തതായും പറയുന്നു. സംഭവദിവസവും മൈക്രോഫിനാൻസ് വായ്പയുടെ തിരിച്ചടവിനായി തുക സ്വരൂപിക്കാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നു പൊലീസ് പറയുന്നു. 

കഴിഞ്ഞ ദിവസം പത്തനാപുരം വിളക്കുടി– മേലില പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള ആയിരവല്ലിപ്പാറയിലെത്തിയ ഇരുവരും ഒരുമിച്ചു ജീവനൊടുക്കാൻ ശ്രമിച്ചു. വിജേഷിന്റെ മരണം കണ്ടു പതറിയ രാജി ആവണീശ്വരത്തെത്തി വാനിനു മുന്നിൽ ചാടുകയായിരുന്നു.

പരുക്കേറ്റ നിലയിൽ പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.  മക്കൾ: അക്ഷയ്, അക്ഷര. ഇന്നലെയായിരുന്നു അക്ഷയ്‌യുടെ പത്താം പിറന്നാൾ. വിജേഷിന്റെയും ഭാര്യയുടെയും മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. 

ദമ്പതികളുടെ മരണം: അന്വേഷിക്കണമെന്ന് ബന്ധുക്കൾ
പത്തനാപുരം ∙ വിജേഷിന്റെയും ഭാര്യയുടെയും മരണത്തിൽ അന്വേഷണം വേണമെന്നു ബന്ധുക്കൾ ആവശ്യപ്പെട്ടു.  വിജേഷിന്റെ മൃതദേഹം കണ്ടെത്തിയ ആയിരവില്ലിപ്പാറയിൽ നിന്നു മൂന്നു കിലോമീറ്റർ അകലെയാണ് രാജി അപകടത്തിൽപ്പെട്ട ആവണീശ്വരം.

ഇത്രയും ദൂരം രാജി എങ്ങനെ എത്തിയെന്നും ബന്ധുക്കൾ സംശയിക്കുന്നു. സംഭവ ദിവസം രാജിയും വിജേഷും പണത്തിനു വേണ്ടി സമീപിച്ചവരെ ചോദ്യം ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.

വിജേഷിന്റെ മരണം കണ്ടു ഭയന്ന രാജി  വിളക്കുടി പഞ്ചായത്ത് ഓഫിസിനു മുന്നിലെത്തി ടിപ്പറിനു മുന്നിൽ ചാടാൻ ശ്രമിച്ചിരുന്നു.  അതുവഴിയെത്തിയ കെഎസ്ആർടിസി ഡ്രൈവറാണ് ഇവരെ പിന്തിരിപ്പിച്ചത്. പിന്നീടാണ് രാജി വാനിനു മുന്നിലേക്കു ചാടിയതെന്നു പറയുന്നു.

കേക്കുമായി കാത്തിരുന്നു, പക്ഷേ... 
വിജേഷ്–രാജി ദമ്പതികളുടെ മൂത്ത മകൻ അക്ഷയ്‌യുടെ പത്താം  ജന്മദിനം ആഘോഷിക്കുന്നതിനായി കേക്ക് വാങ്ങി വീട്ടിൽ വച്ച ശേഷമാണ് അച്ഛനും അമ്മയും പോയത്.  ഇന്നലെ രാവിലെ വരെ ഇരുവരും വരാതായതോടെ മാതാപിതാക്കളെ അന്വേഷിച്ച അക്ഷയ്, അച്ഛനും അമ്മയും വന്നിട്ടു കേക്ക് മുറിച്ചാൽ മതിയെന്നു നിർബന്ധം പിടിച്ചു. വൈകിട്ടോടെയാണ് ഇരുവരുടെയും മരണ വിവരം ബന്ധുക്കൾ മകനെ അറിയിക്കുന്നത്. 

ചേർത്തുപിടിക്കാം ജീവിതം
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സംഘർഷങ്ങളും ബുദ്ധിമുട്ടുകളും ഉള്ളപ്പോൾ ഈ നമ്പറുകളിൽ   വിദഗ്ധരുമായി സംസാരിക്കാം: 1056, 0471–2552056.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com