ADVERTISEMENT

കൊട്ടാരക്കര ∙ 21 വർഷങ്ങൾക്കു ശേഷം ആ അമ്മ സ്വന്തം മകളെ കൺനിറയെ കണ്ടു, കണ്ണീരോടെ ചേർത്തു പിടിച്ച് ആശ്ലേഷിച്ചു. മൂന്നാം വയസ്സിൽ അകന്നു പോയ അമ്മയെ വീണ്ടുകിട്ടിയ ആഹ്ലാദത്തിൽ മകളും ചേ‍ർന്നു നിന്നു. ആർദ്രമുഹൂർത്തത്തിന് വേദിയായതു കലയപുരം ആശ്രയയാണ്. ഏഴുവർഷം മുൻപാണു കൊല്ലം റെയിൽവേ സ്റ്റേഷനിൽ അവശനിലയിൽ കണ്ടെത്തിയ പ്രസന്നയെ റെയിൽവേ പൊലീസ് ആശ്രയയിൽ എത്തിച്ചത്. ഭർത്താവ് ഉപേക്ഷിച്ച പ്രസന്ന അമ്മയ്ക്കും ഭിന്നശേഷിക്കാരിയായ മകൾക്കുമൊപ്പമായിരുന്നു താമസം.

കൂലിവേലയ്ക്കുപോയി കുടുംബം പോറ്റിയിരുന്നതു പ്രസന്നയാണ്. പക്ഷേ അമ്മയുടെ മരണത്തോടെ മാനസികമായി തകർന്നു, തെരുവിലലഞ്ഞു. മകളെ കോട്ടയം തോട്ടയ്ക്കാടുള്ള ഒരു സ്ഥാപനത്തിലാക്കിയിരുന്നു. അവിടെ നിന്നു 2010 ൽ മൂവാറ്റുപുഴയ്ക്കടുത്തു വാഴക്കുളം പ്രൊവിഡൻസ് ഹോമിലേക്കും മാറ്റി.

ആശ്രയ സങ്കേതത്തിന്റെ പരിചരണത്തിൽ മാനസികനില വീണ്ടെടുത്ത പ്രസന്നയ്ക്ക് പിന്നീട് ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ; മകളെ ഒന്നു കാണുക. അതിനായി ആശ്രയയിലെ സാമൂഹികപ്രവർത്തകർ രംഗത്തിറങ്ങി, മകളെ കണ്ടെത്തി. വാഴക്കുളം പ്രൊവിഡൻസ് ഹോം മദർ സുപ്പീരിയർ സിസ്റ്റർ സിൽവിയുടെ നേതൃത്വത്തിൽ മകളെ കലയപുരം ആശ്രയ സങ്കേതത്തിൽ എത്തിച്ചു. അമ്മയ്ക്കൊപ്പം ഏറെ നേരെ സമയം ചെലവിട്ട ശേഷം അവൾ തിരികെ മടങ്ങി. മകളെ ഇനിയും കാണാമെന്ന ആഹ്ലാദത്തിലാണു പ്രസന്ന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com