അങ്കണവാടിക്കു സൗജന്യമായി സ്ഥലം നൽകി; ബാക്കി വസ്തുവിന് കരമടയ്ക്കാനാകാതെ ദമ്പതികൾ
Mail This Article
കൊല്ലം ∙ അങ്കണവാടിക്കു കെട്ടിടം നിർമിക്കാൻ 5 സെന്റ് സ്ഥലം സൗജന്യമായി നൽകിയ വയോധിക ദമ്പതികൾ പഞ്ചായത്തിന്റെ അനാസ്ഥ കാരണം ബാക്കി വസ്തുവിനു കരമടയ്ക്കാൻ കഴിയാതെ വലയുന്നു. പള്ളിമൺ എസ്എം ഹൗസിൽ പി.സുന്ദരേശനും ഭാര്യ മണിയുമാണ് 2018 ൽ നെടുമ്പന പഞ്ചായത്തിനു വസ്തു നൽകിയത്. ദമ്പതികളുടെ ഏക മകൻ പ്രതിരോധ സേനയിൽ ജോലി ചെയ്യവേ 24–ാമത്തെ വയസ്സിൽ അന്തരിച്ചു. ഇദ്ദേഹത്തിന്റെ ഓർമയ്ക്കായി ശിലാഫലകം അങ്കണവാടിയിൽ സ്ഥാപിക്കുകയും ചെയ്തിരുന്നു.
2019 ലാണ് അങ്കണവാടി കെട്ടിടം നിർമിച്ച് ഉദ്ഘാടനം നടത്തിയത്. എന്നാൽ വസ്തു പഞ്ചായത്ത് പോക്കുവരവ് ചെയ്യാത്തതിനാൽ ഇപ്പോൾ ബാക്കിയുള്ള സ്ഥലത്തിനു കരം അടയ്ക്കാൻ കഴിയുന്നില്ല. ലീഗൽ സർവീസ് അതോറിറ്റിയെ സമീപിച്ചെങ്കിലും അദാലത്ത് ദിവസം പഞ്ചായത്ത് സെക്രട്ടറി ഹാജരായില്ല. അങ്കണവാടിക്കു പുറമേ 20 സെന്റോളം വസ്തു മറ്റു പലർക്കും ദമ്പതികൾ സൗജന്യമായി നൽകിയിരുന്നു. ഇവരെല്ലാം പോക്കുവരവ് ചെയ്തു.
ബാക്കിയുള്ള 30 സെന്റ് വസ്തുവും ഇരുനില വീടും തങ്ങളുടെ കാലശേഷം പൊതു ആവശ്യങ്ങൾക്കു വിട്ടുനൽകാൻ സന്നദ്ധരാണെന്നും ദമ്പതികൾ പറയുന്നു. പഞ്ചായത്ത് ആവശ്യപ്പെട്ടാൽ അവർക്കും നൽകും. എന്നാൽ വസ്തു പോക്കുവരവ് ചെയ്യാതെ വയോധികരായ തങ്ങളെ വലയ്ക്കുകയാണെന്നു സുന്ദരേശനും മണിയും ആരോപിച്ചു.