ADVERTISEMENT

കൊല്ലം ∙ ഇന്ന്  നിർമാണോദ്ഘാടനം നടക്കുന്ന ജില്ലാ പഞ്ചായത്തിന്റെ നൂതന പദ്ധതിയായ സ്വപ്നക്കൂടിനെതിരെയും ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ട്. അതിദരിദ്ര വിഭാഗത്തിൽപെട്ട 75 കുടുംബങ്ങൾക്ക് ജില്ലാ പഞ്ചായത്ത്, ഭവന നിർമാണ ബോർഡുമായി ചേർന്ന് 9.6 ലക്ഷം രൂപവീതം ചെലവഴിച്ച് വീടു നിർമിച്ചു താക്കോൽ കൈമാറുന്ന പദ്ധതിയാണ് സ്വപ്നക്കൂട്. പദ്ധതിക്കു വേണ്ടി ഭവനനിർമാണ ബോർഡിന് ജില്ലാ പഞ്ചായത്ത് കൈമാറിയ 2.88 കോടി രൂപ ഓഡിറ്റ് വിഭാഗം തടസ്സപ്പെടുത്തിയിട്ടുണ്ട്. 

റിപ്പോർട്ടിൽ നിന്ന്:  
ലൈഫ് മിഷനുമായി  സംയോജിപ്പിച്ച്  നടത്തുന്നതിനാണ് പദ്ധതി ലക്ഷ്യമിട്ടിട്ടുള്ളത്. പട്ടിക വിഭാഗങ്ങളിൽപെട്ട കുടുംബങ്ങൾക്ക് ലൈഫ് പദ്ധതിപ്രകാരം അനുവദിക്കാവുന്ന പരമാവധി തുകയായ 6 ലക്ഷം രൂപ, അതിദരിദ്ര വിഭാഗങ്ങൾക്കും ജില്ലാ പഞ്ചായത്ത് നൽകുന്നു എന്നാണ് രേഖപ്പടുത്തിയിട്ടുള്ളത്. ഭവനനിർമാണത്തിന് 5.76 ലക്ഷം രൂപ ജില്ലാ പഞ്ചായത്തും 3.84 ലക്ഷം രൂപ ഭവന നിർമാണ ബോർഡും വഹിക്കുന്ന നിലയിലാണ്  കരാർ. അതിദരിദ്ര വിഭാഗത്തിൽ പെട്ടവർക്ക് ലൈഫ് ഭവന പദ്ധതി പ്രകാരം അനുവദിക്കുന്ന 4 ലക്ഷം രൂപ കൊണ്ട് നിർമാണം പൂർത്തീകരിക്കാൻ അസാധ്യമായതിനാലാണ്  ജില്ലാ പഞ്ചായത്ത് വിഹിതത്തോടൊപ്പം ഭവന നിർമാണ ബോർഡിന്റെ ധനസഹായം കൂടി ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കിയതെന്നാണ് ഇതു സംബന്ധിച്ച ചോദ്യത്തിന് ജില്ലാ പഞ്ചായത്ത് നൽകിയ മറുപടി.

അതിദരിദ്രർക്കുള്ള മൈക്രോ പ്ലാനുകൾക്ക് ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ വിഹിതം നൽകി ഗ്രാമപ്പഞ്ചായത്തുകൾ നടപ്പാക്കണമെന്നും മാർഗരേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്തുകൾക്ക് വിഹിതം നൽകി നടപ്പാക്കാം എന്നിരിക്കെ പദ്ധതി ഏറ്റെടുത്തതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. സബ്സിഡി മാർഗരേഖ പ്രകാരം പട്ടികവർഗ സങ്കേതങ്ങളിൽ താമസിക്കുന്നവർക്കു പട്ടികവർഗ വിഭാഗക്കാർക്ക് മാത്രമാണ് 6 ലക്ഷം രൂപയ്ക്ക് അർഹത. ഇതുസംബന്ധിച്ച എൻക്വയിറിക്ക് ജില്ലാ പഞ്ചായത്ത് നൽകിയ മറുപടി ഓഡിറ്റ് വിഭാഗം അംഗീകരിച്ചില്ല. സ്വന്തമായി ഭവനം നിർമിക്കാൻ കഴിയാത്തവർക്ക് വീടു നിർമിക്കാൻ ലാഭേച്ഛ ഇല്ലാത്ത സംഘടനകളെ ഏൽപിക്കാവുന്നതാണെന്നും അത്തരക്കാരെ ഏൽപിക്കുന്നതിന്റെ പൂർണ ചുമതല ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന് ആണെന്നും കുടുംബശ്രീ മുഖേന പരിശീലനം പൂർത്തിയാക്കിയ ഗ്രൂപ്പുകൾ ഉൾപ്പെടെയുള്ളവരെ ഏൽപിക്കാമെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഈ വ്യവസ്ഥകൾ ഒന്നും സ്വപ്നക്കൂട് പദ്ധതിയിൽ പാലിച്ചിട്ടില്ല. 

50 ഗുണഭോക്താക്കളുടെ പട്ടിക മാത്രമാണ് നൽകിയത്. ജില്ലാ പഞ്ചായത്തിനു പദ്ധതി നടപ്പാക്കാൻ അനുമതി ഇല്ലാത്തതിനാൽ ഭവന നിർമാണ ബോർഡിന് കൈമാറിയ 2.88 കോടി രൂപ തടസ്സപ്പെടുത്തി. ഈ തുക തിരികെ ഈടാക്കി അതത് പഞ്ചായത്തുകൾക്ക് ലൈഫ് പദ്ധതി മാർഗനിർദേശ പ്രകാരമുള്ള വിഹിതം നൽകി പദ്ധതി നടപ്പാക്കണമെന്നാണ് ഓഡിറ്റ് റിപ്പോർട്ട്. അധികമായി പിൻവലിച്ച 88 ലക്ഷം രൂപ സർക്കാരിലേക്ക് ഒടുക്കി രേഖ ഹാജരാക്കണം. 

ഫർണിച്ചർ വാങ്ങിയതിലും വഴിവിട്ടു
കുന്നത്തൂർ ഡിവിഷനിലെ ഗ്രന്ഥശാലകൾക്കു 7.59 ലക്ഷം രൂപയുടെ ഫർണിച്ചർ  റബ്കോയിൽ നിന്നു വാങ്ങിയതിന്റെ ഇൻവോയ്സ് മാത്രമാണ് പരിശോധനയ്ക്ക് ഹാജരാക്കിയത്. ലൈബ്രറികളെ തിരഞ്ഞെടുത്തതിന്റെയും ആവശ്യകത നിശ്ചയിച്ചതിന്റെയും രേഖകൾ, ലൈബ്രറികളുടെ റജിസ്ട്രേഷൻ രേഖകൾ, ഫർണിച്ചർ വിതരണം ചെയ്തതിന്റെ രേഖകൾ എന്നിവ പരിശോധനയ്ക്ക് ഹാജരാക്കിയില്ല.  ഇതു സംബന്ധിച്ച് നൽകിയ എൻക്വയറിക്ക്, നടപടിക്രമങ്ങൾ പാലിച്ച് ഫർണിച്ചർ വാങ്ങി സ്റ്റോക്കിൽ രേഖപ്പെടുത്തിയെന്നും ഇതോടൊപ്പമുള്ള പുസ്തകങ്ങൾ വാങ്ങാത്തതിനാൽ ഫർണിച്ചർ വിതരണം ചെയ്തില്ല എന്നുമാണ് മറുപടി. പുസ്തകം വാങ്ങുന്നതിനുള്ള നടപടികൾ തുടരുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം വാങ്ങിയ ഫർണിച്ചർ 2023–24 സാമ്പത്തിക വർഷത്തിന്റെ അവസാനം ആയെങ്കിലും വിതരണം ചെയ്യാത്തത് ശരിയായ നടപടിക്രമം അല്ല. ചെലവഴിച്ച് 7.59 ലക്ഷം രൂപ തടസ്സപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com