ADVERTISEMENT

ശൂരനാട് ∙ ഗിരിപുരം– കണ്ണമം– പാതിരിക്കൽ– അമ്മച്ചിമുക്ക്– കൂരിക്കുഴി റോഡിലൂടെ യാത്ര ചെയ്യുന്നവരുടെയും റോഡിനു സമീപത്തെ വീട്ടുകാരുടെയും വ്യാപാരികളുടെയും പ്രതിസന്ധിക്ക് പരിഹാരമില്ല. തകർന്ന റോഡിലൂടെ വാഹനങ്ങൾ പോകുമ്പോൾ ഉയരുന്ന പൊടിശല്യത്തിൽ വലയുകയാണ് ജനങ്ങൾ. പൊട്ടിപ്പൊളിഞ്ഞ റോ‍ഡ് ജലജീവൻ മിഷൻ പദ്ധതിയിൽ പൈപ്പിടാൻ കുഴിച്ചതോടെ ദുരിതം ഇരട്ടിയായി.

മഴയിൽ കുളമാകുന്ന റോഡിൽ യാത്രക്കാർ വീണു പരുക്കേറ്റതോടെ കുഴികളിൽ വാഴ നട്ടു ജനങ്ങൾ പ്രതിഷേധിച്ചിരുന്നു. വേനലായതോടെ മാസങ്ങളായി പൊടി തിന്നു ജീവിക്കുകയാണ് നാട്ടുകാർ. ഓട്ടോറിക്ഷ സർവീസുകളും ഇതുകാരണം പ്രതിസന്ധിയിലാണ്. കൊല്ലം–തേനി ദേശീയപാതയും കെസിടി ജംക്‌ഷൻ – മറ്റത്ത് മുക്ക് റോഡും മുറിച്ചു കടന്നാണ് പാത കടന്നു പോകുന്നത്.

വകുപ്പുകളുടെ അനുമതി ലഭിക്കാത്തതു കാരണം റോഡ് മുറിച്ച് പൈപ്പിടാൻ കഴിഞ്ഞില്ല. പൈപ്പിടീൽ എന്ന് പൂർത്തിയാകുമെന്ന് യാതൊരു ഉറപ്പുമില്ല. കൂരിക്കുഴി– ഗിരിപുരം– ചാത്താകുളം– പുളിന്തിട്ട– പുളിമൂട് ജംക്‌ഷൻ വരെയുള്ള റോഡ് നവീകരണത്തിനു കോടിക്കണക്കിനു രൂപയുടെ പദ്ധതികൾ ബജറ്റിലടക്കം പ്രഖ്യാപിച്ചെങ്കിലും ജലരേഖയായി.

രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള കിട മത്സരവും പദ്ധതിയെ ബാധിച്ചു. രാഷ്്ട്രീയ തീരുമാനം ഇല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് സർക്കാർ വകുപ്പുകളുടെ വിശദീകരണം.

ലഫ്.കേണൽ  സി.ആർ.എം.നായർ ,അമ്മച്ചി മുക്ക് സ്വദേശി 
റോഡ് സഞ്ചാരയോഗ്യമാക്കാൻ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസിൽ പരാതി നൽകിയപ്പോൾ ഉദ്യോഗസ്ഥ സംഘമെത്തി പരിശോധന നടത്തി മടങ്ങി. രാഷ്ട്രീയ തീരുമാനം ഉണ്ടായെങ്കിൽ മാത്രമേ എന്തെങ്കിലും നടക്കുകയുള്ളൂ.

അരുൺ ഗോവിന്ദ്,  കണ്ണമം സ്വദേശി 
പൊടിശല്യം കാരണം റോഡിന്റെ ഇരുവശത്തുമുള്ള ജനങ്ങൾ അലർജി ഉൾപ്പെടെയുള്ള അസുഖങ്ങളാൽ വലയുകയാണ്. വിദ്യാർഥികളുമായി പോകുന്ന വാഹനങ്ങൾക്കും നടന്നു പോകുന്നവർക്കും ഇത് വലിയ ബുദ്ധിമുട്ടായി. പ്രശ്നത്തിന് അടിയന്തര പരിഹാരം വേണം.

ഒ.തോമസ്, വ്യാപാരി കണ്ണമം 
റോഡ് ആധുനിക രീതിയിൽ നവീകരിക്കാൻ പലതവണ പ്രഖ്യാപനങ്ങൾ നടത്തി ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല. ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാൻ നടപടികൾ വേഗത്തിൽ ഉണ്ടാകണം.

പി.കെ.രാധ, അമ്മച്ചി മുക്ക് സ്വദേശി 
ആശുപത്രി, ഹൈസ്കൂൾ ഉൾപ്പെടെ എവിടെ പോകാനും ജനങ്ങൾ ആശ്രയിക്കുന്ന റോഡിനെ ശാസ്ത്രീയമായ രീതിയിൽ നവീകരിക്കണം. ഇതുവഴി പാവുമ്പയിൽ എത്താൻ കിലോമീറ്ററുകൾ ലാഭമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com