ഒഡീഷയിൽ ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കാൻ അമൃത വിശ്വവിദ്യാപീഠം

Mail This Article
കൊല്ലം ∙ ഒഡീഷ സർക്കാരുമായി സഹകരിച്ച് അമൃത വിശ്വവിദ്യാപീഠം ഒഡീഷയിലെ ഗജപതി ജില്ലയിൽ ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് അമൃത വിശ്വവിദ്യാപീഠത്തിലെ ഗവേഷകർ ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് കുമാർ ജെനയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തുകയും പദ്ധതി പ്രദേശം സന്ദർശിക്കുകയും ചെയ്തു. അമൃത വിശ്വവിദ്യാപീഠം പ്രൊവോസ്റ്റും അമൃത സെന്റർ ഫോർ വയർലെസ് നെറ്റ്‌വർക്സ് ആൻഡ് ആപ്ലിക്കേഷൻസ് ഡയറക്ടറുമായ ഡോ. മനീഷ വി.രമേഷ്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ഡയറക്ടർ ജനറലും അമൃത വിശ്വവിദ്യാപീഠം ഫാക്കൽറ്റിയുമായ ഡോ. സുധേഷ് കെ.വാധവാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൂടിക്കാഴ്ച നടത്തിയത്.
ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള സാധ്യതകൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മുൻകൂട്ടി കണ്ടെത്തുന്ന സംവിധാനമാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. സംവിധാനത്തിലൂടെ ഉരുൾപൊട്ടൽ മുന്നറിയിപ്പ് നേരത്തെ തന്നെ ലഭിക്കുമെന്നതിനാൽ ആളുകളെ മാറ്റിത്താമസിപ്പിക്കാൻ സാധിക്കും. ഈ സംവിധാനം ഇന്ന് കേരളത്തിൽ മൂന്നാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും സിക്കിം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലും വിജയകരമായി ഉപയോഗപ്പെടുത്തുന്നുണ്ട്. സംവിധാനം കൂടുതൽ സംസ്ഥാനങ്ങളിൽ സ്ഥാപിക്കുന്നതിനുള്ള നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചിട്ടുണ്ട്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയെപ്പറ്റിയുള്ള ഗവേഷണ മികവിന് രാജ്യാന്തര പ്രോഗ്രാം ഓൺ ലാൻഡ്സ്ലൈഡ്സ്, ക്യോട്ടോ ലാൻഡ്സ്ലൈഡ്സ് കൺസോർഷ്യത്തിന്റെ (ഐപിഎൽ-കെഎൽസി) വേൾഡ് സെന്റർ ഓഫ് എക്സലൻസ് പുരസ്‌കാരവും ദുരന്തസാധ്യതകൾ ഒഴിവാക്കാനുള്ള ക്രിയാത്മക ഇടപെടലിനുള്ള ഈ വർഷത്തെ അവേർട്ടഡ് ഡിസാസ്റ്റർ അവാർഡും അമൃത സെന്റർ ഫോർ വയർലെസ് നെറ്റ്‌വർക്സ് ആൻഡ് ആപ്ലിക്കേഷൻസിന് ലഭിച്ചിരുന്നു.