ADVERTISEMENT

കൊല്ലം∙ യുഎസിലെ കലിഫോർണിയയിലെ സാൻ മറ്റെയോയിൽ കൊല്ലം സ്വദേശികൾ മരിച്ച നിലയിൽ കണ്ട സംഭവത്തിലെ ദുരൂഹത നീങ്ങിയില്ല. പട്ടത്താനം വികാസ് നഗർ സ്നേഹയിൽ ആനന്ദ് സുജിത് ഹെൻറി (42) ഭാര്യ ആലീസ് പ്രിയങ്കയെ (40) വെടിവച്ചു കൊലപ്പെടുത്തി സ്വയം ജീവനൊടുക്കിയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇരട്ടക്കുട്ടികളായ നോഹ, നെയ്ഥൻ (4) എന്നിവരെ മരിച്ച നിലയിലും കണ്ടെത്തിയിരുന്നു. കുട്ടികളുടെ മരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇനിയും ലഭിച്ചിട്ടില്ല.

ക്രൂരമായ കൃത്യത്തിലേക്കു നയിച്ച കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘമെന്ന് സാൻ മറ്റെയോ പൊലീസ് പറഞ്ഞു. കുടുംബ വഴക്ക്, സാമ്പത്തിക പ്രതിസന്ധി എന്നീ സാധ്യതകളിലാണ് അന്വേഷണം പുരോഗമിക്കുന്നത്. 2016ൽ വിവാഹ മോചനത്തിന് അപേക്ഷിച്ചെങ്കിലും തുടർ നടപടികളിലേക്ക് ദമ്പതികൾ കടന്നിട്ടില്ലെന്നു പൊലീസ് പറയുന്നു. അതിനു ശേഷമാണ് ഇരട്ടക്കുട്ടികൾ ജനിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. മാതൃകാ ദമ്പതികളെപ്പോലെയാണ് ഇവർ പെരുമാറിയതെന്നാണ് സമീപവാസികൾ പൊലീസിനു നൽകിയ മൊഴി. 

2020ലാണ് കോടികൾ വിലയുള്ള വലിയ വീടു സ്വന്തമാക്കി ദമ്പതികൾ സാൻ മറ്റെയോയിലേക്ക് മാറിയത്. സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്ന ആനന്ദ് 8 വർഷത്തോളം ഗൂഗിളിലും ഒരു വർഷത്തോളം മെറ്റയിലും ജോലി ചെയ്തിരുന്നു. കഴിഞ്ഞ വർഷം ജൂണിലാണ് സ്വന്തം നിലയിൽ ലോജിറ്റ്സ് എന്ന പേരിൽ നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ് സ്ഥാപനം തുടങ്ങിയത്. അടുത്തിടെയായി സ്ഥാപനത്തിന്റെ വെബ്സൈറ്റ് പ്രവർത്തിക്കുന്നില്ല.

മരണം എപ്പോഴാണെന്നതാണ് പൊലീസ് അന്വേഷിക്കുന്ന മറ്റൊരു കാര്യം. ആലിസിന്റെ മരണത്തിനു ശേഷമാണോ, അതിനു മുൻപാണോ എന്നത് കുട്ടികളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകും. ഇതനുസരിച്ച് മരണത്തിലേക്കു നയിക്കാനുള്ള കാരണം വ്യക്തമാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. മരണവാർത്ത അറിഞ്ഞ് ആനന്ദിന്റെ രണ്ടു സഹോദരങ്ങൾ യുഎസിൽ എത്തിയിട്ടുണ്ട്. നാട്ടിലുള്ള ബന്ധുക്കളിൽ നിന്ന് മൊഴിയെടുക്കാൻ ഇന്ത്യൻ എംബസി മുഖേന യുഎസ് പൊലീസ് ശ്രമിക്കുന്നുണ്ട്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള സമ്മതപത്രം ബന്ധുക്കൾ നൽകിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com