ADVERTISEMENT

കൊല്ലം∙ ഇടുങ്ങിയ റോഡ് ഒപ്പം വളവും..... ശ്രദ്ധ തെറ്റിയാൽ അപകടം ഉറപ്പ്. ഇന്നലെ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് 2 വിദ്യാർഥികൾ മരിച്ച ആശ്രാമം മൈതാനം വ്യവസായ കുപ്പ് ഒ‍ാഫിസിന് സമീപത്തു നിന്നു ശങ്കേഴ്സ് ആശുപത്രി ജംക്‌ഷനിലേക്കു പോകുന്ന റോഡ് അപകടം പതിയിരിക്കുന്ന പ്രദേശമാണ്. ഇന്നലെ അപകടം ഉണ്ടായ സ്ഥലം ഉൾപ്പെടെ ഈ റോഡിൽ 3 കൊടുംവളവുകളാണുള്ളത്. സ്ഥിരം യാത്രക്കാർക്ക് മാത്രമേ റോഡിന്റെ അവസ്ഥ അറിയാൻ സാധിക്കൂ. അപകടം നടന്ന ഭാഗത്ത് മറയായി ചെറിയ ഇറക്കവും വളവിനോടു ചേർന്ന് ഒരു മരവുമുണ്ട്. എതിരെ വരുന്ന വാഹനങ്ങൾ തമ്മിൽ ഉരസാതിരിക്കാൻ വശങ്ങളിലേക്ക് മാറ്റാനുള്ള സൗകര്യവുമില്ല. വളവാണെന്ന് അറിയാനുള്ള ഒരു മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടില്ല.

കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് തെങ്കാശിയിലേക്കു പുറപ്പെട്ട ബസ് ചിന്നക്കട, ശങ്കേഴ്സ് ജംക്‌ഷൻ, കടപ്പാക്കട വഴി പോകുന്നതാണ് പ്രധാന അംഗീകൃത റൂട്ട്. എന്നാൽ പല ബസുകളും പല വഴികളിലൂടെയാണ് പോകുന്നത്. ചില ബസുകൾ ചിന്നക്കട ട്രാഫിക് സർക്കിളിലെ തിരക്കും ട്രാഫിക് സിഗ്നലിലെ സമയ നഷ്ടവും ഒഴിവാക്കാൻ ചിന്നക്കടയിലെത്തി എക്സൈസ് ഓഫിസ് വഴി ആശ്രാമത്തെത്തി തിരിഞ്ഞ് ശങ്കേഴ്സ് ജംക്‌ഷനിലേക്കു പോകും. മറ്റു ചിലവ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് നേരെ ലിങ്ക് റോഡ് വഴി ആശ്രാമത്തെത്തും. റൂട്ട് സംബന്ധിച്ച് കർശന നിയന്ത്രണം വേണമെന്ന ആവശ്യം ഇതോടെ ഉയർന്നിട്ടുണ്ട്. 

അപകടക്കെണിയായി സിഗ്നൽ കട്ടിങ്
കൊല്ലം ∙ ‘സ്വകാര്യ ബസുകളുടെ സിഗ്നൽ കട്ടിങ്’ അപകടക്കെണിയാകുന്നു. കടപ്പാക്കട ജംക്‌ഷനിലാണു ചിന്നക്കട, കുണ്ടറ ഭാഗങ്ങളിൽ നിന്ന് എത്തുന്ന സ്വകാര്യ ബസുകൾ സിഗ്നലിൽ കാത്തുനിൽക്കാതെ വെട്ടിച്ചു കടക്കുന്നത്. ചിന്നക്കടയിൽ‌ നിന്നു കുണ്ടറ ഭാഗത്തേക്കു പോകാനായി വരുന്ന ബസുകൾ കടപ്പാക്കടയിൽ റെഡ് സിഗ്നൽ ആണെങ്കിൽ‌ വാഹനം ഉടനെ ഇടത്തേക്കു തിരിച്ചു കടപ്പാക്കട സ്പോർട്സ് ക്ലബ്ബിനു സമീപം എത്തി വീണ്ടും വലത്തേക്കു തിരിച്ചു കടപ്പാക്കട ജംക്‌ഷനിൽ എത്തി കുണ്ടറ ഭാഗത്തേക്കു പോകും. എന്നാൽ, സ്പോർട്സ് ക്ലബ്ബിനു സമീപം വാഹനം ഒന്നിലേറെ തവണ മുന്നിലേക്കും പിന്നിലേക്കും എടുത്താൽ മാത്രമേ ബസ് തിരിയൂ. ഇത് വലിയ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നു നാട്ടുകാർ പറയുന്നു. കടപ്പാക്കട ജംക്‌ഷനു തൊട്ടു പിന്നിലുള്ള സ്റ്റോപ്പിൽ വാഹനം നിർത്താതെ സിഗ്നൽ കടന്നു മുന്നിലേക്കാണു നിർത്തുന്നത്.  ചെമ്മാൻമുക്ക് ഭാഗത്തു നിന്നു വരുന്ന മറ്റു വാഹനങ്ങൾക്കും യാത്രകാർക്കും ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ബസുകളുടെ ഇത്തരം രീതികൾ അവസാനിപ്പിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരണമെന്നാണു നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com