ADVERTISEMENT

കൊല്ലം∙ നഗരത്തിലെ സപ്ലൈകോയുടെ സൂപ്പർമാർക്കറ്റിൽ ഇന്നലെ സബ്സിഡി നിരക്കിലുള്ള നിത്യോപയോഗ സാധനങ്ങൾ വാങ്ങാനെത്തിയ മലയാള മനോരമ സംഘത്തിനു ലഭിച്ചത് 4 ഇനങ്ങൾ മാത്രം. സാധനങ്ങൾ അടുക്കി വച്ചിരുന്ന ഷെൽഫുകൾ ഒഴിഞ്ഞു കിടക്കുന്നു. എപ്പോഴും തിരക്കുണ്ടായിരുന്ന ഇവിടെ സാധനങ്ങൾ വാങ്ങാനെത്തുന്നവർ വളരെ ചുരുക്കം. ചെറുപയർ, തുവരപ്പരിപ്പ്, കടല എന്നിവ 500 ഗ്രാം വീതവും ഒരു ലീറ്റർ ശബരി വെളിച്ചെണ്ണയും ആണ്  ഇന്നലെ ലഭിച്ചത്. സബ്സിഡി ലഭിക്കുന്ന മറ്റു സാധനങ്ങളെക്കുറിച്ച് തിരക്കിയപ്പോൾ അവയൊന്നും ഇല്ലെന്നായിരുന്നു മറുപടി. 

സബ്സിഡി ഉണ്ടെന്ന് പറഞ്ഞു നൽകിയ സാധനങ്ങൾക്ക് വില വിവരപ്പട്ടികയിൽ ഉള്ളതിനെക്കാൾ വളരെ ഉയർന്ന വിലയാണ്. ഒരു കിലോ ശബരി വെളിച്ചെണ്ണയ്ക്ക് സബ്സിഡി വില 138 രൂപ എന്നാണ് വിവരപ്പട്ടികയിൽ. എന്നാൽ ജിഎസ്ടി ഉൾപ്പെടെ 147 രൂപയാണ് ബിൽ പ്രകാരം നൽകേണ്ടി വന്നത്. ചെറുപയർ 500 ഗ്രാമിന്  48 രൂപ (കിലോയ്ക്ക് 96രൂപ) ആണ് ഇപ്പോൾ സബ്സിഡി നിരക്ക്. വില വിവരപ്പട്ടികയിൽ  ഒരു കിലോയുടെ സബ്സിഡി നിരക്ക് 75 രൂപ മാത്രം. കിലോയ്ക്ക് 26 രൂപയുടെ വർധന. തുവരപ്പരിപ്പ് 500 ഗ്രാമിന് 57.50 രൂപയാണ് നൽകേണ്ടി വന്നത്. വില വിവരപ്പട്ടികയിൽ ഇത് കിലോയ്ക്ക് 65 രൂപ മാത്രം. ഇത് പ്രകാരം ഒരു കിലോ സബ്സിഡി തുവരപ്പരിപ്പിന് 50 രൂപ വർധിച്ചിട്ടുണ്ട്. കടല 500 ഗ്രാമിന് 22 രൂപ ആയിരുന്നു സബ്സിഡി നിരക്ക് എങ്കിൽ 38 രൂപയാണ് ഈടാക്കിയത്.

പഞ്ചസാര, മുളക്, മല്ലി, ജയ അരി തുടങ്ങിയ മറ്റ് സബ്സിഡി സാധനങ്ങൾ ഒന്നും സൂപ്പർ മാർക്കറ്റിൽ ലഭ്യമല്ല.  സാധനങ്ങൾ ഇല്ലാതായതോടെ വിൽപന ശാലകളുടെ ദൃശ്യങ്ങൾ പകർത്താൻ അനുവദിക്കരുതെന്നു കാണിച്ച്  സിഎംഡി ശ്രീറാം വെങ്കിട്ടരാമൻ കഴിഞ്ഞ ദിവസം സർക്കുലർ ഇറക്കിയിരുന്നു. ജീവനക്കാർ പ്രതികരിക്കരുതെന്നും നിർദേശിച്ചിരുന്നു. മിക്ക സൂപ്പർമാർക്കറ്റുകളിലും ഒഴിഞ്ഞു കിടക്കുന്ന ഷെൽഫുകൾ ആണ് കാണാനാവുക. സബ്സിഡി സാധനങ്ങൾ ഇല്ലാതായതോടെ സബ്സിഡി ഇതര സാധനങ്ങൾ വാങ്ങാനും ആരും എത്തുന്നില്ല. നേരത്തെ സബ്സിഡി സാധങ്ങളോടൊപ്പം മറ്റു സാധനങ്ങളും കാര്യമായി വിൽപന നടന്നിരുന്നു. വിൽപന ഇല്ലാതാകുന്നത് സപ്ലൈകോ വിൽപന ശാലകളുടെ നിലനിൽപ് പ്രതിസന്ധിയിലാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com