ചോദിക്കാതെ ഓൺലൈൻ വായ്പ; തുടർന്ന് ഇരട്ടിത്തുക ആവശ്യപ്പെട്ട് ഭീഷണി
Mail This Article
കൊല്ലം∙ ആവശ്യപ്പെടാതെ ഓൺ ലൈൻ വായ്പ നൽകിയശേഷം ഇരട്ടിത്തുക ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തൽ. വായ്പ ലഭിച്ച മുണ്ടയ്ക്കൽ വെസ്റ്റ് സ്വദേശിയായ സർക്കാർ ജീവനക്കാരൻ ആണ് ഭീഷണി നേരിടുന്നത്. യുവാവിന്റെ ചിത്രം മോർഫ് ചെയ്താണ് ഭീഷണിപ്പെടുത്തുന്നത്. കഴിഞ്ഞ 12ന് ആണ് യുവാവ് ആവശ്യപ്പെടാതെ വായ്പ അനുവദിച്ചത്. വായ്പയ്ക്ക് അർഹനാണ് എന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് അതു പരിശോധിക്കുക മാത്രമാണ് ചെയ്തത്. പിന്നാലെ 2160 രൂപ വീതം മൂന്നു തവണ യുവാവിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറി.
മണി ആപ് മുഖേനയാണ് വായ്പ നൽകിയത്. ഇതിനു ശേഷം 6 ദിവസത്തിനകം ഇരട്ടിത്തുക തിരിച്ചടയ്ക്കണം എന്നു കാണിച്ചു ഭീഷണി ലഭിച്ചു തുടങ്ങി. വായ്പാ തുക അക്കൗണ്ടിൽ വന്നയുടൻ തന്നെ പൊലീസിലും സൈബർ ക്രൈം സെല്ലിലും പരാതി നൽകിയിരുന്നു.പ്രതികരിക്കാതായതോടെ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ അയച്ചു ഭീഷണി തുടങ്ങി. ബിസിനസ് നമ്പറിൽ നിന്ന് വാട്സാപ്പിലാണ് ചിത്രങ്ങൾ അയയ്ക്കുന്നത്. അപരിചിതമായ നമ്പറിൽ നിന്നു ഇടയ്ക്കിടെ വിളിക്കുകയും ചെയ്യുന്നുണ്ട്. നമ്പർ ബ്ലോക്ക് ചെയ്യുമ്പോൾ മറ്റു നമ്പറുകളിൽ നിന്നു ഫോൺ വിളി എത്തുന്നുണ്ട്.