ADVERTISEMENT

കൊല്ലം ∙ കാഷ്യൂ കോർപറേഷൻ, കാപ്പെക്സ് ഫാക്ടറികളിൽ മുടക്കമില്ലാതെ തൊഴിൽ നൽകുന്നതിനായി 12000 ടൺ തോട്ടണ്ടി ഇ–ടെൻഡറിലൂടെ ക്ഷണിക്കാൻ കാഷ്യൂ ബോർഡ് തീരുമാനിച്ചു. കരാർ ഉറപ്പിച്ച 2000 ടൺ തോട്ടണ്ടി മാർച്ച് ആദ്യ വാരവും 5000 മെട്രിക് ടൺ തോട്ടണ്ടി ഏപ്രിൽ ആദ്യവും എത്തും. ഐവറി കോസ്റ്റിൽ തോട്ടണ്ടി സീസൺ ആരംഭിക്കുന്ന മുറയ്ക്ക് 5000 ടൺ തോട്ടണ്ടി കൂടി എടുക്കാൻ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.ടാൻസനിയയിൽ നിന്ന് 2000 ടൺ തോട്ടണ്ടിയും ഘാനയിൽ നിന്ന് 5000 മെട്രിക് ടണ്ണും ഐവറി കോസ്‌റ്റിൽ നിന്നു 5000 ടണ്ണുമാണ് ഇപ്പോൾ ക്ഷണിച്ചിരിക്കുന്നത്. ഇതിൽ ഘാന, ടാൻസനിയ എന്നിവിടങ്ങളിൽ നിന്നുള്ള കരാർ ഉറപ്പിച്ചിട്ടുണ്ട്.ലോകത്ത് ഒരു രാജ്യത്തും ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കശുവണ്ടി വിളവെടുപ്പ് സീസൺ അല്ല. ഈ മാസങ്ങൾ പൊതുവേ ഓഫ് സീസണായിട്ടാണ് അറിയപ്പെടുന്നത്.

ടെൻഡർ പലതവണ ക്ഷണിച്ചിട്ടും ആരും ടെൻഡറിൽ പങ്കെടുക്കാതിരുന്നതാണ് തോട്ടണ്ടി ലഭിക്കാതെ വന്നതിന്റെ കാരണം. 2023 പോലെ തന്നെ 2024 ലും തൊഴിലാളികൾക്ക് ഇഎസ്ഐയും മറ്റ് ആനുകൂല്യങ്ങളും ഉറപ്പാക്കി തുടർച്ചയായി തൊഴിൽ നൽകും.തൊഴിലാളികളുടെ ഒരു ആനുകൂല്യവും എൽഡിഎഫ് സർക്കാർ വന്നതിനുശേഷം കവർന്നെടുത്തിട്ടില്ല എന്ന് മാത്രമല്ല എല്ലാ ആനുകൂല്യങ്ങളും വർധിപ്പിച്ച് കൃത്യമായി നൽകിയിട്ടുമുണ്ട്. സ്വകാര്യ ഫാക്ടറികൾ തുറന്ന് പ്രവർത്തിപ്പിക്കാൻ തയാറായി വന്ന 87 വ്യവസായികൾക്ക് സർക്കാരിന്റെ ധനസഹായം ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്. സർക്കാരിന് ലഭിച്ചിട്ടുള്ള വിദഗ്ധ സമിതിയുടെ റിപ്പോർട്ട് വഴി വരും ദിവസങ്ങളിൽ പ്രഖ്യാപനങ്ങളുണ്ടാവുമ്പോൾ വലിയ ആശ്വാസം സ്വകാര്യ വ്യവസായികൾക്ക് ലഭിക്കുമെന്നും കാഷ്യൂ കോർപറേഷൻ ചെയർമാൻ എസ്.ജയമോഹനും കാപ്പെക്സ് ചെയർമാൻ എം.ശിവശങ്കരപ്പിള്ളയും അറിയിച്ചു.

കശുവണ്ടിത്തൊഴിലാളികൾക്ക് പുല്ലുവില: കൗൺസിൽ
കൊല്ലം ∙ കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധികൾക്കും ലക്ഷക്കണക്കിന് സ്ത്രീ തൊഴിലാളികൾക്കും വ്യവസായികൾക്കും കേന്ദ്ര-സംസ്ഥാന സർക്കാരും പ്രതിപക്ഷവും പുല്ലുവിലയാണ് നൽകുന്നതെന്ന് കാഷ്യു ഇൻഡസ്ട്രി പ്രൊട്ടക്‌ഷൻ കൗൺസിൽ. നവകേരള സദസ്സിൽ കശുവണ്ടി പരിപ്പ് കഴിച്ചു എന്നതല്ലാതെ വ്യവസായത്തിന്റെ പ്രതിസന്ധിയുടെ ശാശ്വത പരിഹാരത്തിന് യാതൊരു നടപടികളും കൈക്കൊണ്ടിട്ടില്ല. പ്രതിപക്ഷം നടത്തുന്ന സമരാഗ്നിയിലെങ്കിലും മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന വിധത്തിൽ ഇടപെടുമെന്നാണ് വിശ്വാസം. ഇതുവരെ 5 വ്യവസായികളുടെ ജീവനും ജീവിതവും നഷ്ടപ്പെട്ടിട്ടും പരിഹാരം കാണുന്നതിനോ ആത്മഹത്യ നടക്കാതിരിക്കുന്നതിനുള്ള മുൻകരുതലുകൾ എടുക്കാനോ സർക്കാരിന് സാധിച്ചിട്ടില്ല. പ്രതിപക്ഷവും ശക്തമായി  വിഷയത്തിൽ ഇടപെടുന്നില്ല. നിലവിലെ കേന്ദ്ര സംസ്ഥാന സർക്കാരിന്റെ തൊഴിലാളി ദ്രോഹ നിലപാടുകൾക്കെതിരെയും മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാനും പ്രതിപക്ഷം ഈ സമരം ഏറ്റെടുക്കണമെന്നും കൗൺസിൽ പ്രസിഡന്റ് കെ. രാജേഷ് ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com