ADVERTISEMENT

കൊട്ടാരക്കര ∙ പണം ഉണ്ടാക്കൽ മാത്രമാണു പിണറായി വിജയൻ സർക്കാരിലെ എല്ലാവരുടെയും ലക്ഷ്യമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. എക്സാലോജിക് എന്നൊരു കമ്പനിയുണ്ടാക്കി മകളെ അവിടെ ഇരുത്തി. മകനെ മറ്റൊരിടത്ത് ഇരുത്തി. ശേഷം പണം കൊയ്തു നടക്കുകയാണു പിണറായി വിജയൻ. സ്വന്തം മകൾക്കു ബിസിനസ് ചെയ്യാൻ ഭാര്യയുടെ പെൻഷൻ ആനുകൂല്യമാണ് ഉപയോഗിച്ചതെന്ന് പറയുന്നു.ബുദ്ധിയും നാണവും മാനവും അഭിമാനവും ഉണ്ടെങ്കിൽ ഇത്തരത്തിൽ പിണറായി വിജയൻ പറയുമോ എന്നു നാട്ടുകാർ ആലോചിക്കണം. മുഖ്യമന്ത്രി ഡോളറും സ്വർണവും കടത്തിയെന്ന് സ്വപ്ന സുരേഷ് പറഞ്ഞു.കടത്തി നൽകിയതു താനാണെന്നും അവർ വെളിപ്പെടുത്തി.

മുഖ്യമന്ത്രിയുടെ സെക്രട്ടറി ശിവശങ്കർ ഭവനപദ്ധതിയിൽ നിന്നു കോടികൾ അടിച്ചുമാറ്റി. പിന്നീട് ജയിലിലും ആയി. പിണറായി വിജയനറിയാതെ ഇതൊക്കെ നടക്കുമോ.ഒരു കേസിലും പിണറായി വിജയനെതിരെ കേന്ദ്രം കേസെടുക്കുന്നില്ല. ലാവ്‌ലിൻ കേസ് 38-ാം തവണയും മാറ്റി വച്ചു. കെ.സുരേന്ദ്രൻ പ്രതിയായ കേസിൽ പിണറായി വിജയൻ ഒരു നടപടിയും എടുത്തില്ല. ബിജെപി – എൽഡിഎഫ് സർക്കാരുകൾ പരസ്പരം സഹായിച്ചുകൊണ്ട് ജനങ്ങളെ പറ്റിക്കുകയാണ്.കൊള്ളക്കാരനായ മുഖ്യമന്ത്രി പിണറായി വിജയനെയും രാജ്യത്തു വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്ന നരേന്ദ്ര മോദിയെയും പുറത്താക്കി കോൺഗ്രസിനെ അധികാരത്തിലെത്തിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. 

‘കൊടിക്കുന്നിൽ കഠിനാധ്വാനം ചെയ്യുന്ന പൊതുപ്രവർത്തകൻ’
കൊട്ടാരക്കര ∙ കേരളത്തിൽ ഏറ്റവും അധികം കഠിനാധ്വാനം ചെയ്യുന്ന പൊതുപ്രവർത്തകൻ കൊടിക്കുന്നിൽ സുരേഷ് എംപിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇത്രയും അധികം പ്രവർത്തിക്കാൻ മറ്റൊരാൾക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സമരാഗ്നി വേദിയിൽ വച്ചാണ് കൊട്ടാരക്കരയിലെ സംഘാടകൻ കൂടിയായ കൊടിക്കുന്നിൽ സുരേഷിനെക്കുറിച്ച് സതീശൻ നല്ല വാക്കുകൾ പറ‍ഞ്ഞത്. കെ റെയിലിനെതിരെയുള്ള മഞ്ഞക്കല്ല് സമരത്തിന്റെ ആദ്യ സംഘാടകനും കൊടിക്കുന്നിൽ സുരേഷ് ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങ് ഉദ്ഘാടനം ചെയ്ത ശശി തരൂർ എംപിയും കൊടിക്കുന്നിൽ സുരേഷിനെ അനുമോദിച്ചു. ചടങ്ങിനിടെ ഇരുവരും പരസ്പരം ആശ്ലേഷിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com