ADVERTISEMENT

കൊല്ലം∙ ലഹരി സംഘങ്ങളുടെ വെല്ലുവിളികളിലും അക്രമങ്ങളിലും ഭയന്ന് നാട്. ലഹരി സംഘങ്ങളുടെ വലയിൽ സ്കൂൾ, കോളജ് വിദ്യാർഥികൾ ഉൾപ്പെടെയുളളവർ കണ്ണികളായതായി റിപ്പോർട്ടുണ്ട് . കഞ്ചാവും രാസ ലഹരിയും ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണവും വർധിച്ചത് നാട്ടുകാരെയും വീട്ടുകാരെയും ഭീതിയിലാക്കുന്നു. ലഹരി സംഘങ്ങളെ അമർച്ച ചെയ്യാൻ പൊലീസിന്റെയും എക്സൈസിന്റെയും ഇടപെടലുകൾ കാര്യമായി നടക്കുന്നില്ലെന്നും പരാതിയും ഉണ്ട്. ബീച്ച്, ആൾപ്പാർപ്പില്ലാത്ത വീടുകൾ എന്നിവിടങ്ങളിലാണ് ലഹരി സംഘങ്ങൾ തമ്പടിക്കുന്നത്. ലഹരി സംഘങ്ങളുടെ ശല്യം വർധിച്ചതോടെ മയ്യനാട്ട് 100 സ്ത്രീകൾ ഒപ്പിട്ട പരാതി കലക്ടർ, സിറ്റി പൊലീസ് കമ്മിഷണർ എന്നിവർക്കു നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.

വേദന സംഹാരിയായി ഉപയോഗിക്കുന്ന ഗുളികകൾ മുതൽ കഞ്ചാവ്, രാസലഹരി എന്നിവയുടെ വ്യാപാരം പകലും തകൃതിയാണെന്ന് പരാതിയുമുണ്ട്. മയ്യനാട് മുക്കം ബീച്ചിൽ കടലിനും കായലിനും മധ്യേയുളള പറമ്പുകളിൽ തകർന്നു കിടക്കുന്ന കെട്ടിടങ്ങൾ, പുലിമുട്ടുകൾ എന്നിവടങ്ങളിൽ ലഹരി സംഘങ്ങൾ തമ്പടിക്കുന്നു. മയ്യനാട് വലിയവിളയിലുള്ള സൂനാമി ഫ്ലാറ്റിന് സമീപത്തെ ആളൊഴിഞ്ഞ വീട് ലഹരി സംഘം താവളമാക്കിയതായി പ്രദേശ വാസികൾ പറയുന്നു. പലരും ലഹരി സംഘങ്ങളുടെ ഭീഷണി മൂലം വിവരം പുറത്തു പറയാത്ത സാഹചര്യമാണ്. മാസങ്ങൾക്ക് മുൻപ് ലഹരി സംഘം കൊല്ലത്ത് എക്സൈസ് സംഘത്തെ ആക്രമിച്ച സംഭവവും ഉണ്ടായി. 

2 ദിവസം മുൻപ് കഞ്ചാവ് കടത്തി കൊണ്ടു വന്ന വാഹനം കണ്ണനല്ലൂരിൽ എക്സൈസ് സംഘം പിന്തുടർന്ന് പിടികൂടി. വാഹനത്തിൽ നിന്ന് കഞ്ചാവ് പൊതികളും ലഹരി ഗുളികകളും കഞ്ചാവ് തെറുത്ത ബീഡികളും 5 മൊബൈൽ ഫോണുകളും പിടികൂടിയിരുന്നു.  വാഹനം ഒ‍ാടിച്ചിരുന്ന യുവാവിന്റെ വീട്ടിൽ പിന്നീട് നടത്തിയ പരിശോധനയിൽ കഞ്ചാവ് കണ്ടെത്തി. ലഹരി സംഘങ്ങൾ നടത്തുന്ന ആക്രമണങ്ങളും വർധിച്ചിട്ടുണ്ട്. സ്കൂളുകളിൽ ലഹരി സംഘങ്ങൾ പണം നൽകി കുട്ടികളെ ലഹരി വിൽപനയ്ക്ക് ഇടനിലക്കാരായി നിയോഗിച്ചിട്ടുണ്ട്. കുട്ടികളെ ഉപയോഗിച്ച് അക്രമം നടത്തുന്നതായും പരാതിയുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com