ബൈക്കിൽ യുവാവിന് ഒപ്പമെത്തിയ യുവതി കാണിക്ക വഞ്ചികൾ മോഷ്ടിച്ചു കടന്നു
Mail This Article
പുത്തൂർ ∙ പട്ടാപ്പകൽ യുവാവിനൊപ്പം ബൈക്കിൽ എത്തിയ യുവതി ക്ഷേത്ര വഞ്ചികൾ മോഷ്ടിച്ചു കടന്നു. മാവടി പുനരൂർകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ 3 വഞ്ചികളാണു കടത്തിയത്. പൂട്ടുപൊളിച്ചു പണം എടുത്ത ശേഷം വഞ്ചികൾ ഒരു കിലോമീറ്ററിനപ്പുറം റബർ തോട്ടത്തിൽ ഉപേക്ഷിക്കുകയും ചെയ്തു. കൊടിമരച്ചുവട്ടിലും 2 ഉപദേവാലയങ്ങളുടെ മുന്നിലിണ്ടായിരുന്ന കുടം ആകൃതിയിലുള്ള കവർന്നത്. ഇവ രാവിലെ പുറത്തെടുത്തു വയ്ക്കുകയും രാത്രി ക്ഷേത്രത്തിലെ സ്ട്രോങ് റൂമിൽ വച്ചു പൂട്ടുകയുമാണ് പതിവ്. പക്ഷേ തിങ്കൾ വൈകിട്ട് ക്ഷേത്രത്തിലെ കഴകം ജീവനക്കാരൻ എത്തിയപ്പോൾ വഞ്ചികൾ കാണാനില്ലായിരുന്നു.
വിവരം അറിഞ്ഞെത്തിയ ഭരണസമിതി അംഗങ്ങൾ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യുവതി നടത്തിയ മോഷണം ശ്രദ്ധയിൽപ്പെട്ടത്. പാന്റ്സും ടീഷർട്ടും മാസ്കും ധരിച്ച യുവതിയാണ് ദൃശ്യങ്ങളിലുള്ളത്. ഓരോ വഞ്ചികളും എടുത്തു ബാഗിനുള്ളിലാക്കി ബൈക്കിൽ കാത്തു നിന്ന യുവാവിന് ഒപ്പം മടങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം. 5,000 രൂപയോളം വഞ്ചികളിൽ ഉണ്ടായിരുന്നിരിക്കാം എന്നാണ് ഭരണസമിതിയുടെ കണക്കു കൂട്ടൽ. പത്തനംതിട്ട ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ സമാനമായ മോഷണം നടത്തി പിടിയിലായ ശേഷം അടുത്തിടെ ജയിൽ മോചിതരായ യുവാവിനെയും യുവതിയെയും കുറിച്ചുള്ള വിവരങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്.